ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മത്സരം കാണാനെത്തിയ അര ലക്ഷത്തോളം ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമായാണ്  താരങ്ങള്‍, ആരാധകരെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, തിരികെ ഞങ്ങള്‍ക്ക് വിജയം തരൂ എന്ന മറുപടികള്‍ താരങ്ങളുടെ അഭിനന്ദന പോസ്റ്റിന് താഴെ ആരാധകര്‍ കുറിച്ചു.

ബുധനാഴ്ച്ച കൊല്‍ക്കത്തക്കെതിരായ മത്സരം കാണാന്‍ 54,900 പേരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയത്. ടീമിന്റെ വിജയം കാണാന്‍ ആഗ്രഹിച്ചെത്തിയ അരലക്ഷം കാണികളെ തീര്‍ത്തും നിരാശപ്പടുത്തുന്ന പ്രകടനമായിരുന്നു താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. സ്വന്തം ടീം കളത്തില്‍ ഒരു മികച്ച നീക്കം പോലും നടത്തുന്നത് കാണാനാവാതെ ഏറെ നിരാശരയാണ് ആരാധകരെല്ലാം ഗാലറി വിട്ടത്. ‘അതിശയിപ്പിക്കുന്ന കാണികൂട്ടത്തിന് മുന്നില്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്, അടുത്ത തവണ നിങ്ങള്‍ക്ക് ഞങ്ങള്‍ വിജയം സമ്മാനിക്കും’, സെനഗല്‍ മിഡ്ഫീല്‍ഡര്‍ ഓസിന്‍ എന്‍ദോയെ ട്വിറ്ററില്‍ കുറിച്ചു.

തുടരെ രണ്ടു മത്സരങ്ങളില്‍ തോറ്റിട്ടും സമ്പൂര്‍ണ പിന്തുണ ടീമിന് നല്‍കുന്ന ആരാധകരെ വേറൊരിടത്തും കാണാനാവില്ലെന്നാണ് ഹോസുവിന്റെ ട്വീറ്റ്. ഇന്ത്യയിലെ മികച്ച ഫാന്‍സ്, ഈ പിന്തുണ അത്ഭുതപ്പെടുത്തുന്നു, ഹോസു പറയുന്നു. കൊല്‍ക്കത്തെക്കെതിരായ മത്സരത്തില്‍ ഗോള്‍ വഴങ്ങിയത് നിര്‍ഭാഗ്യവശാലാണെന്ന് ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ആരാധകര്‍ക്കായി കുറിച്ചു. ടീമെന്ന നിലയില്‍ തങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ സകല കഴിവുകളും പ്രകടനവും ഉപയോഗപ്പെടുത്തി വരും മത്സരങ്ങളില്‍ വിജയം സമ്മാനിക്കുമെന്നും സ്റ്റാക്ക് പറഞ്ഞു.
ഹോം മാച്ചിലെ തോല്‍വിയെ കുറിച്ച് നിര്‍ഭാഗ്യകരം എന്ന് ട്വീറ്റ് ചെയ്ത സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മെയ്ന്‍ ആരാധകര്‍ക്ക് നന്ദി പറയാനും മറന്നില്ല. ഐ.എസ്.എലിലെ ഏറ്റവും മികച്ച ഫാന്‍സ് എന്ന വിശേഷണമാണ് മലയാളി താരം മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കുന്നത്. ചെന്നൈയിന്‍ എഫ്.സി ഉടമയായ അഭിഷേക് ബച്ചനും ബുധനാഴ്ച്ച നടന്ന മത്സരത്തിന്റെ ഹൈലൈറ്റ് കണ്ട ശേഷം ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ട്വിറ്ററില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. സുപ്പേര്‍ബ് എന്നാണ് ജൂനിയര്‍ ബച്ചന്‍ കേരളത്തിന്റെ ആരാധകരെ വിശേഷിപ്പിക്കുന്നത്. നേരത്തെ മത്സര ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ ടീം കോച്ച് സ്റ്റീവ് കോപ്പലും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു.
അതേസമയം നാളെ നടക്കുന്ന തുടര്‍ച്ചയായ രണ്ടാ ഹോം മത്സരത്തിനായി കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടീം പരിശീലിക്കുന്നത്. രാവിലെയും വൈകിട്ടുമായാണ് പരിശീലനം. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈയിനെ വന്‍ മാര്‍ജ്ജിനില്‍ തോല്‍പിച്ച ഡല്‍ഹി ഡൈനാമോസാണ് ഞായറാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇതുവരെ ടീമിന് ജയിക്കാനായില്ലെങ്കിലും നാളെയും കാണികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ സാധ്യതയില്ല. അവധി ദിവസമായതിനാല്‍ അരലക്ഷത്തോളം കാണികളെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മറുഭാഗത്ത്, ഘടനയില്‍ മാറ്റം വരുത്തി ആദ്യ സീസണിലേത് പോലെ ടീം ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ആദ്യ സീസണില്‍ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. നിര്‍ണായക മത്സരങ്ങളില്‍ ജയവും സമനിലയും നേടി ഫൈനല്‍ വരെ എത്തുകയും ചെയ്തു.