സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 3500ഓളം അധ്യാപക തസ്തികകള്‍ വേണമെന്നിരിക്കെ ബജറ്റില്‍ പ്രഖ്യാപിച്ചത് 2500 തസ്തികകള്‍ മാത്രം. അതുതന്നെ 2017-18, 2018-19 വര്‍ഷങ്ങളിലായാണ് സൃഷ്ടിക്കപ്പെടുകയെന്നും ധനമന്ത്രി പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച പുതിയ സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമാണ് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടിയിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നിര്‍ദേശത്തിന് ധനവകുപ്പ് നേരത്തെ ഉടക്ക് വെച്ചിരുന്നു. ഇത് പ്രതിഫലിപ്പിക്കുന്ന പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി 2017-18 വര്‍ഷം പൂര്‍ത്തിയാവുമെന്നും ബജറ്റില്‍ പറയുന്നു. ഇതിനുശേഷം സ്‌കൂള്‍ ലബോറട്ടറികള്‍ നവീകരിക്കും. ക്ലാസ്മുറികള്‍, വ്യായാമസൗകര്യങ്ങള്‍, ഇക്കോ പാര്‍ക്കുകള്‍ എന്നിവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിന് വിശദമായ രൂപരേഖ തയാറാക്കും. ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബിയില്‍നിന്ന് 500 കോടി അനുവദിക്കും. ഒരു സ്‌കൂളിന് പരമാവധി മൂന്നുകോടി. ഇതോടൊപ്പം 200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകളടക്കം ഏഴ് പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനുള്ള രൂപരേഖ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും.സര്‍വകലാശാലകള്‍ക്ക് പദ്ധതി സഹായമായ 381.8 കോടി രൂപക്ക് പുറമെ 1298.8 കോടി പദ്ധതിയേതര സഹായവും ഉള്‍പ്പെടുത്തി 1680.8 കോടി രൂപ നല്‍കും. റൂസ നടത്തിപ്പിന് 207 കോടി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജില്ലാതല ക്വാളിറ്റി അഷ്വറന്‍സ് സര്‍ക്കിളുകള്‍ രൂപീകരിക്കും. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് 430 കോടി വകയിരുത്തി. എല്ലാ ജില്ലകളിലും ഈവര്‍ഷം നൈപുണി കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദ്യാഭ്യാസ വായ്പാ പ്രതിസന്ധി പരിഹരിക്കാന്‍ എജ്യുക്കേഷന്‍ ലോണ്‍ റീപേയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കും. നിഷ്‌ക്രിയ ആസ്തിയായി വായ്പ മാറിയ പാവപ്പെട്ടവരെ വായ്പാത്തുകയുടെ 60 ശതമാനം നല്‍കിക്കൊണ്ട് വായ്പാതിരിച്ചടവ് പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. മറ്റ് വിദ്യാഭ്യാസ വായ്പ തിരിച്ചടവുകാര്‍ കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുകയാണെങ്കില്‍ പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചര്‍ച്ച ചെയ്തായിരിക്കും പദ്ധതിക്ക് അന്തിമരൂപം നല്‍കുക. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 863 കോടിയുടെ പദ്ധതികളാണ് ബജറ്റില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എസ്.എസ്.എക്ക് തദ്ദേശസ്ഥാപന വിഹിതമടക്കമുള്ള മൊത്തം അടങ്കല്‍ 826 കോടിയാണ്. സ്‌കൂള്‍ ഉച്ചക്ഷണപദ്ധതിക്ക് 60 ശതമാനം കേന്ദ്രവിഹിതം അടക്കം 640 കോടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ്ങിന് 121 കോടിയുടെ വകയിരുത്തല്‍. 45 കോടി ചെലവില്‍ നിലവിലെ ഐ.ടി.ഐകള്‍ നവീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.