കോഴിക്കോട്: ‘ഞാന്‍ മാവോയിസ്റ്റല്ല, ഒരു മാവോയിസ്റ്റിേനെയും അറിയുകയുമില്ല. പക്ഷെ പൊലീസ് ചോദിക്കുന്നത് ഞാന്‍ മാവോയിസ്റ്റുകളുടെ ഏത് ദളത്തിലാണെന്ന്..’ നദീര്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുക്കുകയും യുഎപിഎ അടക്കം ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് നിരപരാധിയെന്ന്‌ കണ്ട്യു് വെറുതെ വിടുകയും ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് ഹൃദയവേദനയോടെ സംഭവങ്ങള്‍ വിവരിച്ചത്.

ഇരിട്ടി ഡിവൈ.എസ്.പി ഓഫീസില്‍ പുലര്‍ച്ചെ രണ്ടുമണിവരെ ഐബി അടക്കമുള്ള സംഘങ്ങളാണ് തന്നെ ചോദ്യം ചെയ്തത്. അതില്‍ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് താന്‍ മാവോയിസ്റ്റുകളുടെ ഏത് ദളത്തിലായിരുന്നു എന്നതാണ്. പിന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോവാസുവടക്കമുള്ളവരുമായി എന്താണ് ബന്ധമെന്നും അവര്‍ ചോദിച്ചു. താന്‍ മാവേയിസ്റ്റല്ലെന്നും ഒരു മാവോയിസ്റ്റിനേയും അറിയില്ലെന്നും ആറളത്ത് ഇതുവരെ പോയിട്ടില്ലെന്നും പലതവണ പറഞ്ഞിട്ടും അവര്‍ ഈ ചോദ്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മാര്‍ച്ച് മൂന്നിന് ആറളം വിയറ്റ്‌നാം കോളനിയില്‍ മാവോയിസ്റ്റുകളായ സുന്ദരി, മൊയ്തീന്‍, കന്യാകുമാരി തുടങ്ങിയവര്‍ക്കൊപ്പം പോയി തോക്കു ചൂണ്ടി അരി ചോദിച്ചവരില്‍ താനുണ്ടായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ജീവിതത്തില്‍ ഇതുവരെ ആറളത്ത് ഞാന്‍ പോയിട്ടില്ല. മേല്‍ പറഞ്ഞവരെയൊന്നും അറിയുകയുമില്ല. ഈ പറഞ്ഞ സമയത്ത് ഞാന്‍ കോഴിക്കോട്ടുണ്ട്. അതിനുശേഷം വിദേശത്ത് ജോലിയിലായിരുന്നു. മൂന്നുതവണ എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു. അപ്പഴൊന്നും ഇല്ലാതിരുന്ന കേസ് ഇപ്പോഴെങ്ങനെയാണ് വന്നതെന്ന് അറിയില്ല. നദീര്‍ പറഞ്ഞു.