വാഷിങ്ടണ്‍: അമേരിക്കയുടെ കടിഞ്ഞാണ്‍ ആരിലായിരിക്കുമെന്ന് അറിയാന്‍ രണ്ടു ദിവസത്തെ കാത്തിരിപ്പുകൂടി. ലോകത്തിന്റെ കണ്ണും കാതുമിപ്പോള്‍ അമേരിക്കയിലാണ്. അടുത്ത പ്രസിഡണ്ടിനെ കണ്ടെത്താന്‍ ചൊവ്വാഴ്ച നടത്തുന്ന തെരഞ്ഞെടുപ്പില്‍ 20 കോടി വോട്ടര്‍മാര്‍ ഭാഗഭാക്കാകും. പ്രസിഡണ്ട് ബറാക് ഒബാമയടക്കം 3.5 കോടി ആളുകള്‍ നേരത്തെ വോട്ടുചെയ്തുകഴിഞ്ഞു.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനോടൊപ്പമാണ്. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരത്തെ ഏറെ പിറകിലായിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നിലെത്താനുള്ള ശ്രമത്തിലാണ്.

ട്രംപിനെക്കാള്‍ രണ്ട് പോയിന്റിന് ഹിലരി മുന്നിലാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ഫോക്‌സ് ന്യൂസിന്റെ അഭിപ്രായ സര്‍വേ പ്രകാരം ഹിലരിക്ക് 45 ശതമാനം വോട്ടുകളും ട്രംപിന് 43 ശമതാനം വോട്ടുകളും ലഭിക്കും. മറ്റൊരു സര്‍വേയില്‍ ഒരു പോയിന്റിന്റെ മുന്‍തൂക്കം മാത്രമാണ് ഹിലരിക്കുള്ളത്. ഒരാഴ്ച മുമ്പ് ഹിലരി മൂന്ന് പോയിന്റിനും ഓക്ടോബര്‍ മധ്യത്തില്‍ ആറ് പോയിന്റിനും മുന്നിലായിരുന്നു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ ഇ-മെയില്‍ വിവാദമാണ് ഹിലരിക്ക് അവസാന നിമിഷത്തില്‍ തിരിച്ചടിയായത്. ഹിലരിക്ക് 268 ഇല്കടറല്‍ വോട്ട് ലഭിക്കുമെന്നാണ് സി.എന്‍.എന്‍ പ്രവചനം. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാന്‍ 270 വോട്ടുകള്‍ വേണം. ട്രംപിന് 204 ഇലക്ടറല്‍ വോട്ട് ലഭിക്കുമെന്നും സി.എന്‍.എന്‍ പറയുന്നു.
ഹിലരി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാന്‍ 97.9 ശതമാനം സാധ്യതയുണ്ടെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റിന്റെ സര്‍വേയില്‍ പറയുന്നത്.