മന്ത്രി പി. രാജീവ് വെറുതെ വടി കൊടുത്ത് അടി വാങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടെന്ന മന്ത്രി പി രാജീവ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ 278 വോട്ടിന് പരാജയപ്പെട്ട സീറ്റില്‍ ഇത്തവണ തോറ്റത് 75 വോട്ടിനാണ്. ഇവിടെ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പരസ്യമായ പിന്തുണ നല്‍കിയത് സി.പി.എമ്മാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചാല്‍ കോര്‍പറേഷനിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടേനെയെന്നും കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചു കൊടുത്തെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഒരു ബൂത്തില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് 24 വോട്ടാണ് കിട്ടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി ഫോര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ 250 വോട്ട് കിട്ടി. എന്നാല്‍ ഇക്കുറി ആകെ കിട്ടിയത് 78 വോട്ട്. ആ ഡിവിഷനില്‍ സി.പി.എമ്മിന് 78 വോട്ട് മാത്രമെയുള്ളോയെന്നും വിഡി സതീശന്‍ ചോദിച്ചു.