തിരുവനന്തപുരം: പൊലീസ് ആക്ടില്‍ കൊണ്ടുവന്ന വിവാദ നിയമഭേദഗതി തിരിച്ചടിച്ചതോടെ പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍. പ്രതിപക്ഷത്തിനൊപ്പം സഖ്യകക്ഷിയായ സിപിഐയും എതിര്‍പ്പുയര്‍ത്തിയോടെ വെട്ടിലായ സര്‍ക്കാറിന്, പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ വിയോജിപ്പ് കൂടിയായതോടെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. 118 എ നടപ്പാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാകും എന്ന് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും കേസെടുക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടും എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

എന്നാല്‍ സിപിഐ പോലും ഉയര്‍ത്തിയ എതിര്‍പ്പുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വരെ നിയമത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നു. ഇവയില്‍ വരുന്ന വാര്‍ത്തയോ ചിത്രമോ വ്യാജമാണെന്ന് പരാതി ലഭിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്താനായിരുന്നു അധികാരം. ആര്‍ക്കും ആര്‍ക്കെതിരെയും പരാതി നല്‍കാം എന്നായിരുന്നു വ്യവസ്ഥ. നേരത്തെ അപമാനിക്കപ്പെട്ട വ്യക്തി നല്‍കിയ പരാതിയില്‍ മാത്രമാണ് നടപടികള്‍ കൈക്കൊണ്ടിരുന്നത്.

ബിജെപിയുടെ വലതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച നിയമമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഇതേക്കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞിരുന്നത്. ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി അവകാശങ്ങളെ ചവിട്ടി മെതിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്. പാര്‍ട്ടി സെക്രട്ടറി യെച്ചൂരി, ഇടതുപക്ഷ സഹയാത്രികരായ കവിത കൃഷ്ണന്‍, സുനില്‍ പി ഇളയിടം, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ എല്ലാം നിയമഭേദഗതിക്കെതിരെ രംഗത്തുവന്നു.

പാര്‍ട്ടി ഭേദമില്ലാതെ എതിര്‍പ്പുകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന് പിന്നോട്ടു പോകേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന വേളയില്‍ പിണറായിക്ക് അടുത്ത അടിയായി 118 എ.