സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. കേന്ദ്രം കൂടുതല്‍ വാക്‌സിനുകള്‍ അനുവദിച്ചാല്‍ മാത്രമേ കുത്തിവെപ്പ് തുടരാന്‍ കഴിയുകയുള്ളൂ. ആദ്യ വാക്‌സിനെടുത്ത് രണ്ടാം ഡോസിനായി കാത്തുനില്‍ക്കുന്നത് 44 ലക്ഷം പേരിലധികമാണ്. ഇപ്പോള്‍ സ്റ്റോക്കുള്ളത് 364670 ഡോസുകള്‍ മാത്രമാണ്.

കോവിഡ് വാക്‌സിനേഷന്‍ വോഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് രാജ്യം മുഴുവനും. കേരളം നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഭാരത് ബയോടെക്കില്‍ നിന്ന് ചില സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിനുകള്‍ വാങ്ങിയെങ്കിലും കേരളത്തിന്റെയും കര്‍ണാടകയുടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്‌സിനും വാങ്ങാനായിരുന്നു മന്ത്രിസഭ തീരുമാനം.

കേരളത്തിന് കൂടുതല്‍ വാക്‌സിനുകളും ഓക്‌സിജനും അനുവദിക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ് സംസ്ഥാനം.
ഇന്നലെ രാവിലെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 364670 വാക്‌സിനുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്.കോവാക്‌സിന്‍ 167420 ഡോസും 197250കോവിഷീല്‍ഡുമാണുള്ളത്. രണ്ടു ദിവസത്തേക്ക് പോലും ഇത് തികയില്ല. ഇതിനാല്‍ പല ജില്ലകളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 18 വയസ്സ് തികഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും (മറ്റു പരിഗണയില്ലാത്ത)500 പേരില്‍ താഴെ മാത്രമാണ് കുത്തിവെപ്പ് നടന്നിട്ടുള്ളൂ.

സംസ്ഥാനത്ത് 7933869 പേര്‍ കുത്തിവെപ്പിന് വിധേയരായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 6169310 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 1764559 പേരുമാണ്. ലക്ഷക്കണത്തിനു പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 705311 പേര്‍ ആദ്യഡോസും 230356 പേര്‍ രണ്ടാഘട്ട ഡോസുമെടുത്തിരുന്നു. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 703173 പേര്‍ ആദ്യ ഡോസും 187175 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവു കുറവ് വയനാട് ജില്ലയിലാണ്. ഇവിടെ 253999 പേര്‍ മാത്രമാണ് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചത്. 191602 പേര്‍ ഒന്നാം ആദ്യ ഡോസും 62397 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.