എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതാണ് കേരള രാഷ്ട്രീയത്തിലെ 2016ലെ മുഖ്യവിശേഷം. ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ജയലളിതയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കണക്കുകൂട്ടല്‍ പിഴച്ചു. എല്‍.ഡി.എഫ് 91 സീറ്റുകളുമായാണ് പതിനാലാം കേരള നിയമസഭയില്‍ ഭൂരിപക്ഷം നേടി ഭരണം പിടിച്ചത്. യു.ഡി.എഫ് 47ഉം ബി.ജെ.പി ഒന്നിലും സ്വതന്ത്രന്‍ പി.സി ജോര്‍ജ്ജും വിജയംകണ്ടു.

65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ യു.ഡി.എഫിന് 38 ശതമാവും ഒരു ശതമാനം സീറ്റു നേടിയ ബി.ജെ.പി-ബി.ഡി.ജെ.എസ് മുന്നണിക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. നാലു മന്ത്രിമാരും സ്പീക്കറും തോല്‍വിയേറ്റുവാങ്ങിയെങ്കിലും മുസ്്‌ലിംലീഗിന്റെ അഞ്ചു മന്ത്രിമാരും വിജയക്കൊടറി പാറിച്ചു. യു.ഡി.എഫിന് തിരിച്ചടി നല്‍കിയ ജനം മുസ്്‌ലിംലീഗിനോടുള്ള കൂറും പിന്തുണയും ആവര്‍ത്തിച്ചപ്പോള്‍ 18 എം.എല്‍.എമാരുമായി തലഉയര്‍ത്തി തന്നെ നിന്നു. 14,96,864 (7.4%) വോട്ടുകളുമായി എണ്ണം വര്‍ധിപ്പിക്കാനുമായി. സിറ്റിംഗ് സീറ്റുകളായ കൊടുവള്ളിയിലും തിരുവമ്പാടിയിലും താനൂരിലും അവിശുദ്ധ സഖ്യത്തോട് ലീഗിന് തോല്‍വി പിണഞ്ഞപ്പോള്‍ കുറ്റ്യാടി പിടിച്ചെടുത്ത് യു.ഡി.എഫ് വിരുദ്ധ കാറ്റിലും മുസ്‌ലിംലീഗ് വിസ്മയമായി.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പടനയിച്ച ബി.ജെ.പി സി.പി.എം സിറ്റിംഗ് സീറ്റായ നേമത്തു ഒ രാജഗോപാലിലൂടെ വിജയംകണ്ട് നിയമസഭയില്‍ അകൗണ്ട് തുറന്നതിന് പുറമെ ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. ബി.ജെ.പിയെ കാണിച്ച് ഭീതിപടര്‍ത്തിയ സി.പി.എം തന്ത്രം വിജയിച്ചപ്പോള്‍ മലബാറിലും തൃശൂരിലും മധ്യകേരളത്തിലുമുള്‍പ്പെടെ പല ജില്ലകളിലും എല്‍.ഡി.എഫിന് കാര്യങ്ങള്‍ സുഗമമായി. മഞ്ചേശ്വരത്ത് താമര വിരിയാതെ നോക്കിയത് മുസ്്‌ലിംലീഗിലെ പി.ബി അബ്ദുള്‍ റസാക്ക് ഇഞ്ചോടിഞ്ച് പൊരുതിയാണ്. ഇവിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തു വന്നത്. കാസര്‍ക്കോട് നിയോജക മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുള്ള രവിശ തന്ത്രി കുന്തരെ പരാജയപ്പെടുത്തിയത് മുസ്്‌ലിംലീഗിലെ എന്‍.എ നെല്ലിക്കുന്നാണ്. പാലക്കാട് മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ മുന്നേറിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ തടഞ്ഞ് 17483 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെയും മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ 7622 വോട്ടിന്റെ മിന്നും ജയം സ്വന്തമാക്കി.

മുസ്‌ലിം ലീഗിന് ബദലാവാനും സമാന്തരമാവാനും രംഗത്തു വന്നവരെയെല്ലാം തെരഞ്ഞെടുപ്പില്‍ ജനം വൈറ്റുവാഷ് ചെയ്ത വര്‍ഷമാണ് 2016. പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ക്കൊന്നും ചെറുചലനം പോലും ഉണ്ടാക്കാനായില്ല. എസ്ഡിപിഐക്ക് അസംബ്ലിയില്‍ ലഭിച്ചത് 0.6% വോട്ടുകളാണ്. ഏതാനും മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച പിഡിപിക്ക് 47,950 വോട്ടുകള്‍ അഥവാ 0.2% ലഭിച്ചപ്പോള്‍ ഏറെ കുറെ എല്ലാ മണ്ഡലങ്ങളിലും ഗോദയിലിറങ്ങിയെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വെറും 0.3% (61,653)വോട്ടുകളാണ് സമ്പാദ്യം. ന്യൂനപക്ഷത്തിന്റെ പേരില്‍ നിലനില്‍ക്കാനുള്ള അര്‍ഹത മുസ്‌ലിംലീഗിന് മാത്രമാണെന്ന് ജനവിധി അടിവരയിട്ടു.

കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണമായും യു.ഡി.എഫിനും പ്രത്യേകിച്ചും മുസ്‌ലിംലീഗിനും എതിരായിരുന്നു. മഞ്ചേശ്വരം ഉള്‍പ്പെടെ പലയിടത്തും ബി.ജെ.പിയെ സഹായിക്കുന്നതുമായിരുന്നു കാന്തപുരം നിലപാട്. മുസ്‌ലിംലീഗിനെ രണ്ടോ മൂന്നോ സീറ്റുകളില്‍ ഒതുക്കുമെന്ന് കാന്തപുരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ പോരിനിറങ്ങിയ മണ്ണാര്‍ക്കാട് ഉള്‍പ്പെടെ ഹരിതപതാക പാറി. വേങ്ങര, മണ്ണാര്‍ക്കാട്, ഏറനാട്, കുറ്റ്യാടി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗിന് കൂടുതല്‍ വോട്ട് നേടാനായി. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാരുണ്ടെന്നത് ചുവപ്പന്‍കാറ്റു വീഴ്ചക്ക് ഹരിതക്കോട്ടകളെ ഇളക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ്.
മുസ്‌ലിംലീഗ് ദേശീയ തലത്തില്‍ കൂടുതല്‍ വേരുറപ്പിച്ച വര്‍ഷവുമാണ് കടന്നുപോവുന്നത്. കേരളത്തിലെ മികച്ച പ്രകടനത്തിന് പുറമെ തമിഴ്‌നാട് നിയമസഭയിലേക്കും വിജയം കണ്ടു.