കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നതിനെതിരെ മുസ്‌ലിംലീഗ് റാലി ജനുവരി ആറിന് കോഴിക്കോട്ട് നടക്കും. മുസ്‌ലിം യുവാക്കളെ കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലിലടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ നിരപരാധികളന്ന നിലയില്‍ കോടതികള്‍ വിട്ടയക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ബി.ജെ.പിയുടെ കാര്‍മ്മികത്വത്തിലും പ്രോല്‍സാഹനത്തിലും നടക്കുന്ന ഈ മുസ്‌ലിം വേട്ട കേരളത്തിലും ആരംഭിച്ചത് ആശങ്കയുയര്‍ത്തുന്നതാണ്.

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ എന്ന കിരാതനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് പതിവായിരിക്കുകയാണ്. പ്രതിഷേധാര്‍ഹവും അപലപനീയവുമായ മനുഷ്യവേട്ടക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണ്. ഈ കിരാത നടപടിക്കെതിരെ മുസ്‌ലിംലീഗ് ജനജാഗരണത്തിനും നിയമനടപടികള്‍ക്കും നേതൃത്വം നല്‍കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ആദ്യഘട്ടമെന്ന നിലയ്ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന റാലി നടത്തും.

ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിന് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ഭാരവാഹികളായ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.ഐ തങ്ങള്‍, കെ കുട്ടി അഹമ്മദ്കുട്ടി, പി.എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ് ഹംസ, അഡ്വ.യു.എ ലത്തീഫ്, സി.പി ബാവ ഹാജി, അബ്ദുറഹിമാന്‍ കല്ലായി സംസാരിച്ചു.