Connect with us

kerala

ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപക മര്‍ദനം; അന്വേഷണം ആരംഭിച്ചു

കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

Published

on

കൊല്ലം: ചാത്തനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 11 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

ഡെസ്‌കിന് മുകളിലേക്കു കൈവെച്ച് നിരവധി തവണ അടിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞതായി അറിയിച്ചു. സംഭവം ഒതുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നും ഇതുവരെ പൊലീസ് അല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ നടപടിയെടുത്തിട്ടില്ലെന്നും പിതാവ് ആരോപിച്ചു.

അതേസമയം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

 

kerala

മകനെ കാണാന്‍ ജയിലിലേക്ക് കഞ്ചാവുമായെത്തി; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

Published

on

മൈസൂരു: മൈസൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളടക്കം മൂന്ന് പേരെ മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ മകനും വിചാരണത്തടവുകാരനുമായ ആകാശിന് നല്‍കാനായാണ് കഞ്ചാവ് ജയിലിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഡിസംബര്‍ 12ന് മകനെ കാണാനും വസ്ത്രങ്ങള്‍ നല്‍കാനും ദമ്പതികള്‍ ജയിലിലെത്തിയിരുന്നു. പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ജയില്‍ ചീഫ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതികള്‍ കഞ്ചാവ് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമിച്ചതായി സ്ഥിരീകരിച്ചു. എന്‍ഡിപിഎസ് ആക്ട്, ജയില്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉമേഷ്, രൂപ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ചോദ്യം ചെയ്യലില്‍, മധു എന്നയാളുടെ മകനായ സുരേഷ് എം ആണ് കഞ്ചാവ് ജയിലിലെത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് രൂപ മൊഴി നല്‍കി. സുരേഷ്, ആകാശിന്റെ സുഹൃത്താണെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് സുരേഷ് എംനെയും മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കം വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.

 

Continue Reading

kerala

നഴ്സുമാരുടെ ഹോസ്റ്റലില്‍ അതിക്രമം: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

നഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

തലശ്ശേരി (കണ്ണൂര്‍): തലശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ പാറാട് പുത്തൂര്‍ ക്ലബിന് സമീപം മുക്കത്ത് ഹൗസില്‍ മുഹമ്മദ് അജ്മല്‍ (27) എന്നയാളെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ കയറിയ പ്രതി യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ എസ്ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലും പരിസരങ്ങളിലും സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, പ്രതിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി നാരങ്ങാപ്പുറത്തെ ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു. ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ തലശ്ശേരി നഗരത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളുടെ പരിസരങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തി. വൈകീട്ട് ആറുമണിയോടെ എസ്ഐ കെ. അശ്വതി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജില്‍, ഹിരണ്‍, സായൂജ് എന്നിവര്‍ ചേര്‍ന്ന് തലശ്ശേരിയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷമീല്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ബലാത്സംഗം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

 

Continue Reading

kerala

ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു; ഇതുവരെ 25 ലക്ഷം പേര്‍ ദര്‍ശനം നടത്തി

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു.

Published

on

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് തിരക്ക് വര്‍ധിച്ചത്. ഇന്ന് 12 മണി വരെ ദര്‍ശനം മാത്രം നടത്തിയത് അര ലക്ഷം പേരാണ്. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ.

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി.

അതേസമയം, കാനനപാതകളിലൂടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തര്‍ വിവിധ കാനന പാതകളിലൂടെ ദര്‍ശനം നടത്തി. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23 ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 26 ന് സന്നിധാനത്തെത്തും 27നാണ് മണ്ഡല പൂജ.

 

 

Continue Reading

Trending