തൃശൂര്‍: കുന്ദംകുളത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങിമരിച്ചു. അന്നൂര്‍ കുന്നിലെ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. അന്നൂര്‍ സ്വദേശി സീത, മകള്‍ പ്രതിക, അയല്‍വാസി സന, ബന്ധു ഹാഫിസ് എന്നിവരാണ് മരിച്ചത്. സനയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ചേലക്കര സ്വദേശിയായ ഹാഫിസ് എന്ന എട്ട് വയസ്സുകാരന്‍.

സീത കുളിക്കാന്‍ പോയപ്പോള്‍ മകള്‍ പ്രതികയും പ്രതികയുടെ സുഹൃത്തുക്കളായ സനയും ഹാഫിസും കൂടെ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.