യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖില്‍ മോഹനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടി പ്രതിചേര്‍ത്താവും പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.

അതേസമയം അഖലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്‍.നസീം എന്നിവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്‍.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ കയ്യില്‍ കത്തികൊണ്ട് മുറിഞ്ഞപാടും കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. അക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

അതേസമയം പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ പൊലീസ് പിടിയിലായ ആദില്‍, ആരോമല്‍, അദ്വൈത് എന്നിവരെ ഈമാസം 29 വരെ കോടതി റിമാന്‍ഡ് ചെയ്തു.

സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിനുള്ള കാരണം. ശിവരഞ്ജിത്താണ് കുത്തിയതെന്ന് ഉറപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കോളജിലെ സംഭവം ലഘൂകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാഴായി. പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല, വിദ്യാര്‍ത്ഥിസംഘടനയിലും ചേരിതിരിവുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്.ഐ.ആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്‍ത്തി. ശിവരഞ്ജിത്ത് നെഞ്ചില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും സമാനമായ മൊഴിയാണ് നല്‍കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്‍ ഇരുപതിലേറെ എസ്.എഫ്.ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു. പ്രതികളായ എട്ട് പേര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസില്‍ പേരുള്ള അഞ്ചു പേരടക്കം കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഏഴ് പേരെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നാലുപേര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈ്വത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജിലെ എസ.്എഫ.്ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.
കേസില്‍ പതിനഞ്ച് പ്രതികള്‍ ഉള്‍പ്പെട്ടതായും മുഴുവന്‍ പേര്‍ക്കും എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും പ്രതികള്‍ക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഘര്‍ഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് വധശ്രമത്തിനു പിന്നിലെന്ന് പറയുമ്പോഴും പ്രതികള്‍ എങ്ങനെ കത്തിയുമായി ക്യാമ്പസില്‍ എത്തി എന്ന ചോദ്യവും പ്രസക്തമാണ്. ആസൂത്രിത വധശ്രമമാണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നതാണിത്.