Connect with us

Video Stories

കേരള പൊലീസിന്റെ സംഘ്പരിവാര്‍ ബാധ

Published

on

കേരള പൊലീസിന് അടുത്ത കാലത്തായി ബാധിച്ചിരിക്കുന്ന ‘ഭരണകൂട ഭീകരത’ പിന്തിരിപ്പന്മാരുടെ ആള്‍ക്കൂട്ടമായ സംഘ്പരിവാറിന്റെ മടിയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണോ എന്ന് ബലമായും സംശയിക്കേണ്ടി വന്നിരിക്കുന്നു. നിലമ്പൂരില്‍ രണ്ട് സി.പി.ഐ മാവോയിസ്റ്റ് തീവ്രവാദികള്‍ നവംബര്‍ 24ന് രാത്രി വെടിയേറ്റു കൊല്ലപ്പെട്ട സഭവവും ദേശീയഗാനം സംബന്ധിച്ച അറസ്റ്റുകളും മതപണ്ഡിതനെതിരെ എടുത്ത കേസുമൊക്കെ കേരള പൊലീസിന് പൊടുന്നനെ എന്തു സംഭവിച്ചു എന്ന ചോദ്യമുയര്‍ത്തുന്നു. പരമാധികാര രാഷ്ട്രത്തിനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് 1967ല്‍ പാര്‍ലമെന്റ് പാസാക്കിയ അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട ്(യു.എ.പി.എ) സംസ്ഥാനത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ എതിരെ പ്രയോഗിക്കപ്പെടുന്നു. ഭരണ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിംലീഗും സി.പി.ഐയും യൂത്ത്‌ലീഗുമെല്ലാം പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നിരിക്കയാണ്. എന്നാല്‍ കള്ളന്‍ കപ്പലില്‍തന്നെ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. സി.പി.എം എതിര്‍ക്കുന്ന കേന്ദ്ര ഭരണകക്ഷിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങളെല്ലാം പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് അനുകൂലമാണെന്നത് വെറും യാദൃച്ഛികമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന നിലയും വന്നിരിക്കുന്നു.

മേയില്‍ അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയുടെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും പൊതുവെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പക്ഷത്താണെന്നാണ് അവകാശപ്പെട്ടുവരുന്നത്. ഇതനുസരിച്ചാണ് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് പറഞ്ഞത്. പകരം നിയമിച്ചത് സീനിയോരിറ്റിയില്‍ മൂന്നാം സ്ഥാനത്തുള്ള ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിനെയായിരുന്നു. തനിക്ക് ബെഹ്്‌റ ആകാന്‍ കഴിയില്ലെന്നായിരുന്നു മികച്ച സേവന ട്രാക്ക് റെക്കോര്‍ഡുള്ള സെന്‍കുമാറിന്റെ പ്രതികരണം. എന്നാല്‍ വൈകാതെ തന്നെ സെന്‍കുമാറിന്റെ പ്രസ്താവനയിലെ ധ്വനി തിരിച്ചറിയപ്പെടുന്ന വിധത്തിലായി സംസ്ഥാന പൊലീസ് സേനയിലെ കാര്യങ്ങളാകെ. നിലമ്പൂര്‍ സംഭവത്തിനു മുമ്പുതന്നെ കാസര്‍കോട്ടെ ഒരു മത പണ്ഡിതനെ വര്‍ഗീയ വൈരം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് കാട്ടി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഏതാണ്ടിതേ കാലത്തുതന്നെയാണ് മലപ്പുറത്തും പാലക്കാട്ടുമായി രണ്ട് സംഘ്പരിവാര്‍ തീവ്രവാദികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മതവൈരം പ്രസരിപ്പിച്ചത്. എന്നാലിവര്‍ക്കെതിരെ പിണറായിയുടെ പൊലീസ് പെറ്റി കേസുപോലും എടുക്കുകയുണ്ടായില്ല. കൊച്ചി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച മുംബൈ സ്വദേശികള്‍ ചെയ്തത് ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാനെത്തിയവര്‍ക്ക് ഭരണഘടനയനുസരിച്ച് അത് നല്‍കുക മാത്രമായിരുന്നു. മാവോയിസ്റ്റുകളെ പിടിച്ചുകൊണ്ടുവന്ന് പച്ചക്ക് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പറഞ്ഞത് ഭരണകക്ഷിയായ സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രനാണ്. എന്നാല്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തില്ലെന്ന അര്‍ഥഗര്‍ഭമായ പ്രസ്താവനയാണ് മുഖ്യമന്ത്രി പരസ്യമായി നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെയും ഈ പൊലീസ് വേട്ട ദൃശ്യമായി. കേരളം ഇതുവരെ കാണാത്ത രീതിയില്‍ സിനിമാശാലക്കകത്തുനിന്ന് രാത്രി പതിനഞ്ചോളം പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മലയാളത്തിന്റെ പ്രിയ സംവിധായകനുമായ കമലിനെതിരെയും ബി.ജെ.പി യുവജനസംഘടനയായ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വര്‍ഗീയ വിഷം ചീറ്റി മുദ്രാവാക്യം മുഴക്കുകയും അദ്ദേഹത്തിന്റെ വീടിനുനേര്‍ക്ക് പരാക്രമം നടത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ഒരു കേസ് പോലുമെടുക്കുകയുണ്ടായില്ല. കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ കമല്‍ സി ചാവറയെ ഫെയ്‌സ്ബുക്കില്‍ ദേശീയ ഗാനത്തെ അപലപിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സുഹൃത്ത് നദീറിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിഷേധം കനത്തതിനെതുടര്‍ന്ന് കമല്‍ സിക്കെതിരെയും നദീറിനെതിരെയുമുള്ള കേസ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിച്ചിരിക്കുകയാണ്.

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഈ കേസ്. മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ചെന്നു പറഞ്ഞാണ് കഴിഞ്ഞയാഴ്ച മുണ്ടൂര്‍ രാവുണ്ണിക്കെതിരെയും കേസെടുത്തത്. ഇതിലെല്ലാം യുവമോര്‍ച്ചക്കാരാണ് പരാതിയുമായി രംഗത്തുവരുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട്ട് കുറ്റിയാടിയില്‍ അകാരണമായി രാത്രി പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിനെതുടര്‍ന്ന് ദലിത് യുവതി ആത്മഹത്യ ചെയ്തത്. ഗാന്ധിജിയെയും ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, കല്‍ബുര്‍ഗി തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരെയും കൊന്ന് വായടപ്പിച്ച സംസ്‌കാരത്തിന്റെ വക്താക്കള്‍ തന്നെയാണ് ഇവിടെ കമലുമാരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. ഇതെല്ലാം കേട്ടയുടന്‍ നടപടിയെടുക്കാന്‍ പൊലീസെന്താ സംഘ്പരിവാറിന്റെ കര്‍സേവകരോ. കേരളം ഭരിക്കുന്നത് മോദിയല്ലെന്ന സാമാന്യബോധമെങ്കിലും പൊലീസിനുണ്ടാകേണ്ടിയിരിക്കുന്നു. പിണറായി വിജയന്റെ കേരള പൊലീസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ എസ്.എഫ്. ഐ കുട്ടികള്‍ വേണ്ടി വന്നിരിക്കുന്നുവെന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് തുണിയുരിഞ്ഞ നാണക്കേടല്ലാതെന്താണ്. കടപ്പുറത്ത് ഭരണകക്ഷിക്കാരനും കിട്ടി ബെഹ്്‌റയുടെ പൊലീസിന്റെ ‘തലോടല്‍’.

പൊലീസിനെ ഭരണകൂടത്തിന്റെ മര്‍ദനോപാധിയായി കാണുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകള്‍. ഉന്നത ബിരുദധാരികള്‍ അടങ്ങുന്ന കേരള പൊലീസിലെ 20 ശതമാനവും ക്രിമിനലുകളാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വഞ്ചന, മൂന്നാം മുറ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങള്‍ കാട്ടുന്ന കേരള പൊലീസിനെതിരെ പ്രതിവര്‍ഷം മുന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരുള്ള സേനയാണ് നമ്മുടേതെന്ന് കളമശേരിയില്‍ ഗുണ്ടാ കേസ് പ്രതിയായ സി.പി.എം ഏരിയാ സെക്രട്ടറിയെ പിടിക്കാന്‍ പാര്‍ട്ടി ഓഫീസിന് വെളിയില്‍ ചായ കുടിച്ചിരുന്ന കാക്കിധാരികളുടെ കാര്യത്തില്‍ നാം കണ്ടതാണ്. ‘ഞങ്ങടെ സര്‍ക്കാര്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് കുട്ടി സഖാക്കളെകൊണ്ട് വിളിപ്പിച്ച കാലം മുഖ്യമന്ത്രിയുടെ മനോവീര്യപ്രസ്താവനയിലുണ്ടെങ്കിലും വി.എസിന്റെ ചോദ്യം മറിച്ചാണ്. എന്തിന്റെ പേരിലായാലും പതിറ്റാണ്ടുകളായി കേരളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ -പൗരാവകാശങ്ങള്‍ക്കും മതേതര സാംകാരിക പരിസരത്തിനും മേലെയാകരുത് സംഘികളുടെയും പൊലീസിന്റെയും തേര്‍വാഴ്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending