ടി.എച്ച് ദാരിമി

വിശ്വാസികള്‍ ഏറ്റവും അധികം ആവര്‍ത്തിക്കുന്ന പ്രാര്‍ഥന സൂറത്തുല്‍ ഫാത്തിഹയിലെ നീ ഞങ്ങളെ നേരായ മര്‍ഗത്തിലേക്ക് നയിക്കേണമേ എന്നതാണ്. എല്ലാ നമസ്‌കാരങ്ങളിലും ഓരോ റക്അത്തിലും ഇത് ആവര്‍ത്തിക്കുന്നു. സ്വിറാത്തല്‍ മുസ്തഖീം എന്നത് വിവക്ഷിക്കുന്നത് വളവും തിരിവും കയറ്റവും ഇറക്കവുമില്ലാത്ത, അനായാസം ഒഴുകിപ്പോകാവുന്ന ഋജുവായ മാര്‍ഗമാണ്. അതുന്നെയാണ് ഇസ്‌ലാം. പ്രയാസവും ഭാരവും ക്ലേശവുമൊന്നുമില്ലാതെ സരളമായി അനുധാവനം ചെയ്യാവുന്ന ഒരു ജീവിത മാര്‍ഗമാണത്. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ച് പ്രാര്‍ഥിക്കുന്നത് മനുഷ്യര്‍ തങ്ങളുടെ അജ്ഞത കാരണം കാര്യങ്ങള്‍ ആവശ്യമില്ലാതെ തീവ്രമാക്കുകയും മതം എന്നത് ഒരു പാട് കഷ്ടപ്പെട്ടും ക്ലേശിച്ചും ബലം പിടിച്ചും ചെയ്യേണ്ടതാണ് എന്ന ധരിച്ചു വശാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലുള്ളതുകൊണ്ടാണ്. അത്തരം നിലപാടുകളിലേക്ക് നയിക്കുന്നത് സത്യത്തില്‍ പിശാചാണ്. ആ ക്ലേശങ്ങള്‍ വിശ്വാസിയില്‍ പ്രയാസമുണ്ടാക്കും. മറ്റുള്ളവരെ അകറ്റിനിറുത്തും. ഇസ്‌ലാം ഭാരമാണ് എന്നു വരുത്തി മനുഷ്യരെ അതില്‍നിന്നും അകറ്റേണ്ടത് പിശാചിന്റെ ആവശ്യവും ദൗത്യവുമാണ്.മതത്തെ കുറിച്ചുള്ള ശരിയായ അറിവും ധാരണയും ഇല്ലാത്തതാണ് ഇത്തരം അമിതത്വങ്ങളിലേക്ക് നയിക്കുന്നത്.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: (മിനായില്‍ എറിയാന്‍) കല്ല് ശേഖരിക്കുന്ന ദിവസം നബി(സ) എന്നോട് പറഞ്ഞു: വരൂ, എനിക്ക് ചെറിയ കല്ലുകള്‍ പെറുക്കിക്കൊണ്ടു വരൂ. ഞാന്‍ കുറച്ചു കല്ലുകള്‍ പെറുക്കിക്കൊണ്ടുകൊടുത്തു. അവ തന്റെ കൈവെള്ളയില്‍ വെച്ച് ശ്രദ്ധിച്ച് നോക്കിക്കൊണ്ട് നബി (സ) പറഞ്ഞു: അതേ, ഇതുപോലുള്ള കല്ലുകളാണ് ഞാന്‍ ഉദ്ദേശിച്ചത്. മതത്തില്‍ അതിരുകവിയുന്നത് നിങ്ങള്‍ സൂക്ഷിക്കണം. മതത്തിലെ അതിരുകവിയലാണ് നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നാശനിമിത്തമായത് (ഇബ്‌നുമാജ). പറഞ്ഞുവരുന്ന ആശയത്തിന്റെ എല്ലാ അര്‍ഥവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഹദീസ്. മിനായില്‍ ജംറകളിലേക്കുള്ള കല്ലേറുമായി ബന്ധപ്പെട്ടാണ് ഹദീസിന്റെ പശ്ചാത്തലം. അവിടെ തീര്‍ഥാടകര്‍ എറിയുന്നത് പിശാചിനെ ആണെന്നും ജംറകള്‍ അടയാളപ്പെടുത്തിയ സ്തൂപങ്ങള്‍ പിശാചിന്റെ പ്രതിരൂപങ്ങളാണെന്നും ധരിക്കുന്ന ചില വിശ്വാസികള്‍ ഇപ്പോഴും പിന്തുടരുന്ന ഒരു സമീപനമാണിത്. പിശാചിനെ എറിയാന്‍ ചെറിയ കല്ലുകളേക്കാള്‍ വലിയ കല്ലുകളാണ് വേണ്ടത് എന്നും അത് പരമാവധി ഗൗരവത്തിലും ഈര്‍ഷ്യതയിലും തന്നെ ചെയ്യണമെന്നുമുള്ള തോന്നല്‍ ഉണ്ടാകുകയാണ് ഈ പറഞ്ഞ ചിലര്‍ക്ക്. അവരാണ് വലിയ കല്ലുകള്‍ കൊണ്ടും ചെരുപ്പുകള്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുമെല്ലാം എറിയുന്നത്. അതോടെ ആ കര്‍മത്തിന്റെ ലക്ഷ്യം തെറ്റിപ്പോകുന്നു. അത് കേവലം പ്രതീകാത്മകമായ ആരാധനയാണ്. അത് നിര്‍വഹിക്കുമ്പോള്‍ അല്ലാഹുവിന്റെ കല്‍പ്പന പാലിക്കുന്നു എന്നും റസൂലിനെ പിന്തുടരുന്നു എന്നുമുള്ള മനസ്ഥിതിയാണ് ഉണ്ടാവേണ്ടത്. ഇബ്രാഹിം നബി (അ) പിശാചിനെ എറിഞ്ഞാട്ടിയത് നമ്മളും ചെയ്യുകയല്ല.

നബി (സ) പറഞ്ഞു: നിങ്ങള്‍ കാര്‍ക്കശ്യം കൈക്കൊള്ളരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവും കാര്‍ക്കശ്യം കൈക്കൊള്ളും. ഒരു വിഭാഗം ഇങ്ങനെ തങ്ങളുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടുകള്‍ സ്വയം സ്വീകരിച്ചപ്പോള്‍ അല്ലാഹു അവരോടും കര്‍ക്കശ നയം കൈക്കൊണ്ടു. അതാ അവരുടെ അവശേഷിപ്പുകള്‍ ആരാധനാ മഠങ്ങളിലും പര്‍ണശാലകളിലും (അബൂദാവൂദ്). ഇവിടെ കാര്‍ക്കശ്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് സ്വന്തം നിലപാടുകള്‍ കടുപ്പിക്കുന്ന തീവ്രതയാണ്. ഈ ഹദീസില്‍ സൂചിപ്പിക്കുന്ന വിഭാഗം മുന്‍ സമുദായങ്ങളാണ്. അവരുടെ കാര്യം അല്ലാഹു ഖുര്‍ആനില്‍ ഇങ്ങനെ വിവരിക്കുന്നു: വേദക്കാരേ, സ്വമതത്തില്‍ അതിരു കവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍ (അന്നിസാഅ് 71). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരി(റ) പറയുന്നു: നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരുകള്‍ ലംഘിക്കരുത്. മതത്തിന്റെ സത്യസീമ മറികടക്കുന്നത് തീവ്രതയില്‍ ചാടിക്കും. ഓരോന്നിനും നിര്‍ണയിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കുകയാണ് ആയത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഗുലുവ്വ് എന്ന അറബി പദത്തിന്റെ അര്‍ഥം. ഉദാഹരണമായി ഈസാ നബി(അ)യുടെ വിഷയത്തില്‍ അവര്‍ അതിരുകള്‍ ലംഘിച്ചു. അല്ലാഹു നല്‍കിയ സ്ഥാനവും കവിഞ്ഞ് അവര്‍ അദ്ദേഹത്തെ ഉയര്‍ത്തിവെച്ചു. പ്രവാചകത്വപദവിയില്‍നിന്നുയര്‍ത്തി അദ്ദേഹത്തെ അവര്‍ ആരാധിക്കപ്പെടേണ്ട ദൈവിക പദവിയിലേക്കുയര്‍ത്തി. ഈസാ നബിയുടെ സരണിയിലാണെന്ന് അവകാശപ്പെട്ട അനുയായിവൃന്ദത്തിന്റെ വിഷയത്തിലും ഈ അതിരുവിടല്‍ ഉണ്ടായി. അവരില്‍ അപ്രമാദിത്വം ആരോപിക്കുകയും അവര്‍ പറയുന്നതൊക്കെ പിന്തുടരുകയും ചെയ്തു. അവ സത്യമാണോ അസത്യമാണോ, സന്മാര്‍ഗമാണോ ദുര്‍മാര്‍ഗമാണോ എന്നൊന്നും ഒരു നോട്ടവുമുണ്ടായില്ല അവര്‍ക്ക്. ക്രിസ്തുമതത്തില്‍ പൗരോഹിത്യം ഇങ്ങനെ വന്നു കയറിയതാണ്. തങ്ങളിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെ കൂടാതെയുള്ള റബ്ബുകളാക്കിവെച്ചു അവര്‍ എന്ന് അത്തൗബ അധ്യയം 31ാം വചനത്തില്‍ അല്ലാഹു പറയുന്നു.
ഇത്തരം അതിവാദത്തിന് മറ്റൊരു ഉദാഹരണം സൂറത്തുല്‍ ഹദീദില്‍ കാണാം: ‘അവക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നാം നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിക്കുകയും ചെയ്തു. അവര്‍ ആവിഷ്‌കരിച്ച സന്യാസം, അത് നാം അവര്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍തന്നെ ഇങ്ങനെയൊരു പുതുചര്യയുണ്ടാക്കി. എന്നിട്ടോ അവര്‍ അത് പാലിക്കേണ്ടവിധം പാലിച്ചതുമില്ല (ഹദീദ്: 27). അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധാനുഷ്ഠനമെന്നോണം തന്റെയും മറ്റുള്ളവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുക. അല്ലാഹു അനുവദിച്ച ആഹാരങ്ങളും ജീവിത സൗകര്യങ്ങളും പുണ്യം തേടിയും പ്രതിഫലം കാംക്ഷിച്ചും സ്വയം നിഷേധിക്കുകയും എല്ലാം ഉപേക്ഷിച്ച് കാലം കഴിക്കുകയും ചെയ്യുക. തന്റെ ആശയധാരക്കു പുറത്തുള്ളവര്‍ക്ക് യാതൊരു മാന്യതയും പരിഗണനയും കല്‍പ്പിക്കാതിരിക്കുക തുടങ്ങി ഈ മനോനിലയുടെ ലക്ഷണങ്ങള്‍ നിരവധിയാണ്.