തൃശൂര്‍: കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ ചികില്‍സിച്ച് ഭേദമാക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ പൊലിസ് പിടിയിലായി. തമിഴ്‌നാട് ഡിണ്ടിഗല്‍ ബാലകൃഷ്ണപുരം സ്വദേശി വിക്ടര്‍ ജോണ്‍ രഞ്ജിത്തിനെയാണ് പേരാമംഗലം പൊലിസ് പിടികൂടിയത്.
ചിറ്റിലപ്പിള്ളി സ്വദേശി ക്രിസ്‌റ്റോ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രോഗം മാറ്റിത്തരാമെന്നു പറഞ്ഞു പരാതിക്കാരനെ ഇയാള്‍ കൃത്രിമ മരുന്നുകള്‍ നല്‍കി പറ്റിച്ചിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്നു മനസിലായ പരാതിക്കാരന്‍ വീണ്ടും സേവനമാവശ്യമുണ്ടെന്ന് അറിയിച്ച് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ വ്യാജ ഡോക്ടറെ തടഞ്ഞുവെച്ച് പൊലിസിലേല്‍പ്പിക്കുകയും ചെയ്തു. വഞ്ചന, കൃത്രിമരേഖകള്‍ തയ്യാറാക്കല്‍, ആള്‍മാറാട്ടം, ഇന്ത്യന്‍ മെഡിക്കല്‍ ആക്റ്റ് എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തു. വ്യാജ ഡോക്ടര്‍ ചമഞ്ഞ് പനി മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ആയുര്‍വേദ ചികിത്സയിലൂടെ ഭേദമാക്കി തരാമെന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ജില്ലയില്‍ ഇതിനുമുന്‍പും നിരവധിപേരെ ഇത്തരത്തില്‍ ഇയാള്‍ വഞ്ചിട്ടുള്ളതായും പറയുന്നു. പേരാമംഗലം എസ്.ഐ പി ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.