റവാസ് ആട്ടീരി

ഒന്നിനു പിറകെ ഒന്നൊന്നായി മുസ്‌ലിം വിരുദ്ധത പടച്ചുവിടുകയാണ് ഇടതു സര്‍ക്കാര്‍. ഇത് യാദൃച്ഛികമായി ഉടലെടുക്കുന്നതാണെന്ന് വിശ്വസിക്കാനാവില്ല. കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളുടെ പ്രായോഗിതയാണ് ഇതില്‍ പ്രതിഫലിച്ചു നില്‍ക്കുന്നത്. ഈ പ്രത്യയശാസ്ത്രം നിലനിന്നിടങ്ങളിലെല്ലാം മുസ്‌ലിം സമൂഹത്തോട് കാണിച്ച ക്രൂരതകളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. ഇന്ത്യയില്‍ കമ്മ്യൂണിസം കടന്നുവന്ന നാള്‍തൊട്ട് ഇന്നോളമുള്ള കാലക്രമത്തില്‍ ഇത് പലപ്പോഴും പ്രകടമായിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ തൊട്ടും തലോടിയും നില്‍ക്കുന്നുവെന്ന് കാണിക്കുന്ന പ്രത്യയശാസ്ത്രം ഫാസിസത്തിന്റെ തോളില്‍ കയ്യിട്ട് സമുദായത്തെ നോവിക്കുന്നതിലാണ് താല്‍പര്യം കാണിച്ചത്. ശരീഅത്ത് വിവാദ കാലത്തും ശാബാനു ബീഗം മുതല്‍ സായറാ ബാനു കേസ് വരെയുള്ള വിഷയങ്ങളിലും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളും തനിനിറം നാം കണ്ടു. ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നയം ഇതിന്റെ നേര്‍ത്തുടര്‍ച്ചയാണ്. എന്‍.ആര്‍.സി വിരുദ്ധ സമരം, സംവരണ അട്ടിമറി, സ്‌കോളര്‍ഷിപ്പ് വെട്ടിമാറ്റല്‍ തുടങ്ങിയവയിലൂടെ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന മുസ്‌ലിം വിരുദ്ധതയുടെ അവസാന ഉദാഹരണമാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനം.

പ്രധാനമായും ഇക്കാര്യത്തില്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ഇടതു സര്‍ക്കാറിനുണ്ട്. 1. ഇന്ത്യയിലെ 30 വഖഫ് ബോര്‍ഡുകള്‍ക്ക് ബാധകമല്ലാത്ത ഒരു നിയമം എന്തിന് കേരളത്തില്‍ അടിച്ചേര്‍പ്പിക്കുന്നു. 2. രാജ്യത്ത് ആര്‍.എസ്.എസ് പോലും ഉയര്‍ത്താത്ത ഒരു വാദം ആര്‍.എസ്.സിനേക്കാള്‍ തീവ്രമായി സര്‍ക്കാര്‍ എന്തിന് ഉയര്‍ത്തിപ്പിടിക്കുന്നു?. 3. മറ്റു ബോര്‍ഡുകളോട് കാണിക്കുന്ന കൂറ് എന്ത് കൊണ്ട് വഖഫ് ബോര്‍ഡിനോട് സര്‍ക്കാറിനില്ല. ഈ കടുത്ത വിവേചനം തിരിച്ചറിയാനുള്ള വിവേകമാണ് മുസ്്‌ലിം സമുദായത്തെ ഐക്യപ്പെടുത്തുന്നത്. അതിനാല്‍ പി.എസ്.സിയെ കൊണ്ട് വഖഫ് ബോര്‍ഡിനെ വരുതിയിലാക്കാമെന്ന വിചാരം ഇടതു സര്‍ക്കാറിന്റെ കുഴിതോണ്ടുമെന്ന കാര്യം തീര്‍ച്ചയാണ്.

പട്ടില്‍ പൊതിഞ്ഞ പാഷാണം പോലെയാണ് സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമമെന്ന് ‘ഹലാല്‍’ സമരത്തില്‍ പന്നിയിറച്ചി വിളമ്പിയതിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഗോ വധം നിരോധിച്ചപ്പോള്‍ കേരളത്തില്‍ പല തെരുവുകളിലും ബീഫ് വരട്ടി ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുവെന്ന് ആത്മരതിപൂണ്ടവരാണിവര്‍, എന്നാല്‍ ഇക്കാര്യത്തിലും സി.പി.എമ്മിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് പിന്നീടുള്ള പ്രസ്താവനകളില്‍ പ്രകടമായി. എന്നാല്‍ ഉത്തരേന്ത്യയില്‍ എവിടെയും ബീഫ് കറിവെച്ച് വിളമ്പിയ ഡിഫിക്കുട്ടികളെ ആരും കണ്ടില്ല. യതീംഖാനയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ ‘കുട്ടിക്കടത്ത്’ കൂട്ടത്തിലാക്കിയും ഇത്തരം ധര്‍മസ്ഥാപനങ്ങളുടെ ഗ്രാന്റ് തടയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിച്ചതും സി,പി.എമ്മായിരുന്നു. മാത്രമല്ല, ഇടതു സര്‍ക്കാറിന്റെ കാലത്ത് പലപ്പോഴും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍മ്മാണ തടസം നേരിടുന്നതും പതിവാണ്. ലഘുലേഖ വിതരണം ചെയ്തതിനും പള്ളിയില്‍ ഉദ്‌ബോധനം നടത്തിയതിനും നിരവധി പണ്ഡിതന്മാര്‍ക്കെതിരെ കേസെടുത്തതും ചിലര്‍ക്കെതിരെ യു.എ.പി.എ വകുപ്പിട്ടതും ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ്. ബാങ്ക് വിളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും പല പള്ളിക്കമ്മിറ്റികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുകയാണ്. അലന്‍-താഹ കേസിലെ കോടതി വിധിയില്‍പ്പോലും സി.പി.എം എത്രമാത്രമാണ് മുസ്‌ലിംകളെ വേട്ടയാടുന്നതെന്ന് വെളിപ്പെടുന്നുണ്ട്. പലരെയും അന്യായമായി ജയിലില്‍ അടച്ചതും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താഴിട്ടതും മറക്കാറായിട്ടില്ല. ബീമാപള്ളി വെടിവെപ്പും മഅ്ദനിയുടെ തടവു ജീവിതവും ലൗ ജിഹാദ് വിവാദവും പച്ചബോര്‍ഡ്, പച്ചബ്ലൗസ് അനാവശ്യ ചര്‍ച്ചകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി തുടങ്ങിയ സംഘപരിവാര്‍ നടത്തിയ കൊലകളോടുള്ള സര്‍ക്കാറിന്റെ പ്രതികരണവും ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവത്കൃത കൊലപാതകത്തേടുള്ള സമീപനവും സിദ്ദീഖ് കാപ്പന്റെ അറസ്റ്റിനോടുള്ള നിസംഗതയിലുമെല്ലാം മുസ്‌ലിം വിരുദ്ധത മണക്കുന്നുണ്ട്.

മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തെ നിയന്ത്രിക്കാനുള്ള പുതിയ നയങ്ങളാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി സംഘപരിവാര്‍ നടത്തുന്ന യാഥാസ്തിക ഇസ്‌ലാമോഫോബിയ ഇന്ന് കേരളത്തില്‍ മതേതര /ഇടത്/ലിബറല്‍ മുന്‍കയ്യെടുത്ത് നടത്തുന്നുവെന്ന് സാരം. ആഗോളതലത്തിലും ഉത്തരേന്ത്യയിലും പ്രകടമായി കാണുന്ന ഇസ്ലാമോഫോബിയയുടെ മറ്റൊരു പതിപ്പാണ് കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷം പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനെ സൈദ്ധാന്തികമായി അവതരിപ്പിച്ച് സംശയമില്ലാത്ത രീതിയില്‍ ഇസ്‌ലാമിനെ തകര്‍ക്കുന്നത് പലര്‍ക്കും തിരിച്ചറിയാനാവുന്നില്ല എന്നതാണ് വസ്തുത. മുസ്‌ലിം ചിഹ്നങ്ങളെ തകര്‍ത്തുകൊണ്ട് തന്നെയാണ് കമ്മ്യൂണിസം സാമ്രാജ്യം സ്ഥാപിച്ചതെന്ന് ആര്‍ക്കാണ് അറിയാത്തത്. മതപണ്ഡിതന്മാരെ പാട്ടിലാക്കി റഷ്യയില്‍ തുടര്‍ന്ന തന്ത്രം പിന്നീട് പശ്ചിമ ബംഗാളില്‍ കണ്ട കുതന്ത്രം ഇതാണിപ്പോള്‍ കേരളത്തിലും കാണുന്നത്. ഇതിലേക്ക് ഈയാംപാറ്റകളെ പോലെ പാഞ്ഞെടുക്കാന്‍ വെമ്പല്‍കൊള്ളുന്നത് ആത്മഹത്യാപരമാണെന്ന് പറയാതെ വയ്യ, പിണറായി വിജയന്‍ തളികയില്‍ വെച്ചുനീട്ടുന്നതെന്തും അണ്ണാക്കുതൊടാതെ വിഴുങ്ങാനുള്ളതാണെന്ന് വിചാരിക്കുന്നിടത്തു നിന്ന് മുസ്‌ലിം സമുദായത്തിന്റെ നാശം തുടങ്ങിയെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്. അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍വാസം മുതല്‍ വഖഫ് നിയമനം വരെയുള്ള കാര്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ കേരളത്തിന്റെ ഇസ്‌മോഫോബിയയുടെ സഞ്ചാരപഥം സി.പി.എമ്മാണ് തുറന്നിട്ടതെന്ന് ബോധ്യപ്പെടും. കേരളത്തില്‍ ഇസ്‌ലാമോഫോബിയ ആഴ്ന്നിറങ്ങുകയും ഔപചാരിക/അനൗപചാരിക അധികാര സ്ഥാപനങ്ങളാല്‍ ഏറെ വളര്‍ത്തപ്പെടുകയും ചെയ്തിട്ടുള്ളതാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യന്‍ ഹിന്ദുത്വ സവര്‍ണ ദേശീയത ഇസ്‌ലാമിനെ തന്നെ ദേശീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പലവിധ ഹിംസകളും മുസ്ലിംകളോട് ചെയ്യുന്നു.

അതൊക്കെയും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന മലയാളിക്ക് തനിക്ക് ചുറ്റും നടന്നിട്ടുള്ളതും തുടര്‍ന്നും നടന്നു കൊണ്ടിരിക്കുന്നതുമായ മുസ്ലിം വിരുദ്ധത തിരിച്ചറിയാന്‍ കഴിയണം. ഒറ്റക്കും തെറ്റക്കും കേരളത്തിന്റെ മുസ്ലിം വിരുദ്ധത മറനീക്കി പുറത്തുവന്നപ്പോള്‍ ചുരുങ്ങിയ ആയുസ്സുള്ള പ്രതികരണങ്ങളിലേക്ക് ഒതുങ്ങുന്ന പതിവാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ളത്. നാര്‍ക്കോട്ടിക് ജിഹാദും ഹലാല്‍ ചര്‍ച്ചയും ശര്‍ക്കരക്കഷായം വെച്ച് കുടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യങ്ങളില്‍ നിര്‍ബന്ധിത പ്രസ്താവനകളൊഴിച്ച് പ്രായോഗിക തലത്തില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഇതെല്ലാം വേദനയുടെ വാ പൊളിച്ചുനില്‍ക്കുമ്പോള്‍ പിണറായിയെ വീണ്ടും ‘മുസാഫഹത്ത്’ ചെയ്യാന്‍ എങ്ങനെ മുസ്‌ലിം സമുദായത്തിനാകും. ആദ്യം മുസ്‌ലിം വിരുദ്ധതക്കൊരു ‘വഖ്ഫ്’ (ഫുള്‍സ്റ്റോപ്പ്) ഇടട്ടെ. എന്നിട്ട് മതി അന്ധമായ പിണറായി ഭക്തിയും വിശ്വാസവും.