ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന് പ്രതിപക്ഷം. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചാണ് വോട്ടെടുപ്പ് തീരുന്ന മാര്‍ച്ച് എട്ടു വരെ ബജറ്റ് അവതരിപ്പിക്കുന്നത് തടയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ജെ.ഡി.യു, ആര്‍.ജെ. ഡി, ഡി.എം. കെ തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ സംഘത്തിലുണ്ടായിരുന്നു.

ജനുവരി 31നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. സാമ്പത്തിക സര്‍വേ അന്നുതന്നെ സഭയുടെ മേശപ്പുറത്തു വെക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. റെയില്‍വേക്ക് പ്രത്യേക ബജറ്റ് ഒഴിവാക്കിയ ശേഷമുള്ള ആദ്യ പൊതു ബജറ്റ് കൂടിയാണിത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനവിധിയെ സ്വാധീനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനകീയ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നും ഇത് പാര്‍ട്ടികളുടെ തുല്യാവസരം നഷ്ടപ്പെടുത്തുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചടങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം ബജറ്റ് അവതരണം മാറ്റിവെക്കില്ലെന്ന നിലപാടുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാ ബാധ്യതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നിശ്ചയിച്ച തിയതിക്കു തന്നെ ബജറ്റ് അവതരിപ്പിക്കും. അല്ലാത്ത പക്ഷം ഇതര സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പും സമാനമായ രീതിയില്‍ ബജറ്റ് അവതരണം നടന്നിട്ടുണ്ട്- ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായാല്‍ നീതിപൂര്‍വ്വകമായ തെരഞ്ഞെടുപ്പ് സാധ്യമാവില്ലെന്ന് കമ്മീഷനെ കണ്ട ശേഷം ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. 2012ലും യു.പി ഉള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതേ പ്രതിസന്ധി ഉയര്‍ന്നു വന്നിരുന്നു. വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് മാര്‍ച്ച് 12ലേക്ക് അന്ന് ബജറ്റ് സമ്മേളനം നീട്ടിവെക്കുകയായിരുന്നു. മാര്‍ച്ച് 14നാണ് ആ വര്‍ഷം ബജറ്റ് അവതരിപ്പിച്ചത്.