അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ വീണ്ടുമൊരു ജീവന്‍ പൊലിഞ്ഞിരിക്കുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ ഗര്‍ഡര്‍ പിക്കപ്പ് വാനിനു മുകളിലേക്ക് തകര്‍ന്നു വീണ് ഡ്രൈവര്‍ രാജേഷ് ദാരുണമായി മരണമടഞ്ഞ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇത് വെറുമൊരു അപകടമരണമായി എഴുതിത്തള്ളാനാവില്ല. വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷക്ക് പുല്ലുവില കല്‍പ്പിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെയും ഭീകരവുമായ ഉദാഹരണമാണിത്. അധികാരികളുടെയും നിര്‍മ്മാണക്കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ കുറ്റകൃത്യമായിത്തന്നെ ദുരന്തത്തെ കാണേണ്ടതുണ്ട്.
ഏറ്റവും ഞെട്ടിക്കുന്ന വസ്തുത, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നതാണ്. 80 ടണ്‍ വീതം ഭാരമുള്ള ഭീമന്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തുകയും സ്ഥാപിക്കുകയും ചെയ്യുന്ന അതീവ അപകടകരമായ ജോലി നടക്കുന്ന സമയത്തുതന്നെ, അതിനടിയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു എന്നതാണ് ആക്ഷേപം. പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഈ സമയത്ത് ഗതാഗതം പൂര്‍ണ്ണമായി തടയുകയോ, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടത് നിര്‍മ്മാണച്ചുമതലയുള്ളവരുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഗര്‍ഡറുകള്‍ ജാക്കിയില്‍നിന്ന് തെന്നി മാറിയത് സാങ്കേതികപ്പിഴവാകാം, എന്നാല്‍ അത്തരമൊരു പിഴവ് സംഭവിച്ചാല്‍ അത് ഒരു ദുരന്തമായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നിടത്താണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രസക്തി. ആ സുരക്ഷാവലയാണ് ഇവിടെ പൂര്‍ണ്ണമായും ഇല്ലാതായത്.
ദുരന്തത്തെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇതേ പാതയില്‍ അന്‍പതോളം ജീവനുകളാണ് അപകടങ്ങളില്‍ പൊലിഞ്ഞത് എന്ന കണക്ക് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. വികസനം നാടിന് അനിവാര്യമാണ്. 12.75 കിലോമീറ്റര്‍ വരുന്ന ഈ ഉയരപ്പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് നാടിന്റെ യാത്രാക്ലേശത്തിന് വലിയൊരളവില്‍ പരിഹാരമാകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വികസനത്തിന്റെ ഇരകളായി പൗരന്മാര്‍ മാറേണ്ടി വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. നിര്‍മ്മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായി എന്ന് അധികാരികള്‍ അവകാശപ്പെടുമ്പോള്‍, അവിടേക്കെത്താന്‍ നഷ്ടമായ ജീവനുകളുടെ കണക്കുകൂടി അവര്‍ പറയേണ്ടതുണ്ട്.
ഇവിടെ ഉയരുന്നത് ഗൗരവതരമായ ചില ചോദ്യങ്ങളാണ്. ഇത്രയും അപകടകരമായ ജോലി നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാതിരുന്നത് ആരുടെ വീഴ്ചയാണ്? നിര്‍മ്മാണക്കമ്പനിയുടെ സുരക്ഷാ വീഴ്ചകള്‍ പരിശോധിക്കാനും തിരുത്താനും ബാധ്യതപ്പെട്ട മേല്‍നോട്ട ഏജന്‍സികള്‍ എ വിടെയായിരുന്നു? രാത്രിയുടെ മറവില്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് ധൈര്യം നല്‍കുന്നത്? അന്‍പതോളം പേര്‍ മരിച്ചിട്ടും എന്തുകൊണ്ട് ഈ പാതയിലെ സുരക്ഷാ ഓഡിറ്റ് കര്‍ശനമാക്കിയില്ല?
ഈ അപകടങ്ങളെ കേവലം ‘അനിവാര്യമായ ദുരന്തങ്ങള്‍’ ആയി കാണാന്‍ സാധ്യമല്ല. നിരത്തില്‍ പൊ ലിയുന്ന ജീവനുകളില്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്. രാജേഷിനെപ്പോലെ, തങ്ങളുടെ കുടുംബത്തെ പോറ്റാന്‍ വേണ്ടി വെയിലും മഴയും രാത്രിയും പകലും ഇല്ലാതെ അധ്വാനിക്കുന്നവര്‍. അവരുടെ വിയര്‍പ്പും ഈ നാടിന്റെ വികസനത്തിനുള്ള ഇന്ധനമാണ്. ഒരപകടത്തില്‍ ഒരു വ്യക്തി മരിക്കുമ്പോള്‍, ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ അത്താണി കൂടിയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സ, വീട്ടുചെലവുകള്‍, വായ്പാ തിരിച്ചടവുകള്‍ തുടങ്ങി കുടുംബത്തിന്റെ മുഴുവന്‍ ഭാവിയുമാണ് വഴിമുട്ടുന്നത്. ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ അനാഥമാവുകയാണ്. അതുകൊണ്ട് തന്നെ, ഈ നിര്‍മ്മാണ വീഴ്ചകളെ സാങ്കേതികപ്പിഴവായി മാത്രം ലഘൂകരിക്കാനാവില്ല. ഇത് ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനികളും അതിന് മൗനാനുവാദം നല്‍കുന്ന മേല്‍നോട്ട സംവിധാനങ്ങളുമാണ് ഈ അനാഥത്വത്തിന് ഉത്തരം പറയേണ്ടത്.
രാജേഷിന്റെ മരണം അനാസ്ഥ മൂലമുണ്ടായ കൊലപാതകത്തിന് തുല്യമാണ്. ഈ ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥരും നിര്‍മ്മാണക്കമ്പനിയും അതിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയപാത അതോറിറ്റിയും ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണം. കേവലം സാങ്കേതികപ്പിഴവ് എന്നതിലുപരി, ക്രിമിനല്‍ അനാസ്ഥ എന്ന നിലയില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണം. മരണമടഞ്ഞ രാജേഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
വികസനത്തിന്റെ വേഗത മാത്രം പോരാ, അതിന് മനുഷ്യ ജീവന്റെ വിലയുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടാകണം. ഇനിയൊരു ജീവന്‍ കൂടി ഈ പാതയില്‍ പൊലിയാതിരിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രം മതി ബാക്കി നിര്‍മ്മാണം.