Connect with us

Views

ശ്രീനാരായണ ഗുരുവിന്റെ ബഹുസ്വര വ്യക്തിത്വം

Published

on

എ.വി ഫിര്‍ദൗസ്

ഒട്ടുമിക്ക ഇന്ത്യന്‍ നവോത്ഥാന നായകരുടെയും മനുഷ്യോന്മുഖ ചിന്തകള്‍ പുലര്‍ത്തിയ ധിഷണകളുടെയും കാര്യത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവമാണ് അവര്‍ ജാതീയമായ ഒരു സങ്കുചിത പക്ഷത്തിന്റെ നേതൃരൂപങ്ങളായോ വര്‍ഗീയ അധമ വികാരങ്ങളുടെ ആശയ സ്രോതസ്സുകളായോ പില്‍ക്കാലങ്ങളില്‍ തെറ്റായി ചിത്രീകരിക്കപ്പെടാനിടയായി എന്നത്. ഈ ദുരനുഭവം ഏറെ നേരിടേണ്ടിവന്ന മഹാ പുരുഷനാണ് ശ്രീനാരായണ ഗുരുദേവന്‍.

സഹജവും സ്വാഭാവികവുമായ മനുഷ്യജന്മാനുഭവമെന്ന വിധത്തില്‍ ഒരു പ്രത്യേക ജാതി സമുദായ സാമൂഹ്യ പശ്ചാത്തലത്തില്‍ ജനിച്ചു ജീവിക്കാനും ആ ജന്മത്തിന്റെതായ അനുഭവങ്ങളിലൂടെ കടന്നുപോകാനും ഇടയായി എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നാരായണഗുരു പില്‍ക്കാലത്ത് ജാതി ദൈവവും സമുദായ വിഗ്രഹവുമായി പ്രതിഷ്ഠിക്കപ്പെട്ടത്. അതേസമയം തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലുമെന്ന വിധത്തില്‍ ജാതി, മതം, സമുദായം, സാമൂഹിക സങ്കുചിതത്വങ്ങള്‍ എന്നിവക്കെല്ലാമെതിരെ പൊരുതുകയും പോരാടുകയും ചെയ്ത തീഷ്ണ വിപ്ലവ വ്യക്തിത്വമായിരുന്നു അദ്ദേഹം. ചെമ്പഴന്തിയിലെ വയല്‍വാരത്തു വീട്ടില്‍ മാടനാശാന്‍ എന്ന ഈഴവ പിതാവിന്റെ പുത്രനായി ജനിക്കേണ്ടി വന്നതിന് താന്‍ എക്കാലവും ഈഴവ സമുദായത്തിന്റെ മാത്രം വക്താവായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് എന്ന അര്‍ത്ഥമൊന്നും നാരായണഗുരു കല്‍പ്പിച്ചിരുന്നില്ല.

ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ താന്‍ ഒരു സവിശേഷ ജാതിയുടെ പ്രതിനിധിയാണെന്ന് അദ്ദേഹത്തിന് സ്വയമായി ചിന്തിക്കേണ്ടിവരികയും ഉണ്ടായിട്ടില്ല. ഈ നാരായണ ഗുരുവിനെയാണ് പില്‍ക്കാലത്ത് ചില തല്‍പര കക്ഷികള്‍ ജാതിവിഗ്രഹമാക്കി ചിത്രീകരിച്ചതും മറ്റെല്ലാ ജനവിഭാഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ മനുഷ്യാത്മക ബന്ധങ്ങളെ നിര്‍ബന്ധ ബുദ്ധിയോടെ നിഷേധിക്കുകയും ചെയ്തത്. ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച് പില്‍ക്കാലത്ത് തെറ്റായി ആരോപിക്കപ്പെട്ട രണ്ടു പ്രശ്‌നങ്ങളിലൊന്ന് ഇപ്പറഞ്ഞ ജാതി വിഗ്രഹവത്കരണം ആയിരുന്നെങ്കില്‍ മറ്റൊന്ന് ഹിന്ദുത്വ രാഷ്ട്രീയ സജ്ജീകരണങ്ങളുടെ ഭാഗമായുള്ള ഹൈന്ദവ ഏകോപനത്തിന്റെ ഉപാധിയായി അദ്ദേഹത്തെ ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാന പശ്ചാത്തലമെന്നവിധം സംഭവിച്ച സവര്‍ണ ആചാര്യനെന്ന ചിത്രീകരണമായിരുന്നു.

ജാതിവാദികള്‍ അദ്ദേഹത്തെ ഈഴവ ദൈവം മാത്രമാക്കി മരവിപ്പിച്ച് വിഗ്രഹക്കൂടുകളില്‍ തടവിലാക്കിയപ്പോള്‍ സംഘ്പരിവാര രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ ആചാര്യത്രയങ്ങളില്‍ ഒന്ന് എന്ന് ഹൃസ്വവത്കരിക്കുകയാണ് ചെയ്തത്. നാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി എന്നീ മൂന്ന് നവോത്ഥാന വിപ്ലവകാരികളെ സ്വന്തം സങ്കുചിത രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളാക്കുന്നതിന് വേണ്ടിയാണ് സംഘ്പരിവാര്‍ വക്താക്കള്‍ അവരെ ആചാര്യത്രയം എന്നു ചിത്രീകരിച്ചത്. സവര്‍ണ ഭാവുകത്വത്തിന്റെ ഭാഗമായി വരുന്നതാണ് ഈ വിശേഷണം. ഈ മൂന്ന് മഹാ പുരുഷന്മാരുടെയും ജീവിത ദൗത്യനിര്‍വഹണങ്ങള്‍ കേവലം സ്വന്തം ജാതി-സമുദായങ്ങളുടെ പരിമിതിയില്‍ മാത്രം ഒതുങ്ങി നിന്നവയും സവര്‍ണമായ ഒരു കാല്‍പനിക ഹൈന്ദവ ബോധത്തിന്റെ ഉള്ളടക്കങ്ങള്‍ അടങ്ങിയവയും ആയിരുന്നു എന്നു വരുത്തിതീര്‍ക്കാനാണ് ആചാര്യത്രയ വിശേഷണം സംഘ്പരിവാര്‍ വക്താക്കള്‍ മുന്നോട്ടുവെക്കുന്നത്.

സ്വസമുദായത്തിനകത്തെ ആചാരാനുഷ്ഠാന ക്രമങ്ങളില്‍ സവര്‍ണ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ പരിഷ്‌കരണങ്ങള്‍ക്കായി ശ്രമിച്ചവര്‍ മാത്രമാണ് ഈ മൂവരുമെന്ന ധ്വനി മേല്‍പറഞ്ഞ വിശേഷണത്തിലുണ്ട്. എന്നാല്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ കേരളീയ പൊതു മണ്ഡലത്തില്‍ നിന്ന് വേരറുത്തുനിര്‍ത്തി സ്വജാതി-സമുദായ വൃത്തത്തിനകത്ത് മാത്രമായി പരിമിതപ്പെടുത്തിയവര്‍ ആയിരുന്നില്ല. മറിച്ച് കേരളീയ പൊതു മണ്ഡലത്തിന്റെ അനിവാര്യമായ ഘടകങ്ങളും തുടര്‍ച്ചകളുമാണ് സ്വന്തം സമുദായ ജനവിഭാഗങ്ങളെന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ആയിരുന്നു അവരുടേത്. പൊതുവായ ഒരു സാമൂഹികതയുടെ തന്നെ ഭാഗമായി സ്വസമുദായങ്ങളെ പരിവര്‍ത്തിപ്പിച്ചെടുക്കാനാണ് മൂവരും ശ്രമിച്ചത്. അങ്ങനെയാണ് കേരളീയ പൊതു മണ്ഡലത്തില്‍ അവരെക്കുറിച്ച് സമൂഹത്തിന്റെ പൊതുവായ മാനാഭിമാന പ്രതിനിധാനങ്ങളെന്ന ചിന്തയും അവബോധവും വ്യാപിച്ചതും. കേരളീയര്‍ മൊത്തത്തില്‍ പൊതുവായി ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമിയെയും അയ്യങ്കാളിയെയുമെല്ലാം ജാതിമത സമുദായ പരിഗണനകള്‍ക്കതീതമായി സ്വന്തമെന്ന് വിചാരിക്കുന്ന ശീലത്തെ അട്ടിമറിച്ച് ഈ മൂവരെയും സവര്‍ണവത്കരണത്തിന്റെ ആചാര്യന്മാരായി ചിത്രീകരിക്കാനാണ് സംഘ്പരിവാര്‍ വക്താക്കള്‍ ശ്രമിച്ചതും ഇപ്പോഴും ശ്രമിച്ചുവരുന്നതും എന്നര്‍ത്ഥം.

യഥാര്‍ത്ഥ നാരായണ ഗുരുവിനെ മനസ്സിലാക്കുകയാണെങ്കില്‍ ഏതൊരാളും അമ്പരക്കുക തന്നെ ചെയ്യും. ആ അമ്പരപ്പാവട്ടെ അദ്ദേഹത്തെ ദൈവമാക്കുന്നവരില്‍ ചിലര്‍ കാണിക്കുന്നത് പോലുള്ള വ്യാജമായ ഭാവപ്രകടനവും ആയിരിക്കില്ല. കെട്ടുകഥകളെയും ബാലിശ ഭാവനകളെയും അടിസ്ഥാനമാക്കി മനുഷ്യോത്തമനായ നാരായണ ഗുരുവിനെ ദൈവവും വിഗ്രഹവുമാക്കി മാറ്റി അദ്ദേഹത്തെ പൊതു മാനവരാശിയില്‍ നിന്നകറ്റുന്നവര്‍ക്ക് സത്യത്തില്‍ ആ വ്യക്തിത്വത്തിന്റെ മാഹാത്മ്യങ്ങള്‍ മനസ്സിലായിട്ടില്ല. മനുഷ്യോത്തമനായ ഒരു മഹാ കര്‍മ്മയോഗിയായി ഗുരുവിനെ അംഗീകരിക്കാവുന്നതിലുപരിയായ ഒരാദരവും സത്യത്തില്‍ അദ്ദേഹത്തിന് നല്‍കാനില്ല. കാരണം സംശുദ്ധ മനുഷ്യനായിരിക്കാനും താനുമായി ബന്ധപ്പെട്ടവരെ അത്തരത്തില്‍ ഒരായിത്തീരലിലേക്ക് നയിക്കാനുമാണ് എന്നും എക്കാലവും ഗുരു പരിശ്രമിച്ചത്. ജാതീയവും ഹൈന്ദവികവും എന്ന് പില്‍ക്കാലത്ത് ചിത്രീകരിക്കപ്പെട്ട ഗുരുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും ജാതി- മതാതീതങ്ങളായ വിശാല മനുഷ്യത്വത്തിന്റെ മാനദണ്ഡങ്ങള്‍ കാണാവുന്നതുമാണ്. സ്വന്തം അനുയായികളില്‍ ചിലരുടെ ആവശ്യ പ്രകാരം അമ്പലങ്ങളും ക്ഷേത്ര പ്രതിഷ്ഠകളും നിര്‍മ്മിച്ചുകൊണ്ട് സഞ്ചരിച്ച ഗുരുവിനോട് തന്റെ ഉല്‍പ്പതിഷ്ണുക്കളായ ചില ശിഷ്യന്മാര്‍ അതേക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന ഘട്ടങ്ങളില്‍ ഗുരു നല്‍കിക്കൊണ്ടിരുന്ന മറുപടികള്‍ പഠനമര്‍ഹിക്കുന്നവയാണ്. അമ്പലങ്ങളില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ നടന്ന ഗുരു നല്‍കിയ വിശദീകരണങ്ങളെ മൊത്തത്തില്‍ പരിശോധിച്ചാല്‍ അവയില്‍ ചില അസാധാരണങ്ങളായ സാമൂഹ്യ ലക്ഷ്യങ്ങളുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിയും.

1. കേവലം ക്ഷേത്ര ഭക്തി വളര്‍ത്തുക എന്നതിലുപരി സ്വന്തം ജനവിഭാഗങ്ങളെ വൃത്തിയിലും വെടിപ്പിലും ജീവിക്കാന്‍ ശീലിപ്പിക്കുകയും ദൈനംദിന പ്രവൃത്തികളില്‍ ഒരു ചിട്ടയും ക്രമവും വരുത്തുകയും ചെയ്യുക. 2. അമ്പലങ്ങളും ക്ഷേത്രങ്ങളുമെല്ലാം വിശാലവും ഹരിതാഭവുമായ പരിസരങ്ങളില്‍ ആയിരിക്കുകയും അവക്ക് ചുറ്റും ഉദ്യാനങ്ങളും സ്വച്ഛവായു ലഭ്യമാക്കുംവിധമുള്ള അന്തരീക്ഷവും ഉണ്ടാക്കുകയും വേണം. 3. പുരാണേതിഹാസങ്ങളെ കുറിച്ചുള്ള ഉദ്‌ബോധന പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൂല്യവത്തും ജീവിതത്തില്‍ ഉപകാരപ്രദവുമായ ജ്ഞാനവിനിമയ-പാരസ്പര്യ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി വളര്‍ന്നുവരികയും അങ്ങനെ ജനങ്ങള്‍ കൂടുതലായി ഉദ്ബുദ്ധ മനസ്‌കരും ഉല്‍പ്പതിഷ്ണുക്കളുമായി വളര്‍ന്നുകൊണ്ടിരിക്കുകയും വേണം. 4. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും എതിരായ ആശയ രൂപീകരണങ്ങളുടെ പൊതു ഇടങ്ങളായി ക്ഷേത്രങ്ങള്‍ വര്‍ത്തിക്കണം. സവര്‍ണ ഉന്നത സമുദായങ്ങള്‍ അവരുടെ ദേവാലയങ്ങളില്‍നിന്ന് തങ്ങളെ അകറ്റിനിര്‍ത്തുന്നു എന്ന് പരിഭവിച്ചുകൊണ്ടിരുന്ന ഈഴവര്‍ക്ക് സ്വന്തമായി ക്ഷേത്രങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത ഗുരു അവരോടാവശ്യപ്പെട്ട പ്രധാന കാര്യം താഴെ എന്ന് കരുതപ്പെടുന്ന ജാതികളില്‍ ഉള്ളവര്‍ക്ക് സ്വന്തം ക്ഷേത്രങ്ങളിലെല്ലാം പ്രവേശനം നല്‍കാന്‍ തയ്യാറാവണം എന്നായിരുന്നു. കുളിച്ച് വൃത്തിയായി ചിട്ടകള്‍ പാലിച്ച് ഭക്തിയോടെ കടന്നുവരുന്ന ഏതൊരാള്‍ക്ക്മുമ്പിലും ഏതൊരു ദേവാലയത്തിന്റെയും വാതിലുകള്‍ അടഞ്ഞുകിടക്കരുത് എന്നുള്ള വിമോചനാത്മകമായ ആത്മീയ ബോധത്തിന്റെ അടിത്തറകളിലാണ് ശ്രീനാരായണഗുരു തന്റെ ക്ഷേത്ര പ്രതിഷ്ഠകളെല്ലാം നിര്‍വഹിച്ചത്. 5. കണ്ണാടി, ഓംകാരം, ദീപം പോലെയുള്ള ചിഹ്നങ്ങളെയും പ്രതീകങ്ങളെയും പ്രതിഷ്ഠിച്ചതുവഴി ക്ഷേത്ര പ്രതിഷ്ഠ പാരമ്പര്യത്തിലെ സവര്‍ണ താന്ത്രിക ബോധങ്ങളെ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് വെല്ലുവിളിക്കുകയാണ് നാരായണഗുരു ചെയ്തത്. ഇത്തരം ചിഹ്നങ്ങളോ, പ്രതീകങ്ങളോ ഒന്നും ആരുടെയും കുത്തകയോ, ചിലര്‍ക്ക് മാത്രമായി ഉപയോഗിക്കാനവകാശപ്പെട്ടവയോ അല്ലെന്നും അവ കേവലം മൃതങ്ങളായ പരമ്പരാഗത ചിഹ്നാവലികള്‍ മാത്രമല്ലെന്നും അവക്ക് ആദ്ധ്യാത്മിക വ്യാഖ്യാന ക്ഷമതകള്‍ നിറഞ്ഞ തലങ്ങള്‍ വേണ്ടത്ര ഉണ്ടെന്നും ഗുരു തെളിയിച്ചു.
(തുടരും)

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending