25ഓളം മീന്‍പിടിത്തക്കാരെ ഇറാന്‍ പിടിച്ചുവെച്ചതായി റിപ്പോര്‍ട്ട്. ബഹ്‌റൈനിലും യുഎഇയിലും ജോലി ചെയ്യുന്ന ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരാണ് തടവിലാക്കപ്പെട്ടത്. ഇറാനിലെ അജ്ഞാത ദ്വീപിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ പ്രവിശ്യയിലേക്ക് പ്രവേശിച്ചെന്ന പേരില്‍ കഴിഞ്ഞ ആഴ്ച 15ഓളം ഇന്ത്യന്‍ മുക്കുവന്മാരെ ഇറാന്‍ തിരിച്ചയച്ചിരുന്നു. 6 മാസത്തോളം തടവില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് അവരെ പുറത്തുവിട്ടത്.

ഇപ്പോള്‍ 25 പേരടങ്ങുന്ന മീന്‍പിടിത്തക്കാര്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കഴിയുകയാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഇറാനിലേക്ക് കടന്നെന്ന പേരില്‍ 25 പേരടങ്ങുന്ന ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ മാര്‍ച്ച് മാസം മധ്യത്തിലാണ് ബഹ്‌റൈനില്‍ നിന്ന് പിടികൂടിയതെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. മൂന്ന് ബോട്ടുകളടങ്ങുന്ന ആദ്യസംഘത്തെ മാര്‍ച്ച് 12നും രണ്ടാം സംഘത്തെ മാര്‍ച്ച് 23നുമാണ് പിടിച്ചെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് 15 ഇന്ത്യക്കാരടങ്ങിയ മറ്റൊരു സംഘത്തെ യുഎഇയില്‍ നിന്നും പിടിക്കുകയായിരുന്നു.

”ബഹ്‌റൈനില്‍ നിന്നും പിടിച്ചെടുത്ത മുക്കുവന്മാരുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ ഭീതിദരാണ്. മതിയായ ഭക്ഷണമോ സുരക്ഷയോ ഇല്ലാതെയാണവര്‍ കഴിയുന്നത്”- സാമൂഹ്യപ്രവര്‍ത്തകയായ സിസ്റ്റര്‍ ജോസഫൈന്‍ വലര്‍മതി പറഞ്ഞു. ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ജോസഫൈന്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം തങ്ങള്‍ അതിര്‍ത്തി ഭേദിച്ചിട്ടില്ലെന്നും ഇറാനിലേക്ക് ഞങ്ങള്‍ കയറിയിട്ടില്ലെന്നും ബഹ്‌റൈനില്‍ നിന്നും പിടിച്ച മുക്കുവന്മാര്‍ പറഞ്ഞു. ഞങ്ങള്‍ മീന്‍ വില്‍ക്കാനായി യുഎഇയിലേക്ക് പോവുന്നതിനിടയില്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും തടവിലാക്കുകയുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.