X

പുല്‍വാമ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമണം; കൊല്ലപ്പെട്ട ഭീകരരില്‍ 16കാരനും

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ 16കാരന്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുള്ള വീഡിയോ ദൃശ്യങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ പ്രചരിപ്പിക്കുന്നത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 16കാരനെ കുറിച്ചാണ് ദൃശ്യങ്ങളില്‍ പറയുന്നത്. ഫര്‍ദ്ദീന്‍ ഖാന്‍ദെ എന്ന 16കാരനാണ് കൊല്ലപ്പെട്ടത്. ഈ കുട്ടിഭീകരന്റെ പിതാവ് കശ്മീര്‍ പൊലീസ് സേനയില്‍ അംഗവുമാണ്. ഫര്‍ദ്ദീന്‍ കൊല്ലപ്പെടുന്നതിന് മുന്‍പു കശ്മീര്‍ യുവാക്കളെ ഭീകര സംഘടനയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള സംഭാഷണങ്ങളാണ് വീഡിയോയില്‍. ദക്ഷിണ കശ്മീരിലാണ് ഫര്‍ദീന്റെ വീട്. മൂന്ന് മാസം മുന്‍പാണ് ഫര്‍ദ്ദീന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കി. കശ്മീര്‍ താഴ വരയില്‍ ജെയ്‌ഷെ അസ്തമിച്ചിട്ടില്ല. ഇപ്പോഴും പ്രവര്‍ത്തനം നടക്കുന്നു. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

കശ്മീര്‍ താഴ് വരയിലെ യുവാക്കളില്‍ ഭീകരര്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. ഞായറാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കശ്മീര്‍ സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വൈദ്യുതി വേലി തകര്‍ത്താണ് ഭീകരര്‍ ക്യാമ്പിനുനേരെ ആക്രമണം നടത്തിയത്. ആക്രമണം നടന്ന സിആര്‍പിഎഫ് ക്യാമ്പില്‍ സുരക്ഷാ സൈന്യം നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. കൊല്ലപ്പെട്ട മൂന്നാമത്തെ തീവ്രവാദിയുടെ മൃതദേഹം കണ്ടെടുത്തു. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

chandrika: