കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ 65 വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് മതൂരി ടുഡു എന്ന വയോധിക ഒലിച്ചുപോയത്. പുര്‍ബ ബര്‍ദമാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
കനത്ത മഴ തുടരുന്നതിനാല്‍ അധികൃതര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍ ഇതറിയാതെ നദിയില്‍ കുളിക്കാന്‍ പോയ മതൂരി ടുഡു കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. നദിയിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തിരച്ചില്‍ ശക്തമാക്കി.
പൊലീസിന്റെയും ഗ്രാമവാസികളുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 50 കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചു. ഉടന്‍ തന്നെ അവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.