ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന്‍ എം.ജി.ആറിനെപോലെതന്നെ തമിഴ്‌നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര്‍ പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില്‍ ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948 ഫെബ്രുവരി 24നായിരുന്നു ജയയുടെ ജനനം. ബ്രാഹ്മണാചാരപ്രകാരം രണ്ടുപേരുകള്‍ ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ജയലളിതക്ക്. കോമളവല്ലിയായിരുന്നു ആദ്യത്തെ പേര്. കുടുംബം താമസിച്ച ജയവിലാസ്, ലളിത വിലാസ് എന്നീ വീടുകളുടെ പേരുകളില്‍ നിന്നാണ് ജയലളിത എന്ന പേര് പിന്നീട് ഒന്നാം വയസ്സില്‍ സ്വീകരിക്കുന്നത്. പത്മവല്ലി എന്നൊരു ചെറിയമ്മയും . ഇവരോടൊപ്പമായിരുന്നു എട്ടുവര്‍ഷത്തോളം ജയ താമസിച്ചത്. ജയകുമാര്‍ എന്നൊരു സഹോദരനുണ്ടായിരുന്നു ജയക്ക്.

രണ്ടുവയസ്സുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടയുന്നത്. ഇതോടെ അമ്മ വേദവല്ലി ബാംഗ്ലൂരിലെ സ്വന്തം പിതാവിന്റെ നാടായ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എന്നാല്‍ പിതാവിന്റെ വീടായ മാണ്ഡ്യയില്‍ തന്നെയായിരുന്നു ജയയുടെ വാസം. 1958 വരെ ജയ അവിടെ തുടര്‍ന്നു. ജയയുടെ തമിഴ്‌നാട്ടിലേക്കുള്ള കുടിയേറ്റത്തിന് കാരണം ചെറിയമ്മ അംബുജവല്ലിയായിരുന്നു. അമ്മ വേദവല്ലിയുടെ അനുജത്തി മദ്രാസിലേക്ക് താമസം മാറ്റിയ കാലമായിരുന്നു 1950കള്‍.1948ല്‍ അംബുജവല്ലി മദ്രാസില്‍ എയര്‍ ഹോസ്റ്റസായി ജോലിക്ക് ചേര്‍ന്നു. കൂടെ നാടകാഭിനയവും . വിദ്യാവതി എന്ന പേരിലായിരുന്നു ഇത്. അടുത്ത വര്‍ഷം ജയയുടെ അമ്മയും ജയയുമായി മദ്രാസിലേക്ക് താമസം മാറ്റി. അംബുജവല്ലിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇത്. വേദവല്ലിയും തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങി. സന്ധ്യ എന്ന അപരനാമത്തിലായിരുന്നു ഇത്. പത്മവല്ലിയുടെ വിവാഹത്തോടെയായിരുന്നു 1958ല്‍ ജയ അമ്മയോടൊപ്പം ചെന്നൈയില്‍ താമസമാരംഭിച്ചത്.

അതേസമയം പതിനഞ്ചാം വയസ്സില്‍ തന്നെ കന്നഡ നാടകങ്ങളില്‍ ജയ അഭിനയം തുടങ്ങിയിരുന്നു. 1961ല്‍ ശ്രീശൈലമഹാത്മാ എന്ന പേരിലുള്ള കന്നഡ സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.ജി.ആറിനോടൊപ്പം 28 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് ജയ അഭിനയിച്ചത്. 1965ലാണ് ആദ്യമായി തമിഴ് സിനിമയില്‍ തലകാണിച്ചത്. സി.വി ശ്രീധറിന്റെ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മാത്രം ഒറ്റയടിക്ക് 11 ചിത്രങ്ങളിലാണ് ഈ താരോദയം അഭിനയം കാഴ്ച വെച്ചത്.

ജയലളിതയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ് സിനിമകളുടെ ടൈറ്റില്‍ പേരുകളില്‍ ജയയുടെ സാന്നിധ്യം നിറഞ്ഞു. അടിമൈപ്പെണ്‍, കണ്ണാ എന്‍ കാതലന്‍ തുടങ്ങിയ നായികാപ്രധാന്യമുള്ള ചിത്രങ്ങള്‍ ഉദാഹരണം. 125 സിനിമകളിലാണ് നായികാ റോളില്‍ അവര്‍ അഭിനയിച്ചത്. നിരവധി പുരാണകഥാസിനിമകളിലും ജയ അഭിനയിച്ചു. ആദിപരാശക്തി , കണ്ടന്‍ കരുണാള്‍, കന്നിതായ് തുടങ്ങിയവ ഉദാഹരണം. എം.ജി.ആര്‍ നായകനായ സിനിമയായിരുന്നു ഇതെന്നത് ജയയുടെ ജനപ്രിയത വിളിച്ചോതു്ന്നതായിരുന്നു. 1971ലാണ് ആദ്യമായി ജയക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. തങ്കഗോപുരം എന്ന ചിത്രത്തിനായിരുന്നു ഇത്.

തെന്നിന്ത്യന്‍ സിനിമാസിംഹം ശിവാജിയുടെ കൂടെയും അവര്‍ പല സിനിമകളിലും അഭിനയിച്ചു. ഏറ്റവും കൂടുതല്‍ കാലം ഓടിയ സിനിമകളിലെ പ്രധാനതാരവും ജയയായിരുന്നു. ഇവരുടെ 85 സിനിമകളാണ് 25 വര്‍ഷത്തിലധികം ഓടിയത്. തെലുങ്കിലും 25 ഓളം സിനിമകളില്‍ അവര്‍ നായികയായി അഭിനയിച്ചു.1965 മുതല്‍ 85 വരെ ജയയായിരുന്നു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നടി .