Connect with us

More

ലിബിയയില്‍ മൂന്ന് സര്‍ക്കാറുകള്‍ രണ്ട് പാര്‍ലമെന്റുകള്‍

Published

on

ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ് ലിബിയ. 42 വര്‍ഷക്കാലം കേണല്‍ ഖദ്ദാഫി അടക്കിവാണിരുന്ന ലിബിയക്ക് ഒരു കേന്ദ്രീകൃത ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ല. നിരവധി സായുധ ഗ്രൂപ്പുകള്‍ സൈ്വര വിഹാരം നടത്തുന്നു. യു.എന്‍ നിയമിച്ച ഭരണകൂടം ഉള്‍പ്പെടെ മൂന്ന് സര്‍ക്കാറുകള്‍. രണ്ട് പാര്‍ലമെന്റുകള്‍. ജനങ്ങളില്‍ നല്ലൊരു വിഭാഗം ജീവനുംകൊണ്ട് ഓടി യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെയെത്തി. വെടിയൊച്ചയും ബോംബ് വര്‍ഷവും കേള്‍ക്കാത്ത നിമിഷങ്ങള്‍ കുറവ്. എണ്ണ സമ്പന്നമായ നാടിനെ പാശ്ചാത്യ ശക്തികള്‍ തകര്‍ത്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണരണം.

‘കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ലിബിയയില്‍ ജയില്‍ മോചിതനായി’ എന്നതാണ് ആ രാജ്യത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഖദ്ദാഫി ഭരണത്തിന്റെ അവസാന നാളുകളില്‍ ഭരണ കേന്ദ്രങ്ങളെ നിയന്ത്രിച്ച പ്രമുഖരില്‍ ഒരാളാണ് സെയ്ഫ് അല്‍ ഇസ്‌ലാം. ജയില്‍ മോചിതനായി അജ്ഞാത കേന്ദ്രത്തിലേക്ക് മറഞ്ഞ സെയ്ഫുല്‍ ഇസ്‌ലാമിനെ മുന്നില്‍നിര്‍ത്തി ഭാവിയില്‍ ജനങ്ങള്‍ പ്രതിവിപ്ലവം നയിച്ചാല്‍ അത്ഭുതപ്പെടാനില്ല.
യു.എന്‍ നിയന്ത്രിത സര്‍ക്കാറിന്റെ പടത്തലവന്‍ കേണല്‍ ഖലീഫ ഹഫ്ടര്‍ ആണ് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ഒരു സര്‍ക്കാറിനെ നയിക്കുന്നത്. ഈജിപ്തും യു.എ.ഇയും സഊദിയും ഉള്‍പെടെ രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നു. ക്രൂരനായ ഈ സൈനിക കേണല്‍, ഖദ്ദാഫി വിരുദ്ധ പോരാട്ടം നയിച്ചുകൊണ്ടാണ് പാശ്ചാത്യര്‍ക്ക് പ്രിയങ്കരനായത്. 2011 ഒക്‌ടോബറില്‍ കേണല്‍ ഖദ്ദാഫി അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹമായിരുന്നു ലിബിയയുടെ നായകനായി രംഗത്തുണ്ടായിരുന്നത്. വൈകാതെ നിരവധി ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. അല്‍ഖാഇദ ബന്ധമുള്ള ഗ്രൂപ്പുകളാണിവയില്‍ അധികവും. അബ്‌ദെല്‍ ഹക്കീം ബെല്‍ ഹദേജ് നയിക്കുന്ന സലഫി ജിഹാദ് ഗ്രൂപ്പില്‍ ആയിരങ്ങളാണുള്ളത്. ബെന്‍ഗാസി തന്നെയാണ് ഇവരും കേന്ദ്രീകരിച്ചത്. ഖദ്ദാഫിയുടെ ജന്മനാട് സിര്‍ത്ത് കേന്ദ്രമാക്കിയുള്ള മറ്റൊരു ഗ്രൂപ്പിനു പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കാം. പടിഞ്ഞാറന്‍ മേഖലയില്‍ ‘ഡാന്‍’ എന്ന ചുരുക്കപ്പേരുള്ള ഗ്രൂപ്പ് പിടിമുറുക്കി. അമേരിക്കയുടെ ബെന്‍ഗാസി അംബാസിഡറെ കൊലപ്പെടുത്തിയതുമായി ബന്ധമുള്ള ‘അന്‍സര്‍’ ഗ്രൂപ്പിനും മറ്റൊരു ഗ്രൂപ്പായ ബെന്‍ഗാസി ശൂറാ കൗണ്‍സിലും അല്‍ഖാഇദ ബന്ധം ആരോപിക്കപ്പെടുന്നു.

നാറ്റോ സഖ്യത്തിലെ ആറായിരത്തോളം ബ്രിട്ടീഷ്, ഫ്രാന്‍സ് സൈനികര്‍ ഇവിടെ വിന്യസിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലിബിയയെ ശാന്തിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സമീപകാലമൊന്നും സാധ്യമാകില്ല. ഖത്തറിന് എതിരായ ഉപരോധത്തിന് ലിബിയ പിന്തുണ നല്‍കിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ കൗതുകം തോന്നി. ലിബിയ ഏകീകരിക്കപ്പെട്ടുവോ? വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ‘കിഴക്കന്‍ ലിബിയ’ എന്ന് കാണാനിടയായത്. നാഷണല്‍ കോണ്‍ഗ്രസ് (പാര്‍ലമെന്റ്) പുനസ്ഥാപിക്കാന്‍ യു.എന്‍ നിശ്ചയിച്ചുവെങ്കിലും തലസ്ഥാനമായ ട്രിപ്പോളിക്കടുത്ത് എത്താന്‍ പോലും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. പാര്‍ലമെന്റ് രണ്ടായി പിളരുകയും ചെയ്തു. അവസാനം ഒന്‍പതംഗ പ്രസിഡന്‍സി കൗണ്‍സില്‍ രൂപീകരിച്ചു. അതിലും ഭിന്നത വന്നതോടെ പ്രധാനമന്ത്രി ഫയാസ് സര്‍ജ് 2016 മാര്‍ച്ച് മാസം ട്രിപ്പോളിയില്‍ എത്തിനോക്കി തിരിച്ചുപോയി.

ലിബിയയില്‍ ഇനിയെന്ത് പരിഹാരം എന്നതില്‍ അനിശ്ചിതത്വം ബാക്കിയാണ്. കേണല്‍ ഖദ്ദാഫിയെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് നാറ്റോ രാജ്യങ്ങളാണ്. ‘അറബ് വസന്ത’ വിപ്ലവത്തെ ഹൈജാക്ക് ചെയ്തത് നാറ്റോ സൈനിക സഖ്യമാണ്. ഖദ്ദാഫിയെ അട്ടിമറിക്കാന്‍ മാത്രം ജനകീയ വിപ്ലവം അവിടെ അരങ്ങേറിയിരുന്നില്ല. ലിബിയന്‍ സൈനിക നിരയെ തകര്‍ത്തത് നാറ്റോ വിമാനങ്ങളാണ്. ലിബിയന്‍ കരസേനയെ തകര്‍ത്ത് പാശ്ചാത്യാനുകൂലിയായ കേണല്‍ ഖലീഫക്കും കൊച്ചു സംഘത്തിനും വഴിയൊരുക്കി, ഭരണകൂടത്തെ തകര്‍ത്തത് നാറ്റോയും പാശ്ചാത്യ ശക്തികളുമാണ്. കരുത്തനായ ഭരണാധികാരിയെ അധികാര ഭ്രഷ്ടനാക്കി കൊലപ്പെടുത്തിയതിന്റെ പാപഭാരമാണ് പാശ്ചാത്യനാടുകള്‍ അനുഭവിക്കുന്നു. അശാന്തിപടര്‍ന്ന നാട്ടില്‍ നിന്ന് ലക്ഷങ്ങള്‍ രാജ്യങ്ങളും സമുദ്രവും കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം പാശ്ചാത്യര്‍ക്കു തന്നെയാണ്.

അവസാന ഘട്ടത്തില്‍ സ്വേച്ഛാധിപതിയായി മാറിയെങ്കിലും കേണല്‍ ഖദ്ദാഫി നീതിമാനായ ഭരണാധികാരിയായി അറിയപ്പെട്ടു. 1969 സെപ്തംബര്‍ ഒന്നിന് രക്തരഹിത വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന ഇരുപത്തിയഞ്ചുകാരന്‍ പാല്‍ക്കാലത്ത് അറബ്-ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായി. നിരവധി സ്ഥാപനങ്ങള്‍ ദേശസാത്കരിച്ചു. വിദേശ എണ്ണക്കമ്പനി വരെ ഇതില്‍പെടും. ഒപെകിന് കരുത്ത് നല്‍കി. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളം കെട്ടുകെട്ടിച്ചു. ഫലസ്തീന്‍ പോരാട്ടത്തിനു പിന്തുണ നല്‍കി. അതേസമയം, ‘വിവാദ നായകന്‍’ എന്ന നിലയില്‍ ഖദ്ദാഫി, പ്രമുഖ അറബ് നേതാക്കളുടെഅപ്രീതിക്ക് പാത്രമായി. ലോക്കര്‍ബി വിമാന ദുരന്ത സംഭവത്തില്‍ അവസാനം നഷ്ടപരിഹാരം നല്‍കാന്‍ ഖദ്ദാഫി തയാറായത് പാശ്ചാത്യ ശക്തികളുമായി സഹകരണം പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവെങ്കിലും അവര്‍ തയാറായില്ലെന്ന്, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കി. ‘അറബ് വസന്തം’ അവസരമാക്കി കേണല്‍ ഖലീഫയെ പോലുള്ള പാശ്ചാത്യ അനുകൂലിയെ മുന്നില്‍ നിര്‍ത്തി നടത്തിയ നാടകമായിരുന്നു ലിബിയയില്‍ അരങ്ങേറിയത്.

കേണല്‍ ഖദ്ദാഫിയെ പോലുള്ള ഭരണാധികാരിയെയും ഭരണസംവിധാനത്തെയാകെയും തകര്‍ത്ത നാറ്റോക്കും അതിന് മൗനാനുവാദം നല്‍കിയിരുന്ന ഐക്യരാഷ്ട്ര സംഘടനക്കും ലിബിയയില്‍ സ്ഥിരതയുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കാന്‍ ബാധ്യതയുണ്ട്. സിറിയയിലും ഈജിപ്തിലും ജനങ്ങള്‍ക്ക് ദുരിതം നല്‍കിയ ശക്തികള്‍ ലിബിയയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. എണ്ണ സമ്പന്നതയില്‍ ലോകത്ത് 11 ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം പ്രതിശീര്‍ഷ വരുമാനത്തില്‍ ആഫ്രിക്കയില്‍ മുന്നിലായിരുന്നു. ഇപ്പോള്‍ ഒരു നേരത്തെ ആഹാരം തേടി ലിബിയക്കാന്‍ നെട്ടോട്ടത്തിലാണ്. ഇത്തരമൊരു പതനത്തിലേക്ക് അവരെ തള്ളിവിട്ടവര്‍ക്ക് കാലം മാപ്പു നല്‍കില്ല.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending