മലപ്പുറം: ചന്ദ്രിക 90-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ചന്ദ്രിക കോഓര്‍ഡിനേറ്റര്‍മാരുടെ ലിസ്റ്റ് ഈ മാസം 15നകം കോഴിക്കോട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചു. ചന്ദ്രിക കാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ‘ചന്ദ്രിക ചലഞ്ച്’ സംഘടിപ്പിക്കാനും തീരുമാനിച്ചു. മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ മുഴുവന്‍ പോഷക സംഘടനകളെയും പാര്‍ട്ടി അനുഭാവമുള്ള സര്‍വീസ് സംഘടനകളെയും കാമ്പയിനില്‍ പങ്കാളികളാക്കി കാമ്പയിന്‍ കൂടുതല്‍ വിജയകരമാക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കാമ്പയിന്‍ വലിയ വിജയമാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ചന്ദ്രിക ചുമതല വഹിക്കുന്ന സംസ്ഥാന വൈസ്പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍ പങ്കെടുത്തു.