kerala

വയനാട് ദുരന്തത്തിൽ മരണം 284; തമിഴ്നാട് അതിർത്തി കടന്നും തിരച്ചിൽ നടത്തും

By webdesk13

August 01, 2024

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 284 ആയി ഉയര്‍ന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിലമ്പൂര്‍ 139, മേപ്പാടി സിഎച്ച്‌സി 132, വിംസ് 12, വൈത്തിരി 1, ബത്തേരി 1 എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്നത്തെ തെരച്ചില്‍ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. ബെയ്‌ലി പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ വേഗം കൈവരിക്കും.

രക്ഷാദൗത്യത്തിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും.1100 അംഗങ്ങള്‍ ഉള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഡാവര്‍ നായകളെയും ദുരന്തമേഖലയില്‍ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയാക്കും. ചാലിയാര്‍ പുഴയുടെ ഉള്‍ വനത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഇന്ന് തിരച്ചില്‍ നടത്തും.

നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് 15 കിലോമീറ്റര്‍ വനഭാഗം കഴിഞ്ഞാല്‍ തമിഴ്‌നാട് അതിര്‍ത്തിയാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്നും തിരച്ചില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. വനം വകുപ്പ് ആണ് തിരച്ചില്‍ നടത്തുന്നത്. ചാലിയാറിന്റെ പോഷക നദികള്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സും സംഘങ്ങള്‍ ആയി തിരിഞ്ഞു ഇന്ന് തിരച്ചില്‍ നടത്തുന്നു. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയില്‍നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ വയനാട്ടിലേക്ക് തിരിച്ചു. 69 അംഗ ടീമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാവുക.