ഭോപ്പാലില്‍ സിമി പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ മൂന്നു പൊലീസുകാരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്കും സാരമായ സാരമായ പരിക്ക് ഉണ്ടായിരുന്നില്ലെന്നും ഇവരിലൊരാള്‍ പതിവായി ഓഫീസിലെത്തിയിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പരിക്കേറ്റ ഒരു പൊലീസുകാരന്‍ സ്വന്തം ബൈക്കിലാണ് ആസ്പത്രിയിലെക്ക് പോയതെന്ന് ഇവരിലൊരാളുടെ ബന്ധു പറഞ്ഞു.

പരിക്കേറ്റവരുടെ പേര് വ്യക്തമാക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ നിരന്തര ചോദ്യങ്ങള്‍ക്കൊടുവിലാണ് ഇവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഹെഡ് കോണ്‍സ്റ്റബിള്‍ നാരായണ്‍ സിങ്, ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് ഖാത്രി, മായങ്ക് സിങ് എന്നിവരാണ് പരിക്കേറ്റവര്‍.

ഇവര്‍ക്ക് വെട്ടേറ്റതുപോലുള്ള മുറിവുകളാണുള്ളതെന്ന് പൊലീസ് എസ്പി അരവിന്ദ് സക്‌സേന പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതരാവും വരെ ഇവരെ ബുദ്ധിമുട്ടിക്കില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നുപേരില്‍ നാരായണന്‍ സിങ് മുടങ്ങാതെ ഡ്യൂട്ടിയിലെത്തിയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. എന്നാല്‍ മറ്റു രണ്ട് പേര്‍ ഇതുവരെ ഡ്യൂട്ടിയില്‍ പ്രവേശിച്ചിട്ടില്ല.

ദിനേഷ് ഖാത്രിയുടെ വീട്ടിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞിരുന്നു. അദ്ദേഹം വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അന്വേഷണത്തില്‍ മായങ്ക് സിങിനെയും കണ്ടെത്താനായില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന പൊലീസ് നടപടി വിഷയത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.