തല്‍വാര്‍: രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡനം. ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ തല്‍വാറില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം. വൈകിട്ട് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ഏറെ വൈകിയിട്ടും തിരിച്ചു വരുന്നത് കാണാത്തതിനെത്തുടര്‍ന്ന് മാതാവ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കാണാതായതറിഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.