Video Stories
കേരള പൊലീസിന്റെ സംഘ്പരിവാര്‍ ബാധ
കേരള പൊലീസിന് അടുത്ത കാലത്തായി ബാധിച്ചിരിക്കുന്ന ‘ഭരണകൂട ഭീകരത’ പിന്തിരിപ്പന്മാരുടെ ആള്‍ക്കൂട്ടമായ സംഘ്പരിവാറിന്റെ മടിയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണോ എന്ന് ബലമായും സംശയിക്കേണ്ടി വന്നിരിക്കുന്നു. നിലമ്പൂരില്‍ രണ്ട് സി.പി.ഐ മാവോയിസ്റ്റ് തീവ്രവാദികള്‍ നവംബര്‍ 24ന് രാത്രി വെടിയേറ്റു കൊല്ലപ്പെട്ട സഭവവും ദേശീയഗാനം സംബന്ധിച്ച അറസ്റ്റുകളും മതപണ്ഡിതനെതിരെ എടുത്ത കേസുമൊക്കെ കേരള പൊലീസിന് പൊടുന്നനെ എന്തു സംഭവിച്ചു എന്ന ചോദ്യമുയര്‍ത്തുന്നു. പരമാധികാര രാഷ്ട്രത്തിനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് 1967ല്‍ പാര്‍ലമെന്റ് പാസാക്കിയ അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട ്(യു.എ.പി.എ) സംസ്ഥാനത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ എതിരെ പ്രയോഗിക്കപ്പെടുന്നു. ഭരണ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിംലീഗും സി.പി.ഐയും യൂത്ത്‌ലീഗുമെല്ലാം പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നിരിക്കയാണ്. എന്നാല്‍ കള്ളന്‍ കപ്പലില്‍തന്നെ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. സി.പി.എം എതിര്‍ക്കുന്ന കേന്ദ്ര ഭരണകക്ഷിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങളെല്ലാം പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് അനുകൂലമാണെന്നത് വെറും യാദൃച്ഛികമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന നിലയും വന്നിരിക്കുന്നു.
മേയില്‍ അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയുടെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും പൊതുവെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പക്ഷത്താണെന്നാണ് അവകാശപ്പെട്ടുവരുന്നത്. ഇതനുസരിച്ചാണ് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് പറഞ്ഞത്. പകരം നിയമിച്ചത് സീനിയോരിറ്റിയില്‍ മൂന്നാം സ്ഥാനത്തുള്ള ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിനെയായിരുന്നു. തനിക്ക് ബെഹ്്‌റ ആകാന്‍ കഴിയില്ലെന്നായിരുന്നു മികച്ച സേവന ട്രാക്ക് റെക്കോര്‍ഡുള്ള സെന്‍കുമാറിന്റെ പ്രതികരണം. എന്നാല്‍ വൈകാതെ തന്നെ സെന്‍കുമാറിന്റെ പ്രസ്താവനയിലെ ധ്വനി തിരിച്ചറിയപ്പെടുന്ന വിധത്തിലായി സംസ്ഥാന പൊലീസ് സേനയിലെ കാര്യങ്ങളാകെ. നിലമ്പൂര്‍ സംഭവത്തിനു മുമ്പുതന്നെ കാസര്‍കോട്ടെ ഒരു മത പണ്ഡിതനെ വര്‍ഗീയ വൈരം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് കാട്ടി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഏതാണ്ടിതേ കാലത്തുതന്നെയാണ് മലപ്പുറത്തും പാലക്കാട്ടുമായി രണ്ട് സംഘ്പരിവാര്‍ തീവ്രവാദികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മതവൈരം പ്രസരിപ്പിച്ചത്. എന്നാലിവര്‍ക്കെതിരെ പിണറായിയുടെ പൊലീസ് പെറ്റി കേസുപോലും എടുക്കുകയുണ്ടായില്ല. കൊച്ചി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച മുംബൈ സ്വദേശികള്‍ ചെയ്തത് ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാനെത്തിയവര്‍ക്ക് ഭരണഘടനയനുസരിച്ച് അത് നല്‍കുക മാത്രമായിരുന്നു. മാവോയിസ്റ്റുകളെ പിടിച്ചുകൊണ്ടുവന്ന് പച്ചക്ക് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പറഞ്ഞത് ഭരണകക്ഷിയായ സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രനാണ്. എന്നാല്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തില്ലെന്ന അര്‍ഥഗര്‍ഭമായ പ്രസ്താവനയാണ് മുഖ്യമന്ത്രി പരസ്യമായി നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെയും ഈ പൊലീസ് വേട്ട ദൃശ്യമായി. കേരളം ഇതുവരെ കാണാത്ത രീതിയില്‍ സിനിമാശാലക്കകത്തുനിന്ന് രാത്രി പതിനഞ്ചോളം പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മലയാളത്തിന്റെ പ്രിയ സംവിധായകനുമായ കമലിനെതിരെയും ബി.ജെ.പി യുവജനസംഘടനയായ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വര്‍ഗീയ വിഷം ചീറ്റി മുദ്രാവാക്യം മുഴക്കുകയും അദ്ദേഹത്തിന്റെ വീടിനുനേര്‍ക്ക് പരാക്രമം നടത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ഒരു കേസ് പോലുമെടുക്കുകയുണ്ടായില്ല. കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ കമല്‍ സി ചാവറയെ ഫെയ്‌സ്ബുക്കില്‍ ദേശീയ ഗാനത്തെ അപലപിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സുഹൃത്ത് നദീറിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിഷേധം കനത്തതിനെതുടര്‍ന്ന് കമല്‍ സിക്കെതിരെയും നദീറിനെതിരെയുമുള്ള കേസ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിച്ചിരിക്കുകയാണ്.
മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഈ കേസ്. മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ചെന്നു പറഞ്ഞാണ് കഴിഞ്ഞയാഴ്ച മുണ്ടൂര്‍ രാവുണ്ണിക്കെതിരെയും കേസെടുത്തത്. ഇതിലെല്ലാം യുവമോര്‍ച്ചക്കാരാണ് പരാതിയുമായി രംഗത്തുവരുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട്ട് കുറ്റിയാടിയില്‍ അകാരണമായി രാത്രി പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിനെതുടര്‍ന്ന് ദലിത് യുവതി ആത്മഹത്യ ചെയ്തത്. ഗാന്ധിജിയെയും ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, കല്‍ബുര്‍ഗി തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരെയും കൊന്ന് വായടപ്പിച്ച സംസ്‌കാരത്തിന്റെ വക്താക്കള്‍ തന്നെയാണ് ഇവിടെ കമലുമാരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. ഇതെല്ലാം കേട്ടയുടന്‍ നടപടിയെടുക്കാന്‍ പൊലീസെന്താ സംഘ്പരിവാറിന്റെ കര്‍സേവകരോ. കേരളം ഭരിക്കുന്നത് മോദിയല്ലെന്ന സാമാന്യബോധമെങ്കിലും പൊലീസിനുണ്ടാകേണ്ടിയിരിക്കുന്നു. പിണറായി വിജയന്റെ കേരള പൊലീസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ എസ്.എഫ്. ഐ കുട്ടികള്‍ വേണ്ടി വന്നിരിക്കുന്നുവെന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് തുണിയുരിഞ്ഞ നാണക്കേടല്ലാതെന്താണ്. കടപ്പുറത്ത് ഭരണകക്ഷിക്കാരനും കിട്ടി ബെഹ്്‌റയുടെ പൊലീസിന്റെ ‘തലോടല്‍’.
പൊലീസിനെ ഭരണകൂടത്തിന്റെ മര്‍ദനോപാധിയായി കാണുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകള്‍. ഉന്നത ബിരുദധാരികള്‍ അടങ്ങുന്ന കേരള പൊലീസിലെ 20 ശതമാനവും ക്രിമിനലുകളാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വഞ്ചന, മൂന്നാം മുറ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങള്‍ കാട്ടുന്ന കേരള പൊലീസിനെതിരെ പ്രതിവര്‍ഷം മുന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരുള്ള സേനയാണ് നമ്മുടേതെന്ന് കളമശേരിയില്‍ ഗുണ്ടാ കേസ് പ്രതിയായ സി.പി.എം ഏരിയാ സെക്രട്ടറിയെ പിടിക്കാന്‍ പാര്‍ട്ടി ഓഫീസിന് വെളിയില്‍ ചായ കുടിച്ചിരുന്ന കാക്കിധാരികളുടെ കാര്യത്തില്‍ നാം കണ്ടതാണ്. ‘ഞങ്ങടെ സര്‍ക്കാര്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് കുട്ടി സഖാക്കളെകൊണ്ട് വിളിപ്പിച്ച കാലം മുഖ്യമന്ത്രിയുടെ മനോവീര്യപ്രസ്താവനയിലുണ്ടെങ്കിലും വി.എസിന്റെ ചോദ്യം മറിച്ചാണ്. എന്തിന്റെ പേരിലായാലും പതിറ്റാണ്ടുകളായി കേരളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ -പൗരാവകാശങ്ങള്‍ക്കും മതേതര സാംകാരിക പരിസരത്തിനും മേലെയാകരുത് സംഘികളുടെയും പൊലീസിന്റെയും തേര്‍വാഴ്ച.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala3 days ago
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി
-
india2 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു