പ്യോങ്യാങ്: പസഫിക് സമുദ്രത്തില്‍ ആരംഭിക്കാനിരിക്കുന്ന സൈനിക നടപടികളുടെ ആദ്യ ചുവടുവെപ്പ് മാത്രമാണ് ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പ്രയോഗമെന്ന് ഉത്തരകൊറിയ. വരും ദിവസങ്ങളില്‍ കൂടുതല്‍ മിസൈല്‍ വിക്ഷേപണങ്ങളുണ്ടാകുമെന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം നല്‍കുന്ന സൂചന.
ജപ്പാനു മുകളിലൂടെ 550 കിലോമീറ്റര്‍ ഉയരത്തില്‍ 2700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ദക്ഷിണകൊറിയന്‍ സൈനിക മേധാവി പറയുന്നു. ഗുവാം ദ്വീപിലെ യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന ഭീഷണി ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ ആവര്‍ത്തിച്ചു.
ജപ്പാന്റെ വടക്കന്‍ ഹൊക്കായിദോ ദ്വീപിനു മുകളിലൂടെയാണ് മിസൈല്‍ കടന്നുപോയത്.
ദ്വീപ് നിവാസികള്‍ക്ക് അധികാരികള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കുള്ള പ്രത്യക്ഷ മറുപടിയാണ് മിസൈല്‍ പ്രയോഗമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. പസഫിക് സമുദ്രത്തില്‍ കൂടുതല്‍ ആയുധ പരീക്ഷണങ്ങള്‍ നടത്താനാണ് ഉത്തരകൊറിയന്‍ ഭരണകാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവ്. ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പ്രയോഗത്തില്‍ ഉന്‍ അങ്ങേയറ്റം സംതൃപ്തി പ്രകടിപ്പിച്ചു.
ഗുവാം ദ്വീപിലെ യു.എസ് താവളത്തെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ തുടര്‍ നടപടികളുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചുവെന്നാണ് സ്റ്റേറ്റ് മീഡിയ നല്‍കുന്ന വിവരം.