Connect with us

More

ത്രിപുരയില്‍ ബി.ജെ.പി വിതച്ചത്

Published

on

എ. മുഹമ്മദ് ഹനീഫ

ത്രിപുരയില്‍ ഭരണം ബി.ജെ.പി പിടിച്ചടക്കിയതിന്റെ ഒമ്പതാം നാള്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ദേബര്‍മയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ചരിലം നിയമസഭാ മണ്ഡലത്തിലായിരുന്നു അത്. ബി.ജെ.പി വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു എന്നാരോപിച്ച് ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മുമ്പ് സി.പി.എം മല്‍സരത്തില്‍ നിന്ന് പിന്‍മാറി. പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം സി.പി.എം അവസാനിപ്പിച്ചത് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്നു. പോളിങ് എണ്‍പത് ശതമാനം കടന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പൊതുവെ രേഖപ്പെടുത്തപ്പെടുന്ന ശരാശരി വോട്ടിങിനേക്കാള്‍ ഉയര്‍ന്ന പോളിങായി അത് വിലയിരുത്തപ്പെട്ടു. സി.പി.എമ്മിന്റെ ബഹിഷ്‌കരണാഹ്വാനം വോട്ടര്‍മാര്‍ തള്ളിയതായി നിരീക്ഷിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായിരുന്നു: ജിഷ്ണു ദേബര്‍മന്‍ ബി.ജെ.പി 26580 (90.81%) പാലാഷ് ദേബര്‍മ സി.പി.എം 1030 (3.51%) അര്‍ജുന്‍ ദേബര്‍മ കോണ്‍ഗ്രസ് 775 (2.64%).

ത്രിപുരയുടെ പുതിയ ഉപമുഖ്യമന്ത്രികൂടിയായ ബി.ജെ.പി സ്ഥാനാര്‍ഥി ജിഷ്ണു ദേബര്‍മന്‍ പടുകൂറ്റന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. സി.പി.എം സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച ജാമ്യ സംഖ്യ നഷ്ടപ്പെട്ടു. കൂടാതെ, ചരിലം ബി.ജെ.പിക്ക് അനുകൂലമായി പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പ് റിക്കോര്‍ഡുകള്‍കൂടി രേഖപ്പെടുത്തി. ഒന്ന്, ത്രിപുരയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. (25550 വോട്ടുകള്‍) രണ്ട്, ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് അനുകൂലമായി രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന വോട്ടുവിഹിതം (90.81 ശതമാനം). അവിചാരിതമായി അധികാരം നഷ്ടമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തില്‍ സി.പി.എമ്മായിരുന്നു മുന്നില്‍ (43.2%). സംസ്ഥാന ഭരണം കയ്യടക്കിയ ബി.ജെ.പി ജനപിന്തുണയില്‍ പിന്നിലായിരുന്നു (42.4%). സര്‍വസന്നാഹങ്ങളും സമാഹരിച്ച് ബി.ജെ.പി നടത്തിയ പടയോട്ടത്തിന് മുന്നിലും പതറാതെ പാര്‍ട്ടിക്ക് പിന്നിലണിനിരന്ന നാല്‍പത് ശതമാനം ജനങ്ങളാണ് ചരിലം ഉപതെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്ന കോണ്‍ഗ്രസ് പോലും പ്രകടനം മെച്ചപ്പെടുത്തിയപ്പോഴാണിത്. (1.8% 2.64%) അതിനാല്‍ ത്രിപുരയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശരിയായ സൂചനയാകുന്നു ചരിലം.

ചരിലത്ത് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് സി.പി.എം ഉത്തരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ പങ്കെടുത്തിരുന്നില്ല എന്നതായിരുന്നു ആ ഉത്തരം. അതൊരു മുന്‍കൂര്‍ ഉത്തരമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ പാര്‍ട്ടി അത് പറയാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഉത്തരം കൂടുതല്‍ ചോദ്യങ്ങളെ ഉത്പാദിപ്പിക്കുകയാണ് ചെയ്തത്. ഇന്നേവരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവ പാര്‍ട്ടിക്ക് മുമ്പില്‍ ബാക്കികിടക്കുന്നു. ഒന്ന്: വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടി ആഹ്വാനം എന്തുകൊണ്ട് ജനങ്ങള്‍ തള്ളിക്കളഞ്ഞു? രണ്ട്: പത്തുദിവസം മുമ്പുവരെ പാര്‍ട്ടിയോട് കൂറുപുലര്‍ത്തിയ നാല്‍പത് ശതമാനം വോട്ടര്‍മാര്‍ക്ക് എന്തുപറ്റി? മൂന്ന്: ബഹിഷ്‌കരണാഹ്വാനം തള്ളി വോട്ട് രേഖപ്പെടുത്തിയ അനുഭാവികള്‍ എന്തുകൊണ്ട് പാര്‍ട്ടി ചിഹ്നം പരിഗണിച്ചില്ല? അവര്‍ക്ക് വേണമെങ്കില്‍ വിരലമര്‍ത്താന്‍ പാകത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും പാര്‍ട്ടി ചിഹ്നവും വോട്ടിങ് മെഷീനില്‍ അപ്പോഴും തെളിഞ്ഞു കിടന്നിട്ടും, ജനവിരുദ്ധ ബി.ജെ.പി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവോട്ട് രേഖപ്പെടുത്താന്‍ ‘നോട്ട’ ഒരായുധമായി മുന്നിലുണ്ടായിട്ടും.

ചോദ്യങ്ങളില്‍നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന യുക്തിസഹമായ ഒരേയൊരുത്തരം ചരിലത്ത് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആഴം പാര്‍ട്ടി മുന്‍കൂട്ടി കണ്ടിരുന്നു എന്നത് മാത്രമാണ്. പ്രളയജലം പോലെ ജനം ഒന്നാകെ എതിര്‍പാളയത്തിലേക്ക് കുത്തിയൊലിച്ചു പോകുന്നത് തടയാന്‍ പാര്‍ട്ടിക്ക് പയറ്റാന്‍ കഴിയുമായിരുന്ന ഒരേയൊരു അടവായിരുന്നു തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. അതുകൊണ്ടാണ് തോല്‍വിയെ കുറിച്ച് ചോദ്യങ്ങളുയരുന്നതിന് മുമ്പുതന്നെ ബഹിഷ്‌കരണം എന്ന ഉത്തരം അവര്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നത്. ശരിയായ ചോദ്യങ്ങള്‍ക്ക് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിന് പകരം ചോദ്യങ്ങള്‍ക്കെല്ലാം തന്ത്രപരമായി നിര്‍മ്മിച്ചെടുത്ത റെഡിമെയ്ഡ് ഉത്തരങ്ങള്‍ നല്‍കാനാണ് സി.പി.എം ശ്രമിച്ചത്. അവ പാര്‍ട്ടിയുടെ കയ്യില്‍ എന്നുമുണ്ടായിരുന്നു.

ത്രിപുരയില്‍ സി.പി.എമ്മിന് എന്താണ് സംഭവിച്ചതെന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിലം പാഠപുസ്തകമാണ്. സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ ആശയപരവും പ്രായോഗികവുമായ പോരാട്ടങ്ങളിലൂടെ തോല്‍പ്പിക്കുമെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ നേരിടുന്ന മൗലികമായ ദൗര്‍ബല്യങ്ങളും പരിമിതികളും എന്തെന്ന ചോദ്യങ്ങള്‍ക്കും ആ പാഠപുസ്തകത്തില്‍ ഉത്തരങ്ങളുണ്ട്. ആ ഉത്തരങ്ങളില്‍ ചിലത് ഇങ്ങനെയാണ്. ഒന്ന്: ബംഗാളിലും ത്രിപുരയിലും സി.പി.എം പരിശീലിക്കുന്ന മൃദു ഹിന്ദുത്വ സവര്‍ണസേവാ രാഷ്ട്രീയത്തില്‍നിന്ന് ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ സവര്‍ണാധികാര രാഷ്ട്രീയത്തിലേക്ക് മുറിച്ചുകടക്കാന്‍ എളുപ്പവഴികളുണ്ട്. രണ്ട്: ഭരണകൂടാധികാരവും പാര്‍ട്ടി സംഘടനാ അധികാരവും ഒരുമിപ്പിച്ച് ജനങ്ങള്‍ക്കുമേല്‍ ജനാധിപത്യ വിരുദ്ധമായി പ്രയോഗിക്കുന്ന പാര്‍ട്ടിയുടെ അമിതാധികാര വ്യവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഏറ്റവുമാദ്യത്തെ അവസരം ജനങ്ങള്‍ ഉല്‍സവം പോലെ ആഘോഷിക്കും. വരാനിരിക്കുന്ന ഫാഷിസ്റ്റ് പുലികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവര്‍ അന്ധമായി അവഗണിക്കുകയും ചെയ്യും. കാരണം ആ മുന്നറിയിപ്പുകളൊന്നും കടന്നുപോയ ജീവിതത്തിലെ അനുഭവ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ അവര്‍ക്ക് ഒട്ടും ഭീതിജനകമായിരിക്കുകയില്ല. മൂന്ന്: ആറു പതിറ്റാണ്ടുകാലത്തെ നിരന്തര സംഘടനാബന്ധം കൊണ്ടും മൂന്നു പതിറ്റാണ്ട് കാലത്തെ സല്‍ഭരണ സമ്പര്‍ക്കം കൊണ്ടും പൂര്‍ണമായും പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടുനിന്ന ഒരു ജനതക്ക് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ദിശാബോധം പകര്‍ന്നു നല്‍കാന്‍ സി.പി.എമ്മിന് സാധ്യമായിട്ടില്ല. വര്‍ഗരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോയിട്ട് അക്ഷരമാല പോലും അവര്‍ക്ക് അജ്ഞാതമാണ്. ജലത്തില്‍ മീനിനെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കമ്യൂണിസ്റ്റിനെ അവര്‍ കണ്ടിട്ടില്ല. പകരം, വര്‍ഗ ശത്രുവിനെ കുറിച്ച് പാര്‍ട്ടി പഠിപ്പിച്ചുകൊടുത്ത എല്ലാ അടയാളങ്ങളും അവര്‍ പാര്‍ട്ടി നേതാക്കളില്‍ തിരിച്ചറിയുകയും ചെയ്യുന്നു. ത്രിപുരയില്‍ സി.പി.എം നേരിടുന്നത് കേവലമായ പ്രതിസന്ധിയല്ല, രാഷ്ട്രീയവും സംഘടനാപരവുമായ ദുരന്തം തന്നെയാണ്. അതിന്റെ പുറമേക്ക് പ്രകടമായ മുഖം മാത്രമാണ് ചരിലം ഉപതെരഞ്ഞെടുപ്പ് ഫലം. ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തിയും ആഘാതവും വെളിപ്പെടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. അത് പാര്‍ട്ടിയെ അടിത്തട്ടില്‍നിന്ന് മാത്രമല്ല മേല്‍ത്തട്ടില്‍ നിന്നും പൊളിച്ചടുക്കുമെന്നാണ് കാവിക്കൊടി ചുമലിലേന്തി നില്‍ക്കുന്ന ബിശ്വജിത് ദത്തയുടെ ചിത്രം തെളിയിക്കുന്നത്. ത്രിപുരയിലെ സി.പി.എം നേതാവായിരുന്ന ബിശ്വജിത് ദത്ത ജന്‍മം കൊണ്ട് ബംഗാളി ഹിന്ദുവാണ്. 1964ല്‍ സി.പി.എം രൂപം കൊണ്ട കാലം മുതല്‍ പാര്‍ട്ടിയുടെ നേതാവാണ്. പാര്‍ട്ടിയിലും പുറത്തും അഴിമതിരഹിത പ്രതിഛായയുള്ള ജനകീയ നേതാവ്. അഞ്ചര പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത അനുഭവസമ്പത്തും പ്രത്യയശാസ്ത്ര ബോധ്യവും ബി.ജെ.പിയിലേക്ക് ചേക്കേറുന്നതില്‍ നിന്ന് ആ മാര്‍ക്‌സിസ്റ്റിനെ തടഞ്ഞുനിര്‍ത്തിയില്ല. ഹിന്ദുത്വ വര്‍ഗീയതയുടെ ആപത്തിനെകുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുന്നറിയിപ്പുകള്‍ ഒട്ടും ആശങ്കപ്പെടുത്തുന്നില്ല. വര്‍ഗ രാഷ്ട്രീയത്തില്‍നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് മറുകണ്ടം ചാടുമ്പോള്‍ ഒരു സ്വത്വ പ്രതിസന്ധിയും അയാള്‍ക്ക് നേരിടേണ്ടി വന്നില്ല. അങ്ങനെ ബി.ജെ.പിയിലേക്കൊഴുകിപ്പോയ അണികളെ കുറിച്ചുള്ള ആശങ്കകള്‍ ദത്ത അര്‍ത്ഥശൂന്യമാക്കുന്നു. ഒരു ബംഗാളി ഹിന്ദു മാര്‍ക്‌സിസ്റ്റിന് ബി.ജെ.പി എത്രമാത്രം ലളിതമായ ചോയ്‌സാണെന്ന് തെളിയിക്കുകയാണ് ബിശ്വജിത് ദത്ത.

ത്രിപുരയിലെ അധികാരം ബി.ജെ.പിക്ക് മുന്നില്‍ നിരവധി അധിക സാധ്യതകള്‍ തുറന്നിടുന്നുണ്ട്. അത് ഒരേസമയം ത്രിപുരയിലും ബംഗാളിലും നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായ ഇരട്ട പദ്ധതിയാണെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ടതാണ്. ബിശ്വജിത് ദത്തയിലൂടെ ബംഗാള്‍ രാഷ്ട്രീയത്തിന് ബി.ജെ.പി നല്‍കുന്ന സന്ദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം പലതാണ്. ത്രിപുരയില്‍ ബിശ്വജിതിനെ പോലൊരു തലമുതിര്‍ന്ന മാര്‍ക്‌സിസ്റ്റിനെ തടഞ്ഞുനിര്‍ത്താന്‍ ശേഷിയില്ലാത്ത ഇടതുപക്ഷ പ്രത്യയശാസ്ത്രം ബംഗാളില്‍ ഒരു ത്തനെയും തടയാന്‍ പോകുന്നില്ല എന്നതാണൊന്ന്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആന്ദോളനങ്ങളില്‍ ലയിച്ചുചേരാന്‍ കാത്തുകഴിയുന്ന ബംഗാളിലെ മാര്‍ക്‌സിസ്റ്റ് അണികള്‍ക്കും നേതാക്കള്‍ക്കും സുരക്ഷാബോധം നല്‍കുകയാണ് മറ്റൊന്ന്. അതോടൊപ്പം, ഇതിനോടകം ബി.ജെ.പിയില്‍ ചേക്കേറിയ പാര്‍ട്ടി അംഗങ്ങളും അനുയായികളും നേതാക്കളുമായ പതിനായിരങ്ങള്‍ക്ക് പ്രത്യയശാസ്ത്ര വിമ്മിട്ടത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ബി.ജെ.പി നല്‍കുന്നത്. വിലയേറിയ വോട്ടുകള്‍ വാങ്ങിയും കഠിനമായ തന്ത്രങ്ങള്‍ പയറ്റിയും അമിത് ഷായും മോദിയും ത്രിപുര പിടിച്ചെടുത്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചിരുന്നത് ബംഗാളിനെയായിരുന്നുവെന്ന നിരീക്ഷണം ദത്തയിലൂടെ വെളിപ്പെടുകയും ചെയ്യുന്നു.

ത്രിപുര ബി.ജെ.പിക്ക് ബംഗാളിലേക്കുള്ള പാലമാണെങ്കില്‍ അതിലൂടെ പദയാത്രകള്‍ പുറപ്പെട്ടു കഴിഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി വിതയ്ക്കുന്ന ഓരോ വിത്തും ബംഗാളില്‍ നൂറുമേനി വിളയിക്കാനുള്ളതാണ്, ത്രിപുരയില്‍ ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ബംഗാളിലേക്കുള്ള സ്ഥിര നിക്ഷേപവും. സി.പി.എമ്മിനാകട്ടെ ബംഗാളില്‍ നിന്ന് ത്രിപുരയിലേക്കും ത്രിപുരയില്‍ നിന്ന് ബംഗാളിലേക്കും പരസ്പരം കൈമാറാന്‍ ജീവന്‍ രക്ഷാ സന്ദേശങ്ങളല്ലാതെ മറ്റൊന്നുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending