ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായി അനില്‍ അംബാനിയുടെ മകന്‍ ജയ് ആന്‍മോള്‍ അംബാനിയുടെ വീട്ടിലും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്‍എച്ച്എഫ്എല്‍)ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.
യൂണിയന്‍ ബാങ്ക് (മുന്‍പ് ആന്ധ്ര ബാങ്ക്) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍എച്ച്എഫ്എല്‍ വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ ജയ് അംബാനി, ആര്‍എച്ച്എഫ്എല്‍, കമ്പനിയുടെ മുന്‍ സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രവീന്ദ്ര ശരദ് സുധാകര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്റ് അടിസ്ഥാനമാക്കി സിബിഐ മുബൈയിലുള്ള റിലയന്‍സ് ഹോം ഫിനാന്‍സിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങളും, ജയ് അംബാനിയുടെ വസതിയും, മുന്‍ സിഇഒ രവീന്ദ്ര സുധാകറിന്റെ വീടും പരിശോധിച്ചു.
അന്വേഷണത്തിനിടെ അനില്‍ അംബാനിയുടെ കഫേ പാരേഡിലെ സീ വിന്‍ഡ് അപ്പാര്‍ട്ട്മെന്റിന്റെ ഏഴാം നിലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി പ്രധാന രേഖകളും ഡിജിറ്റല്‍ ഡാറ്റയും സിബിഐ കയ്യിലെടുത്തു. (ആര്‍എച്ച്എഫ്എല്‍) 18 ബാങ്കുകള്‍, കമ്പനികള്‍, ബാങ്കിങേതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ആകെ 5572.35 കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്.
വായ്പ ദുരുപയോഗം ചെയ്തതായും അക്കൗണ്ടുകളില്‍ വ്യത്യാസങ്ങള്‍ കാണപ്പെട്ടതായും പ്രാഥമിക പരിശോധനയില്‍ സൂചനകള്‍ ലഭിച്ചിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.