തൃശൂർ: ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി അവാർഡ് ജേതാവും കലാസംവിധായകനുമായ അപ്പുണ്ണി സാജൻ.മികച്ച കലാസംവിധാനത്തിനുള്ള അവാർഡ് ലഭിച്ച മാലിക് സിനിമയുടെ കലാസംവിധായകരിൽ ഒരാളാണ് അപ്പുണ്ണി സാജൻ. എന്നാൽ കലാസംവിധായകരിൽ ഒരാളായ സന്തോഷ് രാമൻ്റെ പേര് മാത്രമാണ് അവാർഡ് പ്രഖ്യാപന വേളയിൽ പരാമർശിച്ചത്.നിലവിൽ പ്രൊഡക്ഷൻ ഡിസൈനറായാണ് സന്തോഷ് രാമൻ സിനിമയിലെത്തിയത്. താൻ മാത്രമായിരുന്നു ആർട്ട് ഡയറക്ടർ. പണിമുഴുവൻ താനെടുത്ത് അതിൻ്റെ ക്രെഡിറ്റ് മുഴുവൻ സന്തോഷ് രാമൻ ചുളുവിൽ അടിച്ചെടുക്കുകയായിരുന്നു. സിനിമയിൽ ഇത് സ്ഥിരം സംഭവമാണെന്നും തന്നെ പോലെ കഷ്ടപ്പെടുന്ന കലാകാരൻമാരെ ഒതുക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നും അപ്പുണ്ണി സാജൻ പ്രതികരിച്ചു.

സിനിമയുടെ ഡയറക്ടർ അവാർഡ് നിർണ്ണയ കമ്മറ്റിക്ക് അയച്ച കത്തിൽ എൻ്റെയും സന്തോഷ് രാമൻ്റെയും പേരുകൾ ഉണ്ടായിരുന്നു.എന്നാൽ രണ്ട് പേജുള്ള ഈ കത്ത് മുഴുവൻ വായിക്കാൻ സമയമില്ലാത്തവരാണ് അവാർഡ് നിർണയിച്ചിരിക്കുന്നത്.ഇവർ രണ്ട് മണിക്കൂറുള്ള സിനിമ കാണാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവം ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും തെറ്റ് സംഭവിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.അവാർഡ് തനിക്ക് കൂടി അവകാശപ്പെട്ടതാണെന്നും വിതരണ വേളയിൽ തീർച്ചയായും പരിഗണിക്കുമെന്നും ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും സാജൻ പറഞ്ഞു.

മാലിക്, സി ഐ ഡി മൂസ, സദാനന്തൻ്റെ സമയം തുടങ്ങി നൂറോളം സിനിമകളിൽ അപ്പുണ്ണി സാജൻ കലാരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ ചിറ മനേങ്ങാട് സ്വദേശിയാണ് സാജൻ.