Connect with us

News

55 വിക്കറ്റ്, ചരിത്ര റെക്കോഡ്;2025 സൂപ്പര്‍ സ്റ്റാര്‍ സ്റ്റാര്‍കിന്റെ സുവര്‍ണ വര്‍ഷം

ഈ വിജയകഥയ്ക്ക് പിന്നില്‍ ഒരു കോച്ചിന്റെ ദൂരദര്‍ശനവുമുണ്ട്. സിഡ്‌നിയിലെ ബെറേല ക്രിക്കറ്റ് ക്ലബ്ബിലെ കോച്ച് നീല്‍ ഡിക്കോസ്റ്റയുടെ ശ്രദ്ധ പതിഞ്ഞത് ഒരു പതിന്നാലുകാരന്റെ ശക്തമായ ത്രോയിലായിരുന്നു.

Published

on

2025 ടെസ്റ്റ് ക്രിക്കറ്റ് സീസണ്‍ അവസാനിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന പേര് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സ്വര്‍ണക്ഷരങ്ങളില്‍ എഴുതപ്പെട്ടിരിക്കുകയാണ്. 11 ടെസ്റ്റുകളില്‍ നിന്ന് 55 വിക്കറ്റുകള്‍ സ്വന്തമാക്കി സ്റ്റാര്‍ക് സൂപ്പര്‍ സ്റ്റാറായ വര്‍ഷമാണ് കടന്നുപോയത്. വസീം അക്രത്തെ മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇടംകൈയന്‍ പേസര്‍ എന്ന റെക്കോഡും (428 വിക്കറ്റ്) സ്റ്റാര്‍ക് സ്വന്തമാക്കി. സ്റ്റാര്‍ക്കിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഈ ആഷസ് പരമ്പരയിലായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ വെറും 58 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനം ക്രിക്കറ്റ് ലോകം അമ്പരപ്പോടെ കണ്ടു.

സമീപകാലത്ത് പേസ് അല്പം കുറഞ്ഞെങ്കിലും ഇന്നും സ്റ്റാര്‍ക് എറിയുന്ന പന്തുകള്‍ മണിക്കൂറില്‍ 140 കിലോമീറ്ററിലേറെ വേഗമുണ്ട്. ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ സ്റ്റാര്‍ക് എറിയുന്ന ആദ്യ ഓവറുകള്‍ തന്നെ ഒരു ഡോക്യുമെന്ററിയാക്കാവുന്നതാണ്. മിക്കപ്പോഴും ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തുന്ന സ്റ്റാര്‍ക്, തന്റെ കരിയറില്‍ 26 തവണ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയിട്ടുണ്ട്. ഈ പ്രായത്തിലും ഇത്ര വേഗത്തിലും കൃത്യതയിലും പന്തെറിയുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഓസ്‌ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്‌ഡോണാള്‍ഡ് ഒരു പോഡ്കാസ്റ്റില്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ‘എനിക്കറിയില്ല അയാള്‍ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ടീം ഫിസിയോ എന്നോട് പറഞ്ഞത് സ്റ്റാര്‍ക് ഒരു പ്രതിഭാസമാണെന്നാണ്.’ സ്റ്റാര്‍ക്കിന് 2026 ജനുവരിയില്‍ 36 വയസാകും. എന്നാല്‍ പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സീസണ്‍. ഈ വിജയകഥയ്ക്ക് പിന്നില്‍ ഒരു കോച്ചിന്റെ ദൂരദര്‍ശനവുമുണ്ട്. സിഡ്‌നിയിലെ ബെറേല ക്രിക്കറ്റ് ക്ലബ്ബിലെ കോച്ച് നീല്‍ ഡിക്കോസ്റ്റയുടെ ശ്രദ്ധ പതിഞ്ഞത് ഒരു പതിന്നാലുകാരന്റെ ശക്തമായ ത്രോയിലായിരുന്നു.

വിക്കറ്റ് കീപ്പറായിരുന്ന ആ കുട്ടിയുടെ ത്രോയില്‍ അസാധാരണ ശക്തി കണ്ട കോച്ച് ഗ്ലൗ ഊരിവാങ്ങി പന്തെറിയാന്‍ പറഞ്ഞു. ‘ഞാന്‍ വിക്കറ്റ് കീപ്പറാണ്,’ എന്നായിരുന്നു മറുപടി. ‘പറഞ്ഞത് ചെയ്യൂ’ എന്നായിരുന്നു കോച്ചിന്റെ മറുപടി. അടുത്ത ദിവസങ്ങളില്‍ പരിശീലനത്തിന് എത്തുന്ന അവന് നാല് ബക്കറ്റ് നിറയെ പന്തുകള്‍ നല്‍കി. അത് എറിഞ്ഞുതീര്‍ത്തിട്ടേ പോകാന്‍ അനുവദിക്കുമായിരുന്നില്ല. ബൗളിങ് അവന് ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ കോച്ച് അവനെ വിളിച്ചിരുത്തി പറഞ്ഞു: ‘ഒരിക്കല്‍ നീ ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കും’ അത് വേണോ, അതോ ഗ്രൗണ്ടിന് പുറത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നവരെപ്പോലെയാകണോ? ആ വാക്കുകളാണ് അവന്റെ മനസ്സ് മാറ്റിയത്. ഫാസ്റ്റ് ബൗളറാകാനുള്ള തയ്യാറെടുപ്പ് അവന്‍ ആരംഭിച്ചു. കോച്ചിന്റെ വാക്കുകള്‍ വെറുതെയായില്ല. 2010ല്‍ മിച്ചല്‍ സ്റ്റാര്‍ക് ഓസ്‌ട്രേലിയക്കുവേണ്ടി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് ലോകത്തെ ഏറ്റവും മികച്ച ഇടംകൈയന്‍ പേസര്‍മാരിലൊരാളായി, ‘ടെസ്റ്റ് സ്റ്റാര്‍’ എന്ന പേരിന് അര്‍ഹനായി മാറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending