film

വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം; ‘കാന്താര 2’ കേരള റിലീസ് അനിശ്ചിതത്വത്തില്‍

By webdesk17

September 10, 2025

കൊച്ചി: ‘കാന്താര 2’ കേരള റിലീസ് അനിശ്ചിതം. ലാഭവിഹിതവുമായി ബന്ധപ്പെട്ട് വിതരണക്കമ്പനിയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനാല്‍, ചിത്രം കേരളത്തിലെത്താതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിയോക് വ്യക്തമാക്കി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് 55 ശതമാനം വിഹിതം ആവശ്യപ്പെടുകയാണെങ്കിലും, അത് അനുവദിക്കാനാവില്ലെന്നതാണ് ഫിയോകിന്റെ നിലപാട്. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യാത്ത പക്ഷം, ചിത്രം സംസ്ഥാനത്തെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് സംഘടനയുടെ തീരുമാനം.

ഇപ്പോള്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളില്‍ ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധവുമായി ഫിയോക് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.