Connect with us

Video Stories

ആരോഗ്യ മേഖല കുട്ടിക്കളിയല്ല

Published

on


ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഏതൊരു ജീവന്റെയും അടിസ്ഥാന ഘടകം. ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പറയേണ്ടതില്ല. അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ആരോഗ്യ-ആതുര ശുശ്രൂഷാസംവിധാനങ്ങള്‍ രാജ്യത്തെ സകല പൗരന്മാരിലേക്കും എത്തിപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ തന്നെയാണ് ആരോഗ്യ മേഖല സമ്പന്നരുടെ മാത്രം കേളീരംഗമാക്കപ്പെടുകയാണെന്ന പരാതിയും ഉയരുന്നത്. ഇതോടൊപ്പംതന്നെയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ മേഖലയെ ‘മേടിക്കല്‍’ മേഖലയാക്കി മാറ്റാനുള്ള സ്ഥാപിത തല്‍പരരുടെ ഇംഗിതത്തിന് വഴങ്ങുകയാണെന്ന പരാതിയും. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലും രാജ്യത്തെ നിലവിലെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരവുമാണ് പ്രസ്തുത ചോദ്യങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബില്‍ 48നെതിരെ 260 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും ആതുര രംഗത്തെ സേവകരുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്താകമാനം അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് ബില്ലിനെതിരെ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗങ്ങളൊഴികെയുള്ളവയെല്ലാം സ്തംഭിക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്.
ജൂലൈ 22ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍-2019 ലോക്‌സഭയുടെ പരിഗണനക്കായി അവതരിപ്പിച്ചത്. ബില്ലിനെതിരെ കഴിഞ്ഞ ഏതാനുംമാസങ്ങളായി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. അവരുന്നയിക്കുന്ന പ്രധാന പരാതി ബില്‍ നിയമമായാല്‍ രാജ്യത്തെ ആധുനിക ചികില്‍സാരംഗത്തിന് മരണമണി മുഴങ്ങുമെന്നാണ്. അത്തരത്തിലുള്ള വ്യവസ്ഥകളാണ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അലോപ്പതി മേഖലയെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവര്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെപോലെ പ്രാക്ടീസ് ചെയ്യാമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിലോമകരമായിട്ടുള്ളത്. ഇത് അനുവദിക്കപ്പെട്ടാല്‍ ഏത് മുറിവൈദ്യനും രാജ്യത്ത് രോഗികളെ ചികില്‍സിക്കാനും തെറ്റുപറ്റിയാല്‍ കാലപുരിക്കയക്കാനും കഴിയും. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ കോളജുകളിലുമായി അഞ്ചര മുതല്‍ ആറു വര്‍ഷംവരെ കഠിനമായി പഠിച്ചും അഭ്യസിച്ചും നേടുന്ന മെഡിക്കല്‍ ബിരുദത്തിന് പകരമായി ഈ രംഗത്തേക്ക് മുറിവൈദ്യന്മാരെ കോട്ടിട്ട് അയക്കുന്നതിനുപിന്നില്‍ അന്തര്‍ദേശീയ മരുന്നു ലോബിയെ സംശയിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 1000-1 എന്ന രോഗി-ഡോക്ടര്‍ മാനദണ്ഡം പാലിക്കാന്‍ രാജ്യത്തിനിന്നും കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നിലവിലുള്ള ഡോക്ടര്‍മാരെ ഗ്രാമ പ്രദേശങ്ങളിലേക്കും മറ്റും വിന്യസിച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുപകരം വയറു വേദനക്ക് മുണ്ഡനം ചെയ്യുന്ന വിദ്യ പരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
വിദേശങ്ങളില്‍ നിന്നടക്കം മെഡിക്കല്‍ ബിരുദം സമ്പാദിച്ചെത്തുന്നവരുടെ ഭാവി സേവനത്തിന് എക്‌സിറ്റ് പരീക്ഷ എന്ന കടമ്പ മാത്രം വെക്കുന്നതിനെതിരെയും പരാതിയുണ്ട്. ഇക്കൂട്ടര്‍ക്ക് മതിയായ പരിശീലനമോ യോഗ്യതയോ ഉണ്ടാകുമെന്ന് എങ്ങനെയാണ് ഒരൊറ്റ പരീക്ഷയിലൂടെ മാത്രം നിശ്ചയിക്കാനാകുക. പി.ജി കോഴ്‌സിനും ഈ പരീക്ഷ മതിയാകുമത്രെ. 2017ലാണ് സുപ്രീംകോടതി രാജ്യത്തൊട്ടാകെ ബാധകമാകുന്ന രീതിയില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകീകൃതമാക്കിയത്. എന്നിട്ടും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇന്നും അനഭിലഷണീയമായ പല പ്രവണതകളും തുടരുന്നുണ്ടെന്നതാണ് സത്യം. ബില്‍ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ മെറിറ്റിലുള്ള കുട്ടികള്‍ക്കായി കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസത്തിന് നീക്കിവെക്കുമെന്നത് അഭികാമ്യമാണെങ്കിലും കേരളത്തിലേതുപോലെ താരതമ്യേന കുറഞ്ഞ ഫീസുള്ള സംസ്ഥാനങ്ങളെ അഖിലേന്ത്യാതലത്തിലേക്ക് ബന്ധിപ്പിക്കുന്നത് ഇവിടുത്തെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിലങ്ങാകും. ഇവരില്‍ പലര്‍ക്കും പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണ് മെഡിക്കല്‍ കോളജുകളും വിദ്യാര്‍ത്ഥികളും. പല മെഡിക്കല്‍ കോളജുകള്‍ക്കും മതിയായ സൗകര്യമില്ലാതെതന്നെ പ്രവര്‍ത്തനാനുമതി നല്‍കുന്നത് അഴിമതിക്ക് വഴിവെക്കുന്നു. ഇതേതുടര്‍ന്നാണ് 2010ല്‍ മെഡിക്കല്‍ കൗണ്‍സില്‍തന്നെ പിരിച്ചുവിടപ്പെട്ടത്.
പുതിയ ബില്ലിനെതിരായ വിമര്‍ശനങ്ങളില്‍ മറ്റൊന്ന് സംസ്ഥാനങ്ങളുടെ നിലവിലെ പ്രവേശനാധികാരത്തില്‍ കേന്ദ്രത്തിന്റെ കൈകടത്തലുണ്ടാകുമെന്നുള്ളതാണ്. ഇതിനും കേന്ദ്രം വ്യക്തമായ മറുപടിപറയുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തെ (1956) മറികടന്നുകൊണ്ടാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. ഇതില്‍ നിയമിക്കപ്പെടുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആളുകളായിരിക്കും. ഇതിനെ ഫെഡറല്‍ സംവിധാനത്തിനുനേര്‍ക്കുള്ള ഭീഷണിയാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ പുനര്‍ചിന്തിപ്പിച്ചിട്ടില്ല. എന്തുവന്നാലും നിയമനിര്‍മാണവുമായി മുന്നോട്ടുപോകുമെന്നുള്ള സര്‍ക്കാര്‍ നീക്കം ഏത് ലോബിക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും തുറന്നുപറയണം.
വരുംകാലം മഹാമാരികളുടേതായിരിക്കുമെന്നാണ് എബോള പോലുള്ള മാരക വൈറസ് രോഗങ്ങള്‍ ഇന്ത്യയില്‍ പടരാനുള്ള സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ തരുന്ന മുന്നറിയിപ്പ്. ഇതിനെതിരെ കനത്ത ജാഗ്രത പാലിക്കേണ്ട സമയത്താണ് ഔഷധ ലോബിക്കു വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ തിടുക്കം. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന നീറുന്ന പ്രശ്‌നത്തെ ഇവ്വിധം ചര്‍വ്വിതചര്‍വിതമാക്കിയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ആദ്യത്തെ തെറ്റ്. ഇതിനകം നിരവധി പണിമുടക്കുകളാണ് മെഡിക്കല്‍ മേഖലയില്‍ ഏതാനും മാസങ്ങള്‍ക്കകം നടന്നത്. പക്ഷേ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലുള്ള സര്‍ക്കാര്‍ നീക്കം ജനായത്ത സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. കേരളത്തിലെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് വന്‍ ഫീസും മുഴുവന്‍ പഠനകാലത്തേക്കുള്ള ബാങ്ക് ഗ്യാരന്റിയും ആവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകാര്‍ നടത്തുന്ന വിലപേശലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുന്ന സ്ഥിതിയുണ്ട്. മേഖലക്കായി സമഗ്ര നിയമം വേണമെന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇതിനെ ലാഭക്കൊതിയന്മാരുടെ അവസരമാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമത്തെയാണ് ജനത ഒന്നിച്ചെതിര്‍ക്കേണ്ടത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending