ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം തടസപ്പെടുത്തി വീണ്ടും ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. സെക്ടര്‍ 37ലെ അനുവദിച്ച സ്ഥലത്ത് ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

മുംബൈ ഭീകരാക്രമണ ദിവസം നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് 40 പേരടങ്ങുന്ന അക്രമിസംഘം ജുമുഅ തടസപ്പെടുത്തിയത്. ഇവര്‍ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

150 പേരടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും അക്രമികളെ പിന്തിരിപ്പിച്ചില്ല. 20 മിനിറ്റ് നീണ്ട നമസ്‌കാരം അവസാനിച്ച നിമിഷം അക്രമികള്‍ പ്രാര്‍ഥന നടന്ന സ്ഥലത്തേക്ക് ഇരച്ചുകയറി. എന്നാല്‍, വിശ്വാസികള്‍ ആത്മസംയമനം പാലിക്കുകയും സ്ഥലത്ത് നിന്ന് ഉടന്‍ പിരിഞ്ഞുപോവുകയും ചെയ്തു.

അതേസമയം, ഈ വെള്ളിയാഴ്ച ഗുരുദ്വാരകളില്‍ ജുമുഅ നടന്നില്ല. മുസ്‌ലിംകള്‍ നമസ്‌കാരത്തിന് ഇടം ആവശ്യപ്പെടാത്തതിനാല്‍ സ്ഥലം നല്‍കിയില്ലെന്ന് നഗരത്തിലെ ഗുരുദ്വാര സിങ് സഭാ കമ്മിറ്റി പറഞ്ഞു. അവര്‍ക്കുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്നും സിഖ് സമുദായം അറിയിച്ചു. ഗുരുദ്വാരകള്‍ക്ക് പുറത്ത് ഹിന്ദുത്വര്‍ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മാസങ്ങളായി ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം തടസപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പ് നഗരത്തിലെ സെക്ടര്‍ 12 എ പ്രദേശത്ത് നമസ്‌കാരം തടഞ്ഞിരുന്നു. പ്രാര്‍ഥന നടക്കുന്ന സ്ഥലം കൈയ്യേറിയ അക്രമികള്‍ ഇവിടെ വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുമെന്ന് അവകാശപ്പെട്ടു. മറ്റൊരിടത്ത് പൂജയ്ക്ക് ശേഷം ചാണകം വിതറി. ഇതോടെയാണ് നിസ്‌കരിക്കാ ന്‍ ഗുരുദ്വാരകള്‍ തുറന്നുതരാമെന്ന് സിഖ് സമൂഹം അറിയിച്ചത്.

‘മുസ്‌ലിംകള്‍ക്ക് ഗുരുദ്വാരയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. അവര്‍ക്ക് സമാധാനത്തോടെ പ്രാര്‍ഥിക്കാം. ഇവിടെ ആര്‍ക്കും വിവേചനമില്ല’- ഗുരുഗ്രാമിലെ സദര്‍ ബസാറിലുള്ള ഗുരുദ്വാരയുടെ തലവന്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങ ള്‍ ഒഴിവാക്കാന്‍ ഈ ക്ഷണം സ്‌നേഹത്തോടെ ഒഴിവാക്കുകയാണെന്ന് വിശ്വാസികള്‍ അറിയിച്ചു.