ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പണം പിന്‍വലിക്കാനെത്തിയ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബുലന്ദ്ഷഹര്‍ ശാഖക്കു മുന്നിലാണ് സംഘര്‍ഷമുണ്ടായത്.

വന്‍ ജനക്കൂട്ടമാണ് കാലത്തു മുതല്‍ ബാങ്കിനു മുന്നില്‍ പണം പിന്‍വലിക്കാനായി കാത്തുനിന്നിരുന്നത്. ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഏതാനും ആളുകളെ മാത്രമാണ് ബാങ്കിനുള്ളില്‍ കടക്കാന്‍ അനുവദിച്ചിരുന്നത്. ഇതിനിടെ ബാങ്കിനുള്ളിലേക്ക് തിരക്കികയറാന്‍ ശ്രമിച്ച ഒരു വനിതയെ സുരക്ഷാ ചുമതലയില്‍ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കം.

വനിതയോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിഞ്ഞു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ത്രീകളില്‍ ചിലര്‍ പൊലീസ് കോണ്‍സ്റ്റബിളിനെ ചെരിപ്പൂരി അടിക്കാന്‍ ശ്രമിക്കുന്നതും പൊലീസുകാരന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന തും ദൃശ്യങ്ങളിലുണ്ട്. ഇടക്ക് ആള്‍ക്കൂട്ടത്തിനു നേരെയും പൊലീസുകാരന്‍ തോക്കു ചൂണ്ടുന്നതു കാണാമെങ്കിലും വെടിയുതിര്‍ത്തില്ല.

കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.