X

 സഊദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി

റിയാദ്: കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം. ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലി 71-ാമത് വാര്‍ഷിക സെഷനില്‍ പങ്കെടുക്കുന്നതിനാണ് കിരീടാവകാശി യാത്ര തിരിച്ചത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ നേതൃത്വത്തിലാണ് സഊദി അറേബ്യന്‍ പ്രതിനിധി സംഘം പങ്കെടുക്കുക. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ കിരീടാവകാശിയെ യാത്രയാക്കി.

സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍, ധനമന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, വാണിജ്യ-നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫി, വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായും വിവിധ ലോക നേതാക്കളുമായും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. സഊദി വിരുദ്ധ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയതിന് തൊട്ടുപിന്നാലെ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയിലുണ്ടായ ചാവേറാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഊദി അറേബ്യക്കെതിരെ കോടതികളില്‍ കേസുകള്‍ നല്‍കുന്നതിന് അനുവദിക്കുന്ന ബില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദിഷ്ട നിയമത്തിനെതിരെ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ കടുത്ത പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥാപകാംഗമാണ് സഊദി അറേബ്യ. 1945 ജൂണ്‍ 26 ന് യു.എന്‍ രൂപീകരണ ചാര്‍ട്ടറില്‍ സഊദി അറേബ്യ ഒപ്പുവെച്ചു.

Web Desk: