തിരുവനന്തപുരത്ത് 36 ദിവസമായി തുടരുന്ന രാപ്പകല്‍ സമരം സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. ഉപരോധത്തെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള ഉപരോധ സമരമാണ് ഇന്ന് നടക്കുന്നത്.
ഉപരോധത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സെക്രട്ടേറിയറ്റിന്റെ ഗേറ്റുകള്‍ രാവിലെ മുതല്‍ പൊലീസ് അടച്ചുപൂട്ടിയിരുന്നു. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ജീവല്‍ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത്.
ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തകര്‍ക്കാന്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്റെ പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരില്‍ ഇന്ന് തന്നെ അടിയന്തിര പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ ആശമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ച് ജില്ലതലത്തിലേക്ക് അയക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പരിശീലനം ബഹിഷ്‌കരിച്ച് വിവിധ ജില്ലകളില്‍നിന്ന് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്.