X
    Categories: MoreViews

ശിവകാശിയില്‍ പടക്കശാലയില്‍ തീപിടുത്തം: ഒമ്പത് മരണം

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലക്ക് തീപിടിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഗോഡൗണിലേക്ക് വാഹനത്തില്‍ നിന്നും പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചൈനീസ് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ദീപാവലിക്ക് ശിവകാശി പടക്കങ്ങളുടെ ആവശ്യം പരിഗണിച്ച് ദീപാവലിയോടനുബന്ധിച്ച് ഇവിടുത്തെ പടക്ക കടകളില്‍ വന്‍തോതില്‍ സ്‌റ്റോക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

തീപിടുത്തത്തില്‍ ആറു സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചതായി വിരുദു നഗര്‍ ജില്ലാ കലക്ടര്‍ എ ശിവജ്ഞാനം അറിയിച്ചു. പൊട്ടിത്തെറി മൂലമല്ല മരണമുണ്ടായതെന്നും പടക്കങ്ങള്‍ കൂട്ടത്തോടെ കത്തിയതുമൂലം ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചതായും ഗുരുതരമായി പരിക്കേറ്റവരെ മദുരൈ ആസ്പത്രിയിലേക്കു മാറ്റിയതായും അദ്ദേഹം അറിയിച്ചു. വാനില്‍ നിന്നും പടക്കങ്ങള്‍ ഗോഡൗണിലേക്കു മാറ്റുന്നതിനിടെ തൊഴിലാളികളുടെ അശ്രദ്ധമൂലമുണ്ടായ പൊട്ടിത്തെറി സമീപത്തെ കടകളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. ഗോഡൗണിലെ ജീവനക്കാരും പടക്കം വാങ്ങാനെത്തിയവരുമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ഭാസ്‌കര്‍, സ്വര്‍ണകുമാരി, ദേവി, കാമാക്ഷി, പുഷ്പലക്ഷ്മി, വളര്‍മതി, ജാനകി രാമന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടത്തില്‍ രണ്ട് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. തീപിടുത്തം നിയന്ത്രണ വിധേയമായതായും അധികൃതര്‍ അറിയിച്ചു.

chandrika: