ദുബൈ: ഷാര്‍ജയിലെ കല്‍ബയിലുണ്ടായ തീ പിടിത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), കുറുകത്താണി സ്വദേശി ഉസൈന്‍ കൈതക്കല്‍ (50), തലക്കടത്തൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ (24) എന്നിവരാണ് മരിച്ചത്. രണ്ട് പിക്കപ്പ് വാനുകളം മറ്റൊറ്റൊരു വാനും പൂര്‍ണമായും കത്തി നശിച്ചു. കല്‍ബ വ്യാവസായിക മേഖലയില്‍ മലയാളി യുടെ ഉടമസ്ഥതയിലുള്ള അല്‍ വഹ്ദ ഫര്‍ണിച്ചറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടുമണിയോടെയുണ്ടായ തീ പിടിത്തം വൈകിട്ട് മൂന്നരയോടെയാണ് അണക്കാന്‍ കഴിഞ്ഞതെന്ന് കല്‍ബയില്‍ ജോലി ചെയ്യുന്ന അബൂബക്കര്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു.

ഗോഡൗണിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തമാസിച്ചവരാണ് മരിച്ചത്. സംഭവ സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ 11 പേര്‍ ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ എ.സി പൊളിച്ചു മാറ്റി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ മുറിയിലെ എ.സിയും വലിച്ചു മാറ്റിയിരുന്നെങ്കിലും പുറത്തു കടക്കാനായില്ല. കെട്ടിടത്തിന്റെ മുന്‍ഭാഗത്താണ് തീ പിടിച്ചിരുന്നത്. മുന്‍വശത്തു കൂടി ഇവര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുന്‍വശത്തെ വാതില്‍ തുറന്നതാണ് രക്ഷാ സാധ്യത ഇല്ലാതാക്കിയതെന്നാണ് നിഗമനം. രണ്ടു പേരുടെ മൃതദേഹം പൂര്‍ണമായും കത്തി നശിച്ചു. മരിച്ച ശിഹാബുദ്ദീന്‍ അവിവാഹിതനാണ്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കല്‍ബയില്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ്. അബ്ദുല്‍ മജീദ് എടക്കുളത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് തീ പിടിത്തമുണ്ടായ ഫര്‍ണിച്ചര്‍ ഗോഡൗണ്‍.