പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള മന്ത്രിസഭാ തീരുമാനം വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് രാഷ്ട്രീയ ഉപദേശക സമിതി, ലോയേഴ്‌സ് ഫോറം, പോഷക സംഘടന ദേശീയ ഭാരവാഹികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അനാവശ്യവും രാജ്യത്ത് ഒട്ടനവധി സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നുന്നതുമാണെന്നും യോഗം വിലയിരുത്തി. ഇങ്ങനെ ഒരു നിയമം കൊണ്ടു വരുന്നതിന് ആരോഗ്യപരമായോ, സാമൂഹ്യപരമായോ യാതൊരു കാര്യകാരണവുമില്ല. ഇന്ത്യ വ്യത്യസ്ത സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും നാടാണ്. വിവാഹത്തിന്റെ കാര്യത്തില്‍ വിവിധതരം വ്യവസ്ഥകളുമുണ്ട്. അതിനെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ അനന്തരഫലമുണ്ടാക്കുന്നതാണ്. ലോകത്തെ 158 രാജ്യങ്ങളില്‍ വിവാഹപ്രായം 18 വയസ്സാണ്. 18 തികഞ്ഞ ഒരാണിനും പെണ്ണിനും ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ കഴിയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ പ്രായത്തിലുള്ള ആണും പെണ്ണും വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണ്. യോഗം വിലയിരുത്തി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത് എന്ന സര്‍ക്കാറിന്റെ വാദം പൊള്ളയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വികസനത്തിന് വേണ്ടി പാര്‍ലമെന്റ് ബജറ്റിലൂടെ പാസ്സാക്കിയ സംഖ്യയുടെ 80 % ഭീമമായ പരസ്യത്തിന് ചെലവഴിച്ചുകൊണ്ട് പദ്ധതിയെ തന്നെ തകിടം മറിച്ച ഗവണ്മെന്റാണിത്. ഈ പ്രശ്‌നത്തില്‍ സമാന ചിന്താഗതിക്കാരായ ആളുകളുമായി ചര്‍ച്ച ചെയ്യുകയും യോജിച്ച നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. നിലവിലുള്ള സംവിധാനത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് അനാവശ്യമായ തര്‍ക്കത്തിനും വഴക്കിനും വഴിയൊരുക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി. പ്രശ്‌നത്തിന് മതപരമായ ഛായ നല്‍കി തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി സ്വാഗതം പറഞ്ഞു. നിര്‍ദ്ദിഷ്ട ബില്ലിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിശദീകരിച്ചു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, അബ്ദു സ്സമദ് സമദാനി എംപി, നവാസ് ഗനി എംപി, കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വിവിധ പോഷക സംഘടന ഭാരവാഹികള്‍ സംബന്ധിച്ചു. ഇന്ന് കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു.