കോഴിക്കോട്;നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിനിമ സീരിയൽ നടൻ കണ്ണൻ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി.പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.

രണ്ട് കേസുകളിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാതിരുന്ന ഇയാൾ മൂന്ന് മാസത്തോളം പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സ തേടിയത്.
വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിൻ്റെ നിരീക്ഷണത്തിലാണ് ഇയാൾ ആശുപത്രിയിൽ കഴിഞ്ഞ് വന്നിരുന്നത്.
ആശുപത്രിയിലായതിനെ തുടർന്ന് ജാമ്യം തേടി കോടതിയെ സമീപിച്ച കണ്ണന് ഈ മാസം ആറ് വരെ താൽക്കാലിക ജാമ്യം അനുവധിച്ചതോടെ പോലീസ് പിൻമാറിയിരുന്നു.6 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണൻ്റെ താൽക്കാലിക ജാമ്യം റദ്ദ് ചെയ്യുകയും സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.

കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണൻ ആശുപത്രിയിൽ നിന്നും മുങ്ങിയിരിക്കുന്നത്. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണൻ മുങ്ങിയിരിക്കുന്നത്.
ഇതിനിടെ ഇയാൾക്കെതിരെ പരാതി നൽകിയ പട്ടാമ്പിയിലെ വനിത ഡോക്ടറുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പുകൾ പ്രകാരം പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനെ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും ഈ കേസിൽ പ്രതികളാണ്.