Culture
കത്തുന്ന വേനലില്‍ ചൂടിനും വേണം പെരുമാറ്റച്ചട്ടം മുരളീ തുമ്മാരുകുടിയുടെ കരുതല്‍ നിര്‍ദേശങ്ങള്‍

വെറുതെ ചൂടാവല്ലേ..
നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ വെക്കൂ.
ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്‍മ്മോമീറ്റര്‍ ഉപയോഗിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ നമ്മള്‍ ചൂട് അറിയുന്നത് മൊബൈല്‍ ഫോണില്‍ നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്‍പും അവിടുത്തെ കാലാവസ്ഥ അറിയാന്‍ ഞാന്‍ നോക്കുന്നതും ഫോണില്‍ തന്നെയാണ്.
ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുന്പാവൂരിലെയോ ചൂട് ഫോണില്‍ നോക്കിയാല്‍ ഒരു കുഴപ്പമുണ്ട്. വാസ്തവത്തില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ കാണുന്ന താപനില ഫോണ്‍ ഉപയോഗിച്ച് അളക്കുന്നതല്ല. ഒന്നുകില്‍ ഓരോ രാജ്യത്തെയും കാലാവസ്ഥ സര്‍വ്വീസ് അളക്കുന്നത്, അല്ലെങ്കില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ നിന്നും കിട്ടുന്ന താപനില.
ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണില്‍ നോക്കിയാല്‍ കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തില്‍ എവിടെയെങ്കിലും അളന്നതില്‍ നിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഫോണിലെ താപനില നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തില്‍ മിക്കയിടത്തും ശരിയായിരിക്കണമെന്നില്ല. ചൂടിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.
നമ്മുടെ കാറില്‍ ഒരു തെര്‍മോ മീറ്റര്‍ ഉണ്ട്. അതിലുമുണ്ട് പ്രശ്‌നങ്ങള്‍. കാറില്‍ ഏതു ഭാഗത്താണ് തെര്‍മോ മീറ്റര്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവിലുള്ള ചൂടില്‍ നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റമുണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വെക്കുന്നവര്‍, കുട്ടികളെ പുറത്ത് കളിക്കാന്‍ വിടണമോ എന്ന് തീരുമാനിക്കേണ്ടവര്‍ (സ്‌കൂള്‍ അധികൃതര്‍), സ്‌പോര്‍ട്ട്‌സ് സംഘടിപ്പിക്കുന്നവര്‍ എല്ലാം സ്വന്തമായി ഒരു തെര്‍മോമീറ്റര്‍ വാങ്ങി വെക്കുന്നതാണ് ശരിയായ നടപടി.
എല്ലാ ചൂടും ഒരു പോലെയല്ല. കേരളത്തില്‍ ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാല്‍പ്പതില്‍ താഴെയാണ്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും നാല്പതിന് മുകളില്‍ ചൂട് പോകുന്നത് സാധാരണമാണ്. നമ്മുടെ ചൂട് അത്ര വലിയ പ്രശ്‌നമല്ല എന്ന് നമുക്ക് തോന്നാം, മറ്റുള്ളവര്‍ക്ക് തോന്നാം, പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍ക്ക്. എന്നാല്‍ നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണിരിക്കുന്നത്. Heat Index അഥവാ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളം ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്‍ ഹ്യൂമിഡിറ്റി കേരളത്തില്‍ സാധാരണമാണ്, തൊണ്ണൂറിന് മുകളില്‍ പോകുന്നത് അസാധാരണമല്ല താനും. 35 ഡിഗ്രി ചൂട് 70 ശതമാനം ഹ്യൂമിഡിറ്റിയില്‍ 51ഡിഗ്രി പോലെ അനുഭവപ്പെടും. അതേസമയം 40 ഡിഗ്രി ചൂട് 20 ഡിഗ്രി ഹ്യൂമിഡിറ്റിയില്‍ 43 പോലെയേ തോന്നുകയുള്ളൂ.
ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് 55 ഡിഗ്രി എന്ന അളവില്‍ ചൂട് അനുഭവപ്പെടാന്‍ കേരളത്തിലെ സാഹചര്യത്തില്‍ 35 ഡിഗ്രി ചൂട് മതി (85 ശതമാനം ഹ്യൂമിഡിറ്റിയില്‍). ഫോണില്‍ നോക്കി 35 മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്‍ വിടുകയോ, സ്‌പോര്‍ട്ട്‌സിനായി പോവുകയോ ചെയ്യുന്നത് അപകടമുണ്ടാക്കും.
ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നതും ചാര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകളുണ്ട്. ഒരെണ്ണം ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവിലും എത്തുന്‌പോള്‍ എന്താണ് അപകടമെന്ന് ചാര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും മറ്റു വിദഗ്ദ്ധരുടെയും ഉപദേശങ്ങള്‍ വായിക്കുന്‌പോള്‍ അവര്‍ heat index നെ പറ്റിയാണ് പറയുന്നത്, ചൂടിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കാറിനുള്ളിലെ ചൂട്: കാറ് പോലെ അടച്ചു പൂട്ടിയ വാഹനങ്ങള്‍ക്കുള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്‍ അഞ്ചോ പത്തോ ഡിഗ്രി കൂടിയെന്ന് വരാം. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി ഡോര്‍ ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വര്‍ഷവും ഗള്‍ഫില്‍ ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്.
ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതിവേഗത്തില്‍ ആളെ കൊല്ലാന്‍ പോലും കഴിവുള്ളതായതിനാല്‍ സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടില്‍ നില്‍ക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ Kerala State Disaster Management Authority – KSDMA സൈറ്റില്‍ ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചര്‍ച്ച ചെയ്യുക.
സൂര്യഘാതം സംഭവിച്ചാല്‍: എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, അത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. അത് കാണണം, വീട്ടില്‍ ചര്‍ച്ച ചെയ്യണം.
മരണം വരുന്നത് സൂര്യാഘാതത്തിലൂടെ മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. കുട്ടികളെയും വയസ്സായവരെയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 2003 ലെ ചൂടുകാലത്ത് വയസ്സായവരെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ സൗകര്യങ്ങളില്ലായിരുന്നു. ചൂടുകാലത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ ഫ്രഞ്ച് സര്‍ക്കാര്‍ അന്തം വിട്ടു. സാധാരണ വേനലില്‍ മരിക്കുന്നതിലും പതിനയ്യായിരം കൂടുതല്‍ ആളുകളാണ് ആ വേനലില്‍ ഫ്രാന്‍സില്‍ മരിച്ചത്. ഇവരാരും സൂര്യാഘാതമേറ്റല്ല മരിച്ചത്. കൂടിയ ചൂട് പ്രായമായവര്‍ക്ക് നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഫ്രാന്‍സില്‍ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ പുതിയ സംവിധാനങ്ങളുണ്ടാക്കി. സാധാരണ ഗതിയില്‍ നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നായതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കണം.
ബംഗാളിയില്‍ സൂര്യാഘാതത്തിന് എന്താണ് വാക്ക്?: ഈ ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും ഇന്‍ഫോ ക്ലിനിക്കും ഏറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വെച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് ഗ്രൂപ്പ് മലയാളികള്‍ അല്ല, മറുനാടന്‍ തൊഴിലാളികളാണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? പ്രത്യേകിച്ചും അവര്‍ നാല്പത് ഡിഗ്രിയൊക്കെ ചൂടുള്ള പ്രദേശത്തു നിന്നും വരുന്നവരായതിനാല്‍ ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ച് അപകടത്തില്‍ പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വൈകീട്ട് മൂന്നു വരെ വെയിലത്ത് തൊഴില്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ കണ്ടു. ഇത് ആരെങ്കിലും മറുനാടന്‍ തൊഴിലാളികളോട് പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? മറുനാടന്‍ തൊഴിലാളികള്‍ (വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പടെ) വെയിലത്ത് നിന്നാല്‍ മലയാളികള്‍ ശ്രദ്ധിക്കുമോ?
സെന്റ് ബര്‍ണാഡും മറ്റു മിണ്ടാപ്രാണികളും: ആല്‍പ്‌സ് പര്‍വതത്തിന്റെ അടിവാരത്തില്‍ ആളുകള്‍ വളര്‍ത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെര്‍ണാഡ്. കാശുള്ള പലരും ഇതിനെ നാട്ടിലും വളര്‍ത്തും. തണുപ്പില്‍ ജീവിക്കേണ്ട ഈ ജീവി കേരളത്തില്‍ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാനുള്ള കഴിവ് പട്ടിക്കില്ല. കാട്ടില്‍ കിടക്കേണ്ട ആനയുടെയും കൂട്ടില്‍ കിടക്കുന്ന കോഴിയുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂടുകാലത്ത് നമ്മുടെ ചുറ്റുമുള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.
ഇലക്ഷന്‍ ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാന്‍ പുറത്തിറങ്ങുന്നതിലും കൂടുതല്‍ മലയാളികള്‍ വെയില് കൊള്ളാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും വേണ്ടിയാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവര്‍ ശ്രദ്ധിക്കേണ്ടതെന്ന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് മാത്രം വീണ്ടും പറയാം.
ഞാന്‍ വേറൊരു നിര്‍ദ്ദേശം കൂടി തരാം. മഹാഭാരതയുദ്ധ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങേണ്ടത്, എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് എന്നതിനൊക്കെ നിയമമുണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആര്‍ക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാര്‍ട്ടികള്‍ എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡില്‍ കൂടെ നടന്നുള്ള വോട്ട് പിടിത്തവും വേണ്ട, പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗണ്‍ഹാള്‍ മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.
ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ: വേനല്‍ക്കാലത്ത് വെള്ളം കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മട്ടിക്ക ജ്യൂസും ഒക്കെ നല്ലതുമാണ്. നമുക്ക് ചുറ്റും കടകളില്‍ കിട്ടുന്ന ജ്യൂസുകള്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. പഴത്തില്‍, ഐസില്‍, മധുരിക്കാന്‍ ഒഴിക്കുന്ന ദ്രാവകത്തില്‍ എല്ലാം നിസ്സാര ലാഭത്തിനായി മായം ചേര്‍ക്കുന്നത് അപൂര്‍വമല്ല. സാധിക്കുമെങ്കില്‍ കൈയില്‍ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പിവെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.
വസ്ത്ര ധാരണത്തില്‍ മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്രധാരണം ചൂടിന് പറ്റിയതായിരുന്നു. ഇപ്പോഴത്തെ വസ്ത്രങ്ങള്‍, പാന്റ്‌സും ചുരിദാറും ശരീരത്തിലെ ചൂടിനെ പുറത്തു പോകാന്‍ അനുവദിക്കാത്തതാണ്. നമ്മുടെ സദാചാരബോധം ബര്‍മുഡയും ടി ഷര്‍ട്ടും ഇട്ടു നടക്കാന്‍ നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങള്‍ മാറ്റാന്‍ ഇതൊരു നല്ല അവസരമാണ്. ആദ്യം വീട്ടില്‍, പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കൂ. മറ്റുള്ളവര്‍ എന്ത് ‘ധരിക്കും’ എന്നതിനെപ്പറ്റി ആവലാതിപ്പെടാതിരിക്കൂ.
ചൂടുകാലം കഴിയുന്നതിന് മുന്‍പ് വീണ്ടും കാണാം. തല്‍ക്കാലം സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്