ചണ്ഡിഗഢ്: അഞ്ചാംക്ലാസില്‍ പഠിക്കുന്ന 11 വയസ്സുകാരന്‍ ലിവ്‌ജോതിന് 10ാംക്ലാസ് പരീക്ഷയെഴുതാന്‍ അനുമതി നല്‍കി ചത്തീസ്ഗഢ് വിദ്യാഭ്യാസ ബോര്‍ഡ്. ദുര്‍ഗ് ജില്ലയില്‍ നിന്നുള്ള ലിവ്‌ജോത് അറോറയെന്ന മിടുക്കനാണ് , പ്രത്യേക ഇന്റലിജന്‍സ് കോഷ്യന്റ് പരിശോധനയ്ക്ക് ശേഷം 10ക്ലാസ് പരീക്ഷക്കിരിക്കാന്‍ അനുമതി നല്‍കിയത്.

2020-21 അധ്യയന വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ലിവ്‌ജോതിന്റെ അപേക്ഷയെ തുടര്‍ന്ന് ഐക്യു പരീക്ഷ നടത്തുകയായിരുന്നു. ദുര്‍ഗ് ജില്ലാ ആശുപത്രിയില്‍ വെച്ചു നടത്തിയ പരീക്ഷയില്‍ ലിവ്‌ജോതിന്റെ ഐക്യു 16വയസുകാരന്റേതിന് സമാനമാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്. സമര്‍ഥരായ ചെറിയ കുട്ടികള്‍ക്ക് ബോര്‍ഡ്് പരീക്ഷയില്‍ പങ്കെടുക്കാമെന്ന പത്രവാര്‍ത്ത കണ്ടതിനെ തുടര്‍ന്ന്, സമ്മര്‍ദമുണ്ടാക്കാതെ തന്നെ അവനെ തയ്യാറെടുപ്പിച്ചെന്ന് ലിവ്‌ജോതിന്റെ പിതാവ് പറഞ്ഞു.