Connect with us

Sports

ഇതാണ് അർജന്റീന ഫാൻസ് കാത്തിരുന്ന കളി

Published

on

കെ.പി മുഹമ്മദ് ഷാഫി

അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം പ്ലാനോടെയുമാണ് അർജന്റീന കളിച്ചത്. കൃത്യസമയങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞതും പ്രതിരോധത്തിലെ പ്ലാൻ പിഴവുകളില്ലാതെ നടപ്പാക്കിയതും വിജയത്തിൽ നിർണായകമായി. കടലാസിലെ മികവിൽ ബ്രസീലിനൊപ്പമില്ലെങ്കിലും സെമിഫൈനലിന് ബൂട്ടുകെട്ടും മുമ്പ് ആത്മവിശ്വാസം സംഭരിക്കാൻ കഴിഞ്ഞ രണ്ട് കോപകളിലെയും ഫൈനലിസ്റ്റുകൾക്ക് കഴിഞ്ഞു.

ഖത്തറിനെതിരായ നിർണായക ഗ്രൂപ്പ്ഘട്ട മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങളോടെയാണ് ലയണൽ സ്‌കലോനി ടീമിനെ ഇറക്കിയത്. മധ്യനിരയിൽ ജിയോവന്നി ലോസെൽസോക്കു പകരം മാർകോസ് അക്യൂന വന്നു. പ്രതിരോധത്തിൽ റെൻസോ സറാവിയയെ മാറ്റി ജർമൻ പെസല്ലയെ കൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തിൽ ഫുൾബാക്ക് ആയി കളിച്ച് ചില പിഴവുകൾ വരുത്തിയ 21-കാരൻ ഹുവാൻ ഫോയ്തിനെ വലതു വിങ്ബാക്കിൽ അവതരിപ്പിച്ചു.

സെർജിയോ അഗ്വേറോ – ലോതാറോ മാർട്ടിനസ് ആക്രമണ ദ്വയത്തിനു പിന്നിലായി ഏറെക്കുറെ ഒരു പ്ലേമേക്കറുടെ റോളിലായിരുന്നു ലയണൽ മെസ്സി. പ്രതീക്ഷിച്ചതു പോലെ സൂപ്പർ താരത്തിന് തുടക്കം മുതൽക്കേ കനത്ത മാർക്കിങ് നേരിടേണ്ടിവന്നു. 5-ാം നമ്പർ താരം ജൂനിയർ മൊറേനോക്കായിരുന്നു മെസ്സിക്കും മറ്റു കളിക്കാർക്കുമിടയിലെ ബന്ധം മുറിക്കാനുള്ള ചുമതല. എങ്കിലും തുടക്കം മുതൽക്കേ ആക്രമണം നടത്താനും തുടർച്ചയായി കോർണറുകൾ സമ്പാദിക്കാനും അർജന്റീനക്കു കഴിഞ്ഞു.

പത്താം മിനുട്ടിൽ, നിമിഷങ്ങൾക്കിടെ നേടിയ രണ്ടാമത്തെ കോർണർ കിക്കാണ് ആദ്യഗോളിലേക്ക് വഴിതുറന്നത്. ഇടതുഭാഗത്തുനിന്ന് മെസ്സിയെടുത്ത കിക്ക് ബോക്‌സിൽ കൂട്ടമായി നിന്ന കളിക്കാർക്കൊന്നും പിടിനൽകാതെ വലതുഭാഗത്ത് അഗ്വേറോയുടെ വഴിയിലേക്ക് തൂങ്ങിയിറങ്ങി. സമയം പാഴാക്കാതെ മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ ലക്ഷ്യമാക്കി ഷോട്ടുതിർക്കുകയും ചെയ്തു.ഗോളിന്റെ സഞ്ചാരഗതിയിലുണ്ടായിരുന്ന ലോതാറോ മാർട്ടിനസ് മനോഹരമായൊരു പിൻകാൽ ഫഌക്കിലൂടെ പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു.

ഗോൾ വഴങ്ങിയതോടെ വെനിസ്വേല പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. അർജന്റീനയാകട്ടെ കൂടുതൽ പരീക്ഷണങ്ങൾക്കു മുതിരാതെ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുൾബാക്കുകളായ ഒറ്റമെൻഡിയുടെയും പെസല്ലയുടെയും പ്രകടനം ഈ ഘട്ടത്തിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ബോക്‌സിൽ ആധിപത്യം സ്ഥാപിക്കാൻ എതിരാളികളെ അനുവദിക്കാതെ അവർ പന്ത് അടിച്ചകറ്റി. ക്രോസുകൾ വന്നപ്പോഴൊക്കെ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി പൊസിഷൻ പാലിച്ച് അപകടമൊഴിവാക്കുകയും ചെയ്തു. പന്ത് പിൻനിരയിൽ പാസ് ചെയ്ത് കളിക്കുന്നതിനു പകരം ഉയർത്തിയടിച്ച് എതിർ ഹാഫിലെത്തിക്കാനായിരുന്നു അർമാനിക്ക് കോച്ച് നൽകിയ നിർദേശം. ഡാർവിൻ മാക്കിസും റിങ്കൺ ഹെർണാണ്ടസും ഇടതുഭാഗത്തു കൂടി വെനസ്വേലയുടെ ആക്രമണം നയിച്ചെങ്കിലും ഫോയ്ത് ശക്തമായ ടാക്ലിങുകൾ നടത്തി വിഫലമാക്കി. ഒരു ഘട്ടത്തിൽ ബോക്‌സിനകത്തുവെച്ച് യുവതാരം പന്ത് എതിരാളിയിൽ നിന്ന് തട്ടിയെടുത്തത് മനോഹരമായ കാഴ്ചയായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ച പരദസിനും പിടിപ്പത് പണിയുണ്ടായിരുന്നു.

ആദ്യപകുതിയിൽ വെനിസ്വേല മധ്യനിര നിയന്ത്രിച്ചപ്പോൾ മെസ്സിയുടെയും അഗ്വേറോയുടെയും മറ്റും പ്രകടനങ്ങൾ ചില മിന്നായങ്ങളിലൊതുങ്ങി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചു. റോഡ്രിഗോ ഡിപോളിന്റെ മുന്നോട്ടുള്ള പാസ് പിടിച്ചെടുത്ത് മുന്നേറിയ ലോതാറോ തൊടുത്ത ഷോട്ട് ബാറിൽ തട്ടിമടങ്ങിയത് അവർക്ക് ക്ഷീണമായി. തൊട്ടുപിന്നാലെ മെസ്സിയും അഗ്വേറോയും ചേർന്നുനടത്തിയ നീക്കത്തിൽ നിന്ന് വെനസ്വേല രക്ഷപ്പെടുകയും ചെയ്തു.

56-ാം മിനുട്ടിൽ യുവതാരം യെഫേഴ്‌സൺ സോറ്റൽഡോ കളത്തിലെത്തിയത് വെനിസ്വേലക്ക് കരുത്തും അർജന്റീനക്ക് ആശങ്കയും പകർന്നു. ബോക്‌സിനു ചുറ്റും പന്തുമായി റോന്തുചുറ്റിയ 21-കാരനെ നിയന്ത്രിച്ചുനിർത്താൻ അർജന്റീന പ്രതിരോധം പാടുപെട്ടു. വെനിസ്വേല സമനില ഗോളിനായി ആഞ്ഞുപൊരുതുന്നതിനിടെയാണ് അർജന്റീന ലീഡ് വർധിപ്പിച്ച ഗോൾ നേടിയത്. എതിർതാരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിലേക്ക് കുതിച്ച ഡിപോൾ കുറ്റമറ്റൊരു പാസ് മധ്യത്തിലേക്കു നൽകി. പാസ് പിടിച്ചെടുത്ത അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഷോട്ട് തൊടുത്തപ്പോൾ പന്ത് കൈപ്പിടിയിലൊതുക്കാൻ കീപ്പർ ഫാരിനസിനായില്ല. പന്ത് തുളുമ്പി വീണതും മുന്നോട്ട് ഓടിക്കയറിയ ലോ സെൽസോ ആളൊഴിഞ്ഞ വലയിൽ അനായാസം ഗോൾ നിക്ഷേപിച്ചു. ആറു മിനുട്ടു മാത്രം മുമ്പ് അക്യൂനക്ക് പകരക്കാരനായാണ് ലോ സെൽസോ ഇറങ്ങിയത്.

64-ാം മിനുട്ടിൽ ലോതാറോ മാർട്ടിനസിനു പകരം വന്ന എയ്ഞ്ചൽ ഡിമരിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മെസ്സിക്കും അഗ്വേറോക്കുമൊപ്പം ഭീഷണിയുയർത്തുന്ന വലിയ നീക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടു. അതേസമയം, 85-ാം മിനുട്ടിൽ അഗ്വേറോക്കു പകരം വന്ന പൗളോ ഡിബാല കിട്ടിയ അവസരത്തിൽ കാണികളെ കയ്യിലെടുത്തു.

പ്രതിരോധത്തിൽ അർജന്റീന പാലിച്ച അച്ചടക്കമാണ് ഈ വിജയത്തിലെ സുപ്രധാന രഹസ്യം. മുന്നേറ്റനിരയിൽ മെസ്സി കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ കൂടുതൽ ഗോൾ പിറന്നേനെ. കരുത്തരായ ബ്രസീലിനെ നേരിടുമ്പോൾ മധ്യനിരയിലെ കളിയായിരിക്കും നിർണായകമാവുക. വിങ് ബാക്കുകൾ കയറിക്കളിച്ചാൽ ഡിഫൻസ് പൊളിയുമെന്നതിനാൽ വെനിസ്വേലക്കെതിരെ പുലർത്തിയ അതേ ശൈലി തന്നെയാവും സ്‌കലോനി അവലംബിക്കുക. അതേസമയം, ഗോൾ കണ്ടെത്താൻ മെസ്സിയുടെയും അഗ്വേറോയുടെയും വ്യക്തിഗത മികവിനെയും നന്നായി ആശ്രയിക്കേണ്ടി വരും. ഡിബാലക്ക് കുറച്ചധികം സമയം അനുവദിച്ചാൽ ടിറ്റേയുടെ ടീമിനെതിരെ ശക്തമായൊരു മത്സരം കാഴ്ചവെക്കാൻ അർജന്റീനക്കു കഴിയും.

Cricket

ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം, കുല്‍ദീപിനും പ്രസിദ് കൃഷ്ണയ്ക്കും നാല് വിക്കറ്റ്

സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള്‍ ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.

ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്‍ബിന്‍ ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Continue Reading

Sports

സഞ്ജുവിന് അര്‍ധ സെഞ്ച്വറി; കേരളത്തിനെതിരെ ആന്ധ്രയ്ക്ക 120 റണ്‍സ് വിജയലക്ഷ്യം

ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍…

Published

on

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 120 റണ്‍സ് വിജയലക്ഷ്യം. സഞ്ജു 56 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി. ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. നിധീഷ് എം ഡിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ നാലാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റ് നഷ്ടമായി. രാജുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍ ആറ് റണ്‍സുമായി മടങ്ങി. കൃഷ്ണ പ്രസാദ് (5), അബ്ദുള്‍ ബാസിത് (2), സല്‍മാന്‍ നിസാര്‍ (5), ഷറഫുദ്ദീന്‍ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ബിജു നാരായണന്‍ (7) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഒരറ്റം തകര്‍ന്നപ്പോഴും പിടിച്ചു നിന്ന സഞ്ജുവിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും എട്ട് ഫോറുമുണ്ടായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റുള്ള് ആന്ധ്ര പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സങ്ങളില്‍ 12 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്തും തുടരുകയാണ്. ഇന്ന് ജയിച്ചാല്‍ മാത്രമെ കേരളത്തിന് അടുത്ത റൗണ്ടില്‍ പ്രതീക്ഷ വെക്കേണ്ടതൊള്ളൂ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

Continue Reading

Football

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു

നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.

Published

on

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.

ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.

വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.

അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.

മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.

48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.

Continue Reading

Trending