X

ഡോ. എം.കെ. മുനീര്‍ നയിക്കുന്ന മേഖലാ ജാഥ നാളെ മുതല്‍

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഡോ. എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന മേഖലാ ജാഥക്ക് നാളെ തുടക്കമാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥ നാളെ വൈകീട്ട് 5.30 ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജെ.ഡി.യു സംസ്ഥാന പ്രസിഡണ്ട് എം.പി വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. നാളെ മുതല്‍ 14 വരെയാണ് കോഴിക്കോട് ജില്ലയില്‍ ജാഥ പ്രയാണം നടത്തുക. തുടര്‍ന്ന് മലപ്പുറം പാലക്കാട് ജില്ലകളിലും ജാഥ പര്യടനം നടത്തും.
അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല എന്ന മുദ്രാവാക്യവുമായി നടത്തുന്ന ജാഥ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം വരച്ചു കാണിച്ചുകൊണ്ടാണ് ഓരോ അസംബ്ലി നിയോജക മണ്ഡലങ്ങളിലും യാത്ര ചെയ്യുക. ഡോ. എം.കെ മുനീറിനൊപ്പം വൈസ് ക്യാപ്റ്റന്‍മാരായി കെ.പി കുഞ്ഞിക്കണ്ണന്‍, സി.എന്‍ വിജയകൃഷ്ണന്‍ എന്നിവരും ജാഥയെ നയിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ മൂലം ജനങ്ങള്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ പ്രയാസപ്പെടുകയാണ്. തെറ്റായ നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കുന്നതാണ് മേഖലാ യാത്രകളെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, കണ്‍വീനര്‍ വി കുഞ്ഞാലി, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, കെ.പി രാജന്‍ സംബന്ധിച്ചു.
നാളെ വൈകീട്ട് 5.30 ന് മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടം നടക്കും. തുടര്‍ന്ന് ജാഥ 13 ന് രാവിലെ 9 മണിക്ക് എലത്തൂര്‍ മണ്ഡലത്തിലെ കാക്കൂരില്‍ നിന്നും രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് പയ്യോളി (കൊയിലാണ്ടി) യിലും 3 മണിക്ക് വടകരയിലെയും സ്വീകരണത്തിന് ശേഷം വൈകീട്ട് നാദാപുരത്ത് സമാപിക്കും. മൂന്നാം ദിവസമായ 14 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പേരാമ്പ്ര, 10.30 ന് ബാലുശ്ശേരിയിലെ എകരൂല്‍ ഉച്ചക്ക് ശേഷം 3 മണിക്ക് കൊടുവള്ളി, വൈകീട്ട് 4 മണിക്ക് മുക്കം ടൗണിലും (തിരുവമ്പാടി) സ്വീകരണം നല്‍കും. 5.30 ന് പൂവാട്ടുപറമ്പിലെ (കുന്ദമംഗലം) സ്വീകരണ പരിപാടിക്ക് ശേഷം 6.30 ന് ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂരില്‍ ജാഥ സമാപിക്കും.

chandrika: