ന്യൂഡല്‍ഹി: ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ (ബി.സി.സി.ഐ) നിലപാട് കടുപ്പിച്ചു. ബി.സി.സി.ഐ ഭാരവാഹികളെ അയോഗ്യരാക്കണമെന്നും ബോര്‍ഡിന്റെ കാര്യനിര്‍വഹണം പരിശോധിക്കാന്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയെ നിരീക്ഷകനായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ലോധ കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശ.

ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവരെ പിരിച്ചുവിടണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. ക്രിക്കറ്റ് ഭരണരംഗത്തെ ശുദ്ധീകരണത്തിന്റെ പേരിലുള്ള ബി.സി.സി.ഐ-സുപ്രീം കോടതി തര്‍ക്കം ഇതോടെ പുതിയരൂപം കൈവരിച്ചിരിക്കുകയാണ്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്ന ഭേദഗതികള്‍ നടപ്പാക്കാന്‍ തയറാകാത്തതിനെ തുടര്‍ന്ന് നിരവധി തവണ ബിസിസിഐക്കു സുപ്രീം കോടതിയില്‍നിന്നു വിമര്‍ശനം നേരിട്ടിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ ഉത്തരവിറക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുവരെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ സുപ്രീം കോടതി വിലക്കിയിരുന്നു.