ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ദക്ഷിണേന്ത്യന്‍ യാത്രികര്‍ ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു.
ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്‌നാട് സ്വദേശികളാണ് കേരളാ എക്‌സ്പ്രസില്‍ വെച്ച് മരിച്ചത്.

വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങിയ 68 അംഗ യാത്രാ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് മരിച്ചത്. സ്ലീപ്പര്‍ ക്ലാസുകളായി എസ് 8, 9 ബോഗികളില്‍ യാത്ര ചെയ്ത മധ്യവകരാണ് കുഴഞ്ഞുവീണത്. തീവണ്ടി ആഗ്ര സ്റ്റേഷന്‍ വിട്ട ഉടനെ ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ട ഇവര്‍ പെട്ടെന്നു തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഒപ്പം യാത്ര ചെയ്തവര്‍ പറഞ്ഞു. 80 വയസ്സുകാരനായ പാച്ചയ്യ, 67 കാരനായ ബാലകൃഷ്ണന്‍, 74 കാരിയായ ധനലക്ഷ്മി, 71 കാരനായ സുബ്ബരായ്യ്യ എന്നിവരാണ് മരിച്ചത്.

മരണകാരണം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമെ പറയാനാകു എന്നാണ് റെയില്‍ വെ പറയുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ ട്രെയിന്‍ ഝാന്‍സി റെയില്‍ വേ സ്റ്റേഷനില്‍ നിന്നും മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ തമിഴ്‌നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുമെന്നും റെയില്‍ വെ അറിയിച്ചു.

ഉത്തരേന്ത്യയിലാകെ കനത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചുട് 48 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്ന സാഹചര്യമാണ് .